Connect with us

Malappuram

അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വരുന്നവര്‍ കുട കൈയില്‍ കരുതണം

Published

|

Last Updated

പെരിന്തല്‍മണ്ണ: മഴക്കാലമായതോടെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ കുടചൂടി നില്‍ക്കേണ്ട ഗതികേടില്‍. രാജ്യറാണിയടക്കം ദിവസേന പതിനാല് തീവണ്ടിക ള്‍ കടന്നുപോകുന്ന നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയിലെ ഏറ്റവും വലിയ സ്റ്റേഷനായ അങ്ങാടിപ്പുറം സ്റ്റേഷനിലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് മുകളില്‍ മേല്‍ക്കൂരയോ യാത്രക്കാര്‍ക്ക് മഴയും വെ യിലും ഏല്‍ക്കാതെ വിശ്രമിക്കാ ന്‍ ഇരിപ്പിടമോ ഇല്ല.

ഇവിടെ ട്രെയിനിനായി കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ മഴപെയ്താല്‍ കുടയെ ആശ്രയിക്കുകയോ അല്ലെങ്കില്‍ മഴ നനയുകയോ വേണമെന്ന് മാത്രമല്ല ഈ പ്ലാറ്റ്‌ഫോം എഫ് സി ഐ ഗോഡൗണിനോട് ചേര്‍ന്നായതിനാല്‍ ഗോഡൗണിന് വെളിയില്‍ വീണുകിടക്കുന്ന ധാന്യങ്ങള്‍ മഴ വെള്ളത്തില്‍ കിടന്ന് അഴുകിയതിന്റെ ദുര്‍ഗന്ധവും സഹിക്കണം. കുടയുണ്ടെങ്കില്‍ തന്നെ ട്രെയിന്‍ കേറുന്ന സമയത്ത് അടക്കേണ്ടിവരുന്നതിനