Connect with us

International

2016ല്‍ ആറര കോടി ജനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി അഭയാര്‍ഥികളായെന്ന് യു എന്‍

Published

|

Last Updated

യു എന്‍: 2016ല്‍ ആറര കോടി ജനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി അഭയാര്‍ഥികളായെന്ന് യു എന്‍. ഇന്ന് ഈ വര്‍ഷത്തെ ലോക അഭയാര്‍ഥി ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായാണ് യു എന്‍ ഏജന്‍സി ഈ കണക്ക് പുറത്ത് വിട്ടത്. 2015 അവസാനത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ ഇത് മൂന്ന് ലക്ഷത്തിന്റെ വര്‍ധനവാണ് കാണിക്കുന്നത്. മൊത്തം 6.56 കോടി പേര്‍ ഒന്നുകില്‍ ആഭ്യന്തരമായി ആട്ടിയോടിക്കപ്പെടുകയോ, അഭയാര്‍ഥി ക്യാമ്പുകളില്‍ അകപ്പെടുകയോ, വിദേശ രാജ്യത്ത് അഭയാര്‍ഥികളായിപ്പോകുകയോ ചെയ്തുവെന്ന് യു എന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ റഫ്യൂജീസ് (യു എന്‍ എച്ച് സി ആര്‍)വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ കണക്കെടുക്കാന്‍ തുടങ്ങിയ ശേഷം ഏറ്റവും റെക്കോര്‍ഡ് എണ്ണമാണ് 2016ല്‍ രേഖപ്പെടുത്തിയതെന്ന് യു എന്‍ എച്ച് സി ആര്‍ മേധാവി ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. വിവിധ പ്രതിസന്ധികള്‍ എത്രമാത്രം ആഴത്തിലുള്ളതാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ തടയുന്നതിനും പരിഹരിക്കുന്നതിനും കൂടുതല്‍ ശക്തമായ ഐക്യപ്പെടല്‍ അനിവാര്യമാണെന്നും ഇത് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം ഒരു കോടിയിലേറെപ്പേര്‍ ഭവനരഹിതരായി. 34 ലക്ഷം പേരാണ് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അഭയം തേടിപ്പോയത്. ഇതിനര്‍ഥം മൂന്ന് സെക്കന്‍ഡിനുള്ളില്‍ ഒരാള്‍ സ്വന്തം കിടപ്പാടവും മണ്ണും ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ്. സിറിയ, ഇറാഖ്, കൊളംബിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആഭ്യന്തര അഭയാര്‍ഥികള്‍ ഉണ്ടായത്. അഭയാര്‍ഥിക്യാമ്പുകളില്‍ അകപ്പെട്ടത് 2.25 കോടി പേരാണ്. ഇതില്‍ പകുതിയും കുട്ടികളാണ്.
സിറിയയിലെ ആറ് വര്‍ഷം നീണ്ട സംഘര്‍ഷത്തില്‍ 55 ലക്ഷം പേരെയാണ് മറ്റ് രാജ്യങ്ങളില്‍ അഭയാര്‍ഥികളായി ചെല്ലാന്‍ നിര്‍ബന്ധിതരാക്കിയത്. കഴിഞ്ഞ വര്‍ഷം മാത്രം ഇത് 8,2500 വരും. ഇവിടെ 3,20,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അത്യന്തം പരിതാപകരമായ നിലയുള്ള മറ്റൊരു രാജ്യം ദക്ഷിണ സുഡാന്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും പുതിയ രാജ്യമായ ദക്ഷിണ സുഡാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണത്തില്‍ 85 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇവിടെ നിന്ന് കൂടുതല്‍ പേരും ഉഗാണ്ടയിലേക്കാണ് പലായനം ചെയ്യുന്നത്. ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സുഡാനില്‍ നിന്ന് വേര്‍പെട്ട ഈ രാജ്യത്ത് ജീവിതം അസഹ്യമാക്കുകയാണ്.