Connect with us

Articles

ഭാഷാ ന്യൂനപക്ഷങ്ങളും കര്‍ണാടക ലയനവാദവും

Published

|

Last Updated

ഏറെക്കാലം സജീവമായിരിക്കുകയും പിന്നീട് അവസാനിപ്പിക്കുകയും ചെയ്ത കാസര്‍കോട് -കര്‍ണാടക ലയനവാദം വീണ്ടും ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ വിഷയത്തില്‍ കേരള, കര്‍ണാടക സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകുകയാണ്. കാസര്‍കോടിനെ കര്‍ണാടകയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അവിടുത്തെ സര്‍ക്കാറിന് വലിയ താത്പര്യമൊന്നുമില്ല. സാംസ്‌കാരിക വൈവിധ്യങ്ങളുടെ വിളനിലമായ കാസര്‍കോട് എന്ന സപ്തഭാഷാ സംഗമഭൂമിയെ കേരളം കര്‍ണാടകക്ക് വിട്ടുകൊടുക്കാനും പോകുന്നില്ല. എന്നാല്‍ കേരളത്തിനും കര്‍ണാടക്കുമിടയില്‍ ഒരു അസ്വാരസ്യം സൃഷ്ടിക്കാന്‍ ഈ ആവശ്യം ഉയര്‍ത്തിയുള്ള നിരന്തരമായ പ്രതിഷേധ പരിപാടികള്‍ക്ക് സാധിക്കുമെന്ന വസ്തുത നിസ്സാരമല്ല. കന്നഡ ഭാഷയുടെ പേരില്‍ കാസര്‍കോട്ട് ഇതിനു മുമ്പ് നടന്ന പ്രക്ഷോഭങ്ങള്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്തിട്ടുണ്ട്. കര്‍ണാകടകയുടെ ഭാഗമായിരുന്ന കാസര്‍കോടിന്റെ വടക്കന്‍ പ്രദേശങ്ങള്‍ കേരള സംസ്ഥാനരൂപവത്കരണത്തിനു ശേഷം കേരളത്തില്‍ ഉള്‍പ്പെടുകയായിരുന്നു. കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന കാസര്‍കോടിന് പിന്നീട് ജില്ലാപദവി ലഭിച്ചെങ്കിലും സര്‍ക്കാറുകള്‍ ഈ അതിര്‍ത്തി ജില്ലയെ എന്നും അവഗണിച്ചുകൊണ്ടേയിരുന്നു. കാസര്‍കോട് ജില്ല യാതൊരു പരിഗണനയും ലഭിക്കാതെ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഭാഷാന്യൂനപക്ഷങ്ങള്‍ എത്രമാത്രം പരിഗണനകള്‍ക്കര്‍ഹരാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഭാഷാന്യൂനപക്ഷങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന ആരോപണമുയര്‍ത്തി കന്നഡ ഭാഷയുടെ പേരിലുള്ള സംഘടനകള്‍ ഇപ്പോള്‍ സമരപാതയിലാണ്. അവര്‍ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക രക്ഷണ വേദികെയുടെ നേതൃത്വത്തില്‍ ബന്ദ് നടത്തുകയുണ്ടായി. കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയതിനെതിരെയും കാസര്‍കോടിനെ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ബന്ദ്. കേരള രജിസ്‌ട്രേഷനുള്ള വാഹനങ്ങളെല്ലാം സമരക്കാര്‍ അതിര്‍ത്തിയില്‍ തടഞ്ഞു. സമരം അക്രമാസക്തമായതോടെ പോലീസ് ശക്തമായി ഇടപെട്ടതുകൊണ്ട് വലിയ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. ജൂണ്‍ 12ന് ഇതേ ആവശ്യം ഉന്നയിച്ച് കര്‍ണാടക ബന്ദും നടന്നു. കര്‍ണാടകയില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ച് അവിടുത്തെ സംഘടനകള്‍ ലക്ഷ്യം നേടിയെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു.

