നാമെന്തിന് ജീവിക്കുന്നു?

Posted on: June 20, 2017 6:24 am | Last updated: June 19, 2017 at 11:49 pm

ഒരാള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണിത്. ഇതിന് തൃപ്തികരമായ ഉത്തരം പറയാനാകാത്തവന്‍ പിന്നെ ജീവിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഈ ചോദ്യത്തിനു നമ്മുടെ ജീവിതം നല്‍കുന്ന ഒരു മറപുടിയുണ്ടാകും. അത് വെച്ച് നമുക്കൊന്നാലോചിച്ചു നോക്കാം. ചിലരുടെ ജീവിതം സമ്പത്ത് സമാഹരിക്കുന്നതിന് വേണ്ടി മാറ്റിവെച്ചതായി കാണാം. സ്വശരീരവും കുടുംബവുമൊക്കെ മറന്ന് കഠിനാധ്വാനം ചെയ്യുന്നു. ഒരു കട തുടങ്ങി. പിന്നെ രണ്ടാമതൊന്ന്. പിന്നെയും തുടങ്ങി പുതിയതൊന്ന്. അങ്ങനെ നൂറും അതിലധികവുമായി അയാളുടെ സാമ്രാജ്യം വളരുന്നു. ഇനി എവിടെയാണിത് അവസാനിക്കുന്നത്? സമ്പാദിച്ചതെല്ലാം വിട്ട് അയാള്‍ ഈ ലോകത്തോട് വിട പറയുന്നു. ചിന്തിച്ചു നോക്കൂ, ഇതായിരുന്നോ അയാളുടെ ജീവിത ലക്ഷ്യം? ആയിരുന്നെങ്കില്‍, ഈ സമ്പത്ത് സ്ഥായിയായി ഉപയോഗിക്കാനും അനുഭവിക്കാനും അയാള്‍ക്ക് സാധിക്കേണ്ടതല്ലേ?

മറ്റു ചിലര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായിരിക്കും. രാപ്പകലില്ലാതെ ഓട്ടമാണ്. ചിലര്‍ക്ക് വാര്‍ഡ് മെമ്പറോ മറ്റു ചിലര്‍ക്ക് എം പിയോ മന്ത്രിയോ അത്യപൂര്‍വം ചിലര്‍ക്ക് പ്രധാനമന്ത്രിയോ ആകാന്‍ കഴിഞ്ഞേക്കാം. ഒരായുസ്സ് നല്‍കി നേടുന്ന ഈ സ്ഥാനങ്ങളുടെ ആയുസ്സെത്രയാണ്? എത്ര പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമുണ് ഇപ്പോഴും ജയിലില്‍ കഴിയുന്നത്? എത്ര പേര്‍ വധിക്കപ്പെട്ടു? ഈ ഭൗതിക ലോകത്തെ ഒരധികാരവും സ്ഥിര സ്വഭാവമുള്ളതല്ല. അവ വിട്ടൊഴിയേണ്ടിവരികയോ മരണത്തിന് കീഴടങ്ങേണ്ടി വരികയോ ചെയ്യും.

ഇനിയും ആലോചിക്കൂ. എത്രയോ നിരപരാധികളെ കൊന്നു തള്ളിയ ഭരണാധികാരികളുണ്ടായിട്ടുണ്ട്. ഭീകരന്മാരുടെ ക്രൂര വിനോദങ്ങളില്‍ പൊലിഞ്ഞ ജീവനുകളെത്രയാണ്? ആ ചോരക്ക് ആരാണ് ഈ ലോകത്ത് പകരം ചോദിക്കുക? ഇനി ഈ കൊലയാളികളെ നിയമത്തിന്റെ പിടിയില്‍ എത്തിച്ച് ശിക്ഷിച്ചാല്‍ തന്നെ ജീവന്‍ നഷ്ടപ്പെട്ടവരുടെ ജീവന് പകരമാകുമോ?
ഈ ലോകത്ത് ജനിച്ചെങ്കിലും പെറ്റുപോറ്റിയ മാതാപിതാക്കളേയും സ്വന്തം ഭാര്യാ സന്താനങ്ങളെയും പോലും ഒരു നോക്ക് കാണാന്‍ സാധിക്കാത്ത അന്തന്മാര്‍ എന്തു തെറ്റിന്റെ പേരിലാണ് ഈ അനുഗ്രഹം തടയപ്പെട്ടത്? എന്തെല്ലാം കേട്ടാസ്വദിക്കാനുണ്ട് ഈ ഭൂമിയില്‍? ഇതുവരെ ഒരു ശബ്ദവും കേള്‍ക്കാനാവാത്ത വരില്ലേ? അവര്‍ക്കുള്ള ആഗ്രഹങ്ങള്‍ ആര് സ്വാധിപ്പിച്ചു കൊടുക്കും? ഇവിടെയാണ് ഒരു വസ്തുത നാം മനസ്സിലാക്കുന്നത്. ഈ ഭൗതിക ലോകം ഒരു പരീക്ഷാ ഹാള്‍ മാത്രമാണ്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമ്പോള്‍ പരാജയപ്പെടുന്നവര്‍ക്ക് നരകജീവിതമാകും ലഭിക്കുക.

