കരിപ്പൂര്‍ വഴി ഹജ്ജിന് പോകാന്‍ സൗകര്യമുണ്ടാക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തും: മുഖ്യമന്ത്രി

Posted on: June 16, 2017 2:23 pm | Last updated: June 16, 2017 at 2:23 pm

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകാന്‍ സൗകര്യമുണ്ടാക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി വീണ്ടും ആശയവിനിമയം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉറച്ച നിലപാടാണുള്ളത്. ആവശ്യമായ ഭൂമി ഏറ്റെടുത്തുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…..

കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകാന്‍ സൗകര്യമുണ്ടാക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി വീണ്ടും ആശയവിനിമയം നടത്തും. കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉറച്ച നിലപാടാണുള്ളത്. ആവശ്യമായ ഭൂമി ഏറ്റെടുത്തുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാണ്. കുറേക്കാലമായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇന്നത്തെ സ്ഥിതി വന്നതെന്നും മുസ്ലിം സംഘടനാപ്രതിനിധികളുമായുള്ള യോഗത്തില്‍ പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി ചര്‍ച്ചകള്‍ പരിശോധിക്കാന്‍ നിയോഗിച്ച പാലോളി കമ്മിറ്റി റിപ്പോര്‍ടിന്റെ ശുപാര്‍ശകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. മതനിരപേക്ഷതക്ക് വലിയ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അത് ശക്തിപ്പെടുത്തേണ്ടുന്ന നിലപാടാണ് എല്ലാവരും ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ടത്. വര്‍ഗീയതയെയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരു തരത്തിലും ഉണ്ടാവരുതെന്നും ഓര്‍മിപ്പിച്ചു.