കേരളത്തിലെ കന്നഡ മീഡിയം വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയിലെ കന്നഡഭാഷാ സംരക്ഷണസമിതി നിലവില്‍ സമരത്തിലാണ്. സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടന്നു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇതിനുശേഷം സമരം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. കര്‍ണാടക ബന്ദിലൂടെ പ്രശ്‌നം സജീവമാക്കുകയായിരുന്നു സമരക്കാരുടെ ലക്ഷ്യം. എന്നാല്‍ കന്നഡജനതയുടെ വികാരത്തെ ഉത്തേജിപ്പിക്കുന്ന ഒരു പ്രതിഷേധമാര്‍ഗമായി ഈ ബന്ദ് മാറിയില്ല. ബംഗളൂരുവും മംഗളൂരുവും ഉള്‍പ്പെടെ നഗരങ്ങളില്‍ ബന്ദ് കാര്യമായ പ്രതികരണങ്ങളൊന്നും ഉളവാക്കിയില്ല. ചിലയിടങ്ങളില്‍ പ്രതിഷേധം അതിരുവിട്ടിരുന്നു. ഭാഷാവികാരം ആളിക്കത്തിച്ച് കേരളത്തിനെതിരെ പ്രതിഷേധം തിരിച്ചുവിടാന്‍ അവിടുത്തെ ചില സംഘടനകള്‍ കൊണ്ടുപിടിച്ച ശ്രമവും നടത്തുന്നുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവും തമിഴ്‌നാടും കാവേരി നദീജലപ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഭാഷാവിരോധത്തിലേക്കുവരെ നീളുന്ന സംഘര്‍ഷങ്ങളായി പരിണമിച്ചിട്ടുണ്ട്. അത് താത്കാലികമാണെങ്കില്‍ പോലും സംഘര്‍ഷ സമയങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കടുത്തതാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികുടുംബങ്ങളും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. കേരള, തമിഴ്‌നാട് അതിര്‍ത്തി വഴിയുള്ള ഗതാഗതം പോലും താറുമാറായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും മലയാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് പലായനം ചെയ്യേണ്ട അവസ്ഥയും ഉടലെടുത്തിരുന്നു. കാവേരി നദീജല പ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ടായ കലാപങ്ങളില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കത്തിക്കുകയും അക്രമങ്ങളും കൊള്ളകളും അരങ്ങേറുകയും ചെയ്തതിന്റെ ഓര്‍മകള്‍ രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളെ ഇന്നും വേട്ടയാടുന്നുണ്ട്. ഇതിനു സമാനമായ സാഹചര്യം കേരളത്തിനും കര്‍ണാടകക്കുമിടയില്‍ ഇപ്പോഴില്ലെങ്കിലും അവസരം കാത്തുനില്‍ക്കുന്ന ശക്തികള്‍ ഇടപെടല്‍ ശക്തമാക്കിയാല്‍ ആശങ്കപ്പെടേണ്ട വിഷയം തന്നെയാണിത്. കര്‍ണാടകയിലെ മലയാളികളുടെ ജീവിതം ഇതോടെ അരക്ഷിതാവസ്ഥയിലാകും. ദക്ഷിണ കര്‍ണാടകയില്‍ നിരവധി മലയാളികുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മംഗളൂരു, ഉഡുപ്പി, കാര്‍ക്കള, സുള്ള്യ, മടിക്കേരി ഭാഗങ്ങളിലെല്ലാം സ്ഥിരതാമസമാക്കി തൊഴില്‍ ചെയ്യുന്ന മലയാളികുടുംബങ്ങള്‍ ഏറെയാണ്.
