നിയമം കൈയിലെടുക്കാന്‍ ജനങ്ങളെ അനുവദിക്കാതെ പള്ളി ഇമാം

Posted on: June 20, 2017 10:59 am | Last updated: June 20, 2017 at 10:50 am

ലണ്ടന്‍: പ്രകോപിതരായ ജനക്കൂട്ടത്തിനിടയില്‍ നിന്ന് അക്രമിയെ രക്ഷിച്ച് പോലീസിലേല്‍പ്പിക്കാന്‍ മുന്‍കൈയെടുത്ത് പള്ളി ഇമാം മാതൃകയായി. വിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടും സംയമനം പാലിച്ച് ഇമാം മുഹമ്മദ് മഹ്മൂദ് അക്രമിയെ സംരക്ഷിക്കുകയായിരുന്നു. പോലീസ് എത്തുന്നത് വരെ ഇമാമിന്റെ നിയന്ത്രണത്തിലായിരുന്നു അക്രമി. മുഴുവന്‍ മുസ്‌ലിംകളെയും കൊന്നൊടുക്കുമെന്ന് ഇയാള്‍ ആക്രോശിച്ചപ്പോള്‍ ജനങ്ങള്‍ അക്രമാസക്തരായിരുന്നു.

എന്നാല്‍, ഇയാളെ തൊട്ടുപോകരുതെന്ന് ഇമാം ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനക്കൂട്ടത്തില്‍ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് ഇമാമും സഹായികളും അക്രമിയെ രക്ഷിച്ചത്. ഇമാമിന്റെ ഇടപെടലിനെ പോലീസ് അധികൃതര്‍ അഭിനന്ദിച്ചു.