ജൂണ്‍ 20ന് മുമ്പ് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെങ്കില്‍ പുതിയൊരാളെ കണ്ടെത്തുമെന്ന് സീതാറാം യെച്ചൂരി

Posted on: June 17, 2017 10:15 pm | Last updated: June 18, 2017 at 10:55 am

ന്യൂഡല്‍ഹി: ജൂണ്‍ 20ന് മുമ്പ് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷം പുതിയൊരാളെ കണ്ടെത്തുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷവുമായി രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് സമവായത്തിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ആരാണ് സ്ഥാനാര്‍ഥിയെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സൂചനകളൊന്നും നല്‍കിയിരുന്നില്ല. ഇയൊരു പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.

ജൂണ്‍ 20 വരെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുകയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേതരത്വവും റിപ്പബ്ലിക് സ്വഭാവും സംരക്ഷിക്കുന്ന ആളാണ് രാഷ്ട്രപതിയായി വേണ്ടതെന്നും യെച്ചൂരി എ.എന്‍.ഐ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ജൂലൈ 17 നാണ് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 28 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 20 നാണ് വോട്ടെണ്ണല്‍.