പത്തു വര്‍ഷം മുമ്പുവരെ ലയന ആവശ്യവും അതുമായി ബന്ധപ്പെട്ട സമരപരിപാടികളും ശക്തമായിരുന്നു. സമരത്തിന്റെ പേരില്‍ പലപ്പോഴും അക്രമങ്ങള്‍ നടന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മലയാളം നിര്‍ബന്ധമാക്കിയതോടെ മറ്റ് മീഡിയങ്ങളെ പോലെ കന്നഡ മീഡിയവും ഇതിന്റെ പരിധിയില്‍ വരികയായിരുന്നു. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കന്നഡമീഡിയം സ്‌കൂളുകളുള്ളത്. കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക ഭാഗങ്ങളിലാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലും. 50 ശതമാനത്തോളം വരുന്ന കന്നഡ ഭാഷക്കാര്‍ ഇവിടങ്ങളില്‍ താമസിക്കുന്നുണ്ട്. കാസര്‍കോട്ടും നല്ലൊരു ശതമാനം കന്നഡികരുണ്ട്. ജില്ലയില്‍ 150 ലേറെ കന്നഡമീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. ഇവിടങ്ങളിലെല്ലാം മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കി. എന്നാല്‍ കന്നഡികരായ വിദ്യാര്‍ഥികള്‍ മലയാളം പഠിക്കണമെന്ന് നിര്‍ദേശിക്കുന്നത് ഭാഷാന്യൂനപക്ഷത്തിനെതിരെയുള്ള പീഡനമാകുന്നതെങ്ങനെയെന്ന ചോദ്യവുമുയരുന്നുണ്ട്. കന്നഡ ഭാഷയോടൊപ്പം മലയാളവും പഠിക്കുന്നത് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ പ്രയോജനങ്ങളായിരിക്കും ഉണ്ടാക്കുക. കേരളത്തിലെ ഉന്നതമായ സര്‍ക്കാര്‍ തസ്തികകളിലും മെച്ചപ്പെട്ട മറ്റ് തൊഴില്‍ മേഖലകളിലും മലയാളാഭാഷാപ്രാവീണ്യം കന്നഡികരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണകരമായിത്തീരും. സ്വന്തം ഭാഷയോടുള്ള സ്‌നേഹവും ആഭിമുഖ്യവും മറ്റ് ഭാഷകളെ നിരാകരിക്കാനുള്ള ഘടകങ്ങളായി മാറുന്നത് ആശാവഹമല്ല. പ്രത്യേകിച്ചും മറ്റൊരു ഭാഷാസംസ്‌കാരമുള്ള സംസാഥാനത്ത് താമസിച്ചുപഠിക്കുമ്പോള്‍ സ്വന്തം ഭാഷ മാത്രമേ പഠിക്കൂവെന്ന് ശഠിക്കുന്നതില്‍ ഒരു ന്യായവും കാണാനാകുന്നില്ല. എന്നാല്‍, ഒരു ഭാഷ പഠിക്കാന്‍ താത്പര്യമില്ലെങ്കില്‍ അത് അടിച്ചേല്‍പ്പിക്കുന്നതുകൊണ്ട് കാര്യമില്ലെന്നതും വസ്തുതയാണ്.