പ്രപഞ്ചത്തിലെ ഏത് സൃഷ്ടിക്കും ഒരായുസ്സുണ്ട്. ഒരു തേനീച്ച ആറാഴ്ചകാലം ജീവിക്കുമ്പോള്‍, ഒരു നാടന്‍ കോഴി രണ്ട് വര്‍ഷം വരെ ജീവിക്കുന്നു. ഒരാട് ആറോ ഏഴോ വര്‍ഷം ജീവിക്കുമ്പോള്‍ ഒരു മനുഷ്യന്‍ അറുപതോ എഴുപതോ കൊല്ലം നിലനില്‍ക്കുന്നു. ഇതുപോലെ, ഓരോ സൃഷ്ടിക്കും അതിന്റെ ഘടനയനുസരിച്ച് അല്ലാഹു നല്‍കിയ ഒരു കാലം കഴിഞ്ഞാല്‍ അവ നശിക്കുന്നു. ഇപ്രകാരം നാം താമസിക്കുന്ന ഈ ഭൂമിയും ചന്ദ്രനും സൂര്യനുമെല്ലാം ഒരു നിശ്ചിത ആയുസ്സുണ്ടാകും. അത് കഴിഞ്ഞാല്‍ അവ നശിക്കുക തന്നെ ചെയ്യും. പിന്നീട് വരുന്ന പരലോകമാണ് വിചാരണയുടെ ലോകം. നന്മ ചെയ്തവര്‍ക്ക് അര്‍ഹമായ അംഗീകാരവും കുറ്റവാളികള്‍ക്ക് അവരര്‍ഹിക്കുന്ന ശിക്ഷയും ലഭിക്കുന്ന നീതിയുടെ ലോകം. ഇങ്ങനെ ഒരു ലോകമില്ലെങ്കില്‍ ഈ ജീവിതത്തിന് എന്തര്‍ഥമാണുള്ളത്?

റമസാന്‍ അവസാനത്തിലെ പത്ത് ദിനരാത്രങ്ങള്‍ ഈ വിശ്വാസത്തെയാണ് കൂടുതല്‍ ചിന്തിപ്പിക്കുന്നത്. ദുന്‍യാവിലെ പരീക്ഷ ജയിച്ച് സ്വര്‍ഗം ലഭിക്കണം. നരകത്തില്‍ നിന്ന് രക്ഷപ്പെടണം. ഇതിനായി വിശ്വാസികള്‍ മനസ്സുരുകി, കണ്ണ് നനഞ്ഞ് പ്രാര്‍ഥിക്കുന്നതാണ് ഈ അവസാന പത്തിലെ പ്രധാന കാഴ്ച.

ജാതി മത വ്യത്യാസമന്യേ മനുഷ്യര്‍ക്ക് നാല് മോഹങ്ങളുണ്ട്. ഇത് നിഷേധിക്കാന്‍ ആരുടെയും മനസ്സ് തയ്യാറാവുകയില്ല. ഒന്ന് മരിക്കാതെ ജീവിക്കണം എന്നതാണെങ്കില്‍, ആരോഗ്യം എന്നെന്നും നിലനില്‍ക്കുക, യുവത്വം നഷ്ടപ്പെടാതെയും വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളില്ലാതെയും ജീവിക്കുക. എന്നെന്നും സുഭിക്ഷമായി സൗകര്യങ്ങളോടെ കഴിയുക എന്നിവയാണ് മറ്റുള്ളവ. ഇത് നേടുമ്പോള്‍ മാത്രമാണ് മനുഷ്യജീവിതം സാര്‍ഥകമാകുന്നത്. ഇത് പക്ഷേ, ഈ ഭൗതിക ലോകത്ത് അസാധ്യമാണ്.

എന്നാല്‍, സ്വര്‍ഗത്തിലെത്തുന്നതോടെ ഈ നാല് കാര്യങ്ങളും നമുക്ക് സാധിച്ചുകിട്ടുന്നു. ഇതുകൊണ്ടാണ് മനുഷ്യന്റെ ജീവിത ലക്ഷ്യം സ്വര്‍ഗം നേടുക എന്നതാണെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നത്. അതിനായി വിശ്വാസികള്‍ സത്കര്‍മങ്ങളില്‍ വ്യാപൃതരാകുന്നതും.