Connect with us

Kerala

വിദ്വേഷ പ്രസംഗം: സലഫി പ്രചാരകന്‍ ശംസുദ്ദീന്‍ പാലത്ത് റിമാന്‍ഡില്‍

Published

|

Last Updated

കോഴിക്കോട്: മതസ്പര്‍ധ പരത്തുന്ന രീതിയില്‍ വിവാദ പ്രസംഗം നടത്തിയ സലഫി പ്രചാരകന്‍ ശംസുദ്ദീന്‍ പാലത്ത് റിമാന്‍ഡില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച നെടുമ്പാശേരിയില്‍ വെച്ചാണ് ചേവായൂര്‍ സ്വദേശിയായ ശംസുദ്ദീന്‍ പിടിയിലായത്. ശംസുദ്ദീനെതിരെ നടക്കാവ് പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് നെടുമ്പാശേരിയില്‍ ഇയാള്‍ പിടിയിലായത്. ഒളിവിലായിരുന്ന ശംസുദ്ദീന്‍ ഉംറക്ക് പോകാനായി നെടുമ്പാശേരിയിലെത്തിയതായിരുന്നു. ശംസുദ്ദീനെ ഇന്നലെ കോഴിക്കോട്ട് എത്തിച്ച് നടക്കാവ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നാല്)യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തത് നടക്കാവ് പോലീസായതിനാല്‍ ശംസുദ്ദീനെ കോഴിക്കോട് സിറ്റി പോലീസിനു കൈമാറിയത്. ഐ പി സി 153 എ (ജമ്യമില്ലാ വകുപ്പ്) പ്രകാരമാണ് കേസ്. പ്രകോപനപരവും വര്‍ഗീയതക്ക് ഇടയാക്കുന്നതുമായ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2016 സെപ്തംബര്‍ ഏഴിന് കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് അറസ്റ്റ്. കാസര്‍കോട് ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി ശുക്കൂറായിരുന്നു പരാതി നല്‍കിയത്.
2016 സെപ്തംമ്പര്‍ ഏഴിന് കോഴിക്കോട് കാരപ്പറമ്പില്‍ നടന്ന പരിപാടിയില്‍ ശംസുദ്ദീന്‍ പാലത്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതിന്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. കേസിനാസ്പദമായ സംഭവം കോഴിക്കോട്ടാണ് നടന്നത് എന്നതിനാല്‍ കാസര്‍കോട് പോലീസ് നടക്കാവ് പോലീസിന് കേസ്

കൈമാറുകയായിരുന്നു. നടക്കാവ് സി ഐ. ടി കെ അശ്‌റഫാണ് കേസന്വേഷിച്ചിരുന്നത്. പ്രസംഗിച്ച സ്ഥലം പോലീസ് കണ്ടെത്തിയിയിരുന്നു. പരാതിക്കാരന്‍ നല്‍കിയ സി ഡി യിലെയും യൂട്യൂബില്‍ വന്ന പ്രസംഗവുമെല്ലാം അന്വേഷണസംഘം പരിശോധിച്ചിരുന്നു. നേരത്തെ ശംസുദ്ദീന്‍ പാലത്തിനെതിരെ യു എ പി എ ചുമത്തപ്പെട്ടെങ്കിലും പിന്നീട് ഇത് ചില സമ്മര്‍ദങ്ങള്‍ മൂലം പിന്‍വലിക്കുകയായിരുന്നു.