കാസര്‍കോട് ജില്ലയുടെ പിന്നാക്കാവസ്ഥയില്‍ ഇവിടത്തെ ഭാഷാന്യൂനപക്ഷങ്ങള്‍ തികച്ചും അസംതൃപ്തരാണെന്നാണ് കന്നഡഭാഷാസംരക്ഷണസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനവര്‍ നിരത്തുന്ന ഉദാഹരണങ്ങള്‍ തള്ളാവുന്നതുമല്ല. അത്യന്താധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും ജില്ലയിലില്ല. സ്വന്തമെന്നുപറയാന്‍ ഒരു മെഡിക്കല്‍ കോളജുപോലുമില്ലാത്ത നാട്. നഷ്ടത്തിലോടുന്ന വ്യവസായ സ്ഥാപനങ്ങളും തൊഴില്‍സമരങ്ങള്‍ മൂലം പൂട്ടിയിടുന്ന ഫാക്ടറികളുമാണ് ഇവിടെയുള്ളത്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും വര്‍ഗീയസംഘര്‍ഷങ്ങളും കൊലപാതകങ്ങളും മൂലം മടുത്ത ജനങ്ങളില്‍ കന്നഡികരും മറ്റു ഭാഷക്കാരുമുണ്ട്. കര്‍ണാടകയുടെ കീഴിലുള്ളതും കാസര്‍കോട് ജില്ലയോട് ചേര്‍ന്നുകിടക്കുന്നതുമായ പ്രദേശങ്ങളുടെ വികസനവും അവിടത്തെ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതനിലവാരവും ഭൗതിക സാഹചര്യങ്ങളും ഉയര്‍ത്തിക്കാണിച്ചാണ് ലയനവാദത്തിന് ന്യായീകരണം കണ്ടെത്തുന്നത്. അത്യന്താധുനിക സൗകര്യങ്ങളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള മംഗളൂരു, ഉഡുപ്പി, മണിപ്പാല്‍ പ്രദേശങ്ങളുമായി കാസര്‍കോടിനെ താരതമ്യം ചെയ്താണ് ഭാഷാന്യൂനപക്ഷങ്ങള്‍ നിരാശ പ്രകടിപ്പിക്കുന്നത്. കര്‍ണാടകയില്‍ ലയിച്ചാല്‍ കാസര്‍കോട് കുതിച്ചുചാട്ടം നടത്തുമെന്ന കണക്കുകൂട്ടലാണ് അവര്‍ക്കുള്ളത്. കേരള സര്‍ക്കാര്‍ കാസര്‍കോടിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കാനും ഇവിടുത്തെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്താനും നടപടികള്‍ സ്വീകരിക്കണം. കാസര്‍കോട്ടുകാര്‍ക്ക് പനി വന്നാല്‍ പോലും ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രികളെയാണ് ആശ്രയിക്കേണ്ടത്. അത്രമാത്രം ദയനീയവും അപര്യാപ്തവുമായ ചികിത്സാമേഖലയാണ് കാസര്‍കോട്ടേത്. ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍ വണും ബാധിക്കുന്നവര്‍ക്ക് പ്രാഥമികചികിത്സ നല്‍കാന്‍ പോലും പ്രാപ്തിയില്ലാത്ത ആശുപത്രികളാണ് കാസര്‍കോട്ടുള്ളത്. കര്‍ണാടകയിലെ റോഡുകള്‍ ഗതാഗതം സുഗമമാക്കുമ്പോള്‍ ആദ്യമഴക്കു പോലും തകര്‍ന്ന് തരിപ്പണമാകുന്ന കാസര്‍കോട്ടെ റോഡുകളിലൂടെയുള്ള യാത്ര ദുഷ്‌കരവും അപകടം നിറഞ്ഞതുമാണ്. അതിര്‍ത്തി ജില്ലയായ കാസര്‍കോടിനെ പിറകോട്ടുതള്ളിയ അധികാരികള്‍ ഇവിടത്തെ ഭാഷാന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവരോട് കാണിച്ചത് കൊടിയ അനീതി തന്നെയാണ്. ഈ അനീതി ജില്ലയിലെ ജനങ്ങളോടുള്ള അധികാരികളുടെ പൊതുമനോഭാവവുമാണ്. ഇത്തരത്തിലുള്ള നിഷേധാത്മക നിലപാടുകള്‍ തിരുത്തിയാല്‍ കര്‍ണാടക ലയനവാദം ക്രമേണ ദുര്‍ബലപ്പെട്ടുവരും. തുളു, കൊങ്കിണി, മറാഠി ഭാഷക്കാര്‍ക്കും കാസര്‍കോട്ട് സ്വാധീനമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെ വോട്ടുബേങ്കുകളായി മാത്രമാണ് കാണുന്നതെന്ന ഭാഷാന്യൂനപക്ഷങ്ങളുടെ പരാതിയും കേട്ടില്ലെന്നുനടിക്കരുത്.

Latest