രാഷ്ട്രപതി തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥിയെ അംഗീകരിക്കാതെ പ്രതിപക്ഷം

Posted on: June 19, 2017 5:15 pm | Last updated: June 20, 2017 at 9:11 am

ന്യൂഡല്‍ഹി: ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിനെ അനുകൂലിക്കാതെ പ്രതിപക്ഷം. രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമാണ് അറിയിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയത് ആര്‍എസ്എസ് അജന്‍ഡയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

ബിജെപി തീരുമാനം ഏകപക്ഷീയമാണെന്നും നിലപാട് പിന്നീട് അറിയിക്കുമെന്നും ശിവസേന പ്രതികരിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനം അദ്ഭുതപ്പെടുത്തി എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.
പ്രതിപക്ഷത്തിന് മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയില്ലെങ്കില്‍ കോവിന്ദയെ പിന്തുണയ്ക്കുമെന്ന് മായാവതി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് രാംനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയുമായും മന്‍മോഹന്‍ സിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളതെന്നും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞിരുന്നു.