Connect with us

Gulf

അന്താരാഷ്ട്ര യോഗ ദിനം; ഒരുക്കം പൂര്‍ത്തിയായതായി ഇന്ത്യന്‍ സ്ഥാനപതി

Published

|

Last Updated

അബുദാബി: മൂന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജൂണ്‍ 20ന് നാഷണല്‍ എക്‌സിബിഷന്‍ സെന്റ(അഡ്‌നിക്)റില്‍ നടക്കും. യോഗയുടെ പ്രാധാന്യം മുഴുവന്‍ കുടുംബങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടക്കുകയെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി പറഞ്ഞു. അബുദാബി നാഷണല്‍ എസ്‌കിബിഷന്‍ സെന്ററില്‍ ജൂണ്‍ 20ന് രാത്രി 10നാണ് പരിപാടികള്‍ ആരംഭിക്കുക. എട്ട് മണിയോടെ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. മൂന്ന് ഭാഗങ്ങളായാണ് യോഗ നടക്കുക. ഹാസ്യയോഗയിലൂടെ പങ്കെടുക്കുന്നവരില്‍ ചിരി പടര്‍ത്തിയാവും ആരംഭം. റമസാന്‍ മാസമായതിനാല്‍ മുസ്‌ലിംകള്‍ള്‍ക്കും പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് പരിപാടി രാത്രി സംഘടിപ്പിക്കുന്നത്. മുഖ്യ പരിപാടി തറാവീഹ് നമസ്‌കാരത്തിന് ശേഷമാണ് നടക്കുക. ഒന്‍പത് മണിക്ക് യോഗ ബോധവത്കരണം ഉദ്ദേശിച്ചുള്ള ചെറിയ പരിപാടികള്‍ സംഘടിപ്പിക്കും. ദൃഷ്ടി യോഗ, ധ്യാനം, സംസ്‌കൃത ശ്ലോക പാരായണം, പ്രധാനമന്ത്രിയുടെ സന്ദേശം വായിക്കല്‍, യോഗയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയാണ് ആദ്യം നടക്കുക.

മുഖ്യ പരിപാടികള്‍ പത്തിന് ആരംഭിക്കും. 40 മിനുട്ട് നീണ്ട് നിക്കുന്ന യോഗ പരിശീലനം നടക്കും. അബുദാബി സായിദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളടക്കം നിരവധി സ്വദേശികളെയും ഇത്തവണ പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു. യു എ ഇ സാംസ്‌കാരിക വൈജ്ഞാനിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, സഹിഷ്ണുതാ മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി തുടങ്ങിയവര്‍ ക്ഷണം സ്വീകരിച്ചതായും പരിപാടിയുടെ ഭാഗമാവുമെന്നും സ്ഥാനപതി വ്യക്തമാക്കി.

ജൂണ്‍ 22 വരെ നടക്കുന്ന ചടങ്ങുകളില്‍ ദുബൈ സബീല്‍ പാര്‍ക്, ബുര്‍ജ് ഖലീഫ പാര്‍ക്, അല്‍ നഹ്ദ ബുറാഹ്നീ കോംപ്ലക്‌സ്, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ യോഗ ആചരണം നടക്കും. ഇഷ ഫൗണ്ടേഷന്‍, ബ്രഹ്മ കുമാരീസ്, ആര്‍ട് ഓഫ് ലിവിംഗ് തുടങ്ങി യോഗയുമായി ബന്ധപ്പെട്ട സംഘടനകളാണ് യോഗ അവതരിപ്പിക്കുക. ആഗോളാടിസ്ഥാനത്തില്‍ യോഗയുടെ ജനപ്രീതി വര്‍ധിച്ചുവരികയാണ്. യു എ ഇയില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും. യോഗ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും പങ്കെടുക്കാം. യോഗയില്‍ വിദഗ്ധരായവര്‍ യു എ ഇയില്‍ തന്നെ ധാരാളമുണ്ട്. നിരവധി യോഗ സ്‌കൂളുകളാണ് രാജ്യത്തുള്ളത്. നിരവധി സ്വദേശി പൗരന്മാര്‍ യോഗ അഭ്യസിക്കുന്നവരാണ്. നിലവിലെ യു എ ഇ മന്ത്രിസഭയിലെ മന്ത്രിമാരില്‍ കുറഞ്ഞത് രണ്ട് പേരെങ്കിലും നിത്യവും യോഗ ചെയ്യുന്നവരാണ്. താനും യോഗ പരിശീലിക്കുന്നുണ്ടെന്നും അതിന്റെ ഗുണഫലം അനുഭവിക്കുന്നുണ്ടെന്നും സൂരി അറിയിച്ചു. പരിപാടിക്കെത്തുന്നവര്‍ക്ക് യോഗ മാറ്റ്, ടീ ഷര്‍ട്ട് എന്നിവ സമ്മാനിക്കും. അഡ്‌നികില്‍ സൗജന്യ പാര്‍കിംഗ് സംവിധാനമുണ്ടാകും. ഇംഗ്ലീഷ് ഭാഷയിലായിരിക്കും യോഗദിനാചരണത്തിലെ പരിപാടികള്‍.

Latest