Connect with us

Malappuram

നശിച്ചുകൊണ്ടിരിക്കുന്ന ലൈബ്രറികളെ ഏറ്റെടുത്ത് മലയാള സര്‍വകലാശാല ലൈബ്രറി വിഭാഗം

Published

|

Last Updated

തിരൂരിലെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ലൈബ്രറി മന്ദിരം

മലപ്പുറം: ഒരു നാടിനെ വായിപ്പിച്ചും നശിച്ചുകൊണ്ടിരിക്കുന്ന ലൈബ്രറികളെ ഏറ്റെടുത്തും മാതൃകയാവുകയാണ് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ലൈബ്രറി വിഭാഗം. വെട്ടം പഞ്ചായത്തിലെ പടിയത്തുള്ള പബ്ലിക്ക് ലൈബ്രറിയാണ് പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് വേണ്ടി മലയാള സര്‍വകലാശാല ഏറ്റെടുത്തത്.

ഇവിടെ കമ്പ്യൂട്ടര്‍, പുസ്തകങ്ങള്‍, ലൈബ്രറിക്കാവശ്യമാണ് എല്ലാ ഉപകരണങ്ങളുടെയും ചെലവ് സര്‍വകലാശാല വഹിക്കും. അഞ്ച് ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചെലവിടുന്നത്. വിദ്യാര്‍ഥികള്‍ക്ക് പുറമെ പ്രദേശവാസികള്‍ക്കും ലൈബ്രറിയില്‍ സൗജന്യമായി അംഗത്വമെടുക്കാനുള്ള കര്‍മ പദ്ധതിയുമുണ്ട്. പ്രദേശവാസികളായ നൂറിലധികം അംഗങ്ങള്‍ ലൈബ്രറിയില്‍ നിലവില്‍ അംഗങ്ങളാണ്. വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കമായ പ്രദേശവാസികള്‍ക്ക് വായനയുടെ വാതായനങ്ങളാണ് സര്‍വകലാശാല ലൈബ്രറി തുറന്ന് കൊടുത്തിരിക്കുന്നത്. നാല് വര്‍ഷത്തോളമായി ലൈബ്രറിയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട്. 50,000 പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമുള്ള അത്യാധുനിക ലൈബ്രറിയാണ് ഇവിടെയുള്ളത്.
ആനുകാലികങ്ങള്‍, ജേണലുകള്‍, ഇ-ബുക്കുകള്‍, ഇ-ജേണലുകള്‍ എന്നിവക്ക് ലൈബ്രറിയില്‍ പ്രത്യേക വിഭാഗവുമുണ്ട്. പഴയ പുസ്തകങ്ങളെല്ലാം ഡിജിറ്റല്‍ ലൈബ്രറിയാക്കുന്ന പ്രവര്‍ത്തനം ഇവിടെ പുരോഗമിക്കുന്നുണ്ട്. 700 ഓളം പഴയ പുസ്തകങ്ങളാണ് ഡിജിറ്റിലാക്കുന്നത്. ചരിത്രം , മലയാളം, സാഹിത്യം തുടങ്ങിയവയാണ് ഇതിലുള്ളത്.

കേരളസാഹിത്യ അക്കാദമിയില്‍ നിന്നും ശേഖരിച്ച ആയിരത്തോളം അപുര്‍വ്വ പുസ്തകങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ചേര്‍ക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. “എന്റെ പുസ്തക ശേഖരം മലയാള സര്‍വകലാശാലക്ക്” എന്ന പദ്ധതിയിലൂടെ കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും വിദ്യാഭ്യാസ വിചക്ഷണരുമുള്‍പ്പെടെയുള്ളവര്‍ അവരുടെ പുസ്തകശേഖരങ്ങള്‍ സര്‍വകാലാശാലക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ അച്ചടിയില്‍ ഇല്ലാത്തതും അപൂര്‍വ്വങ്ങളുമായ രണ്ടായിരം പുസ്തകങ്ങള്‍ ഇപ്പോള്‍ ലൈബ്രറിയില്‍ ലഭ്യമാണ്.
ഡല്‍ഹിയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറി ഇന്ത്യയുടെ മുന്‍ മേധവിയായ കോഴിക്കോട് സ്വദേശി ജയരാജ് ആണ് മലയാള സര്‍വകലാശാല ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

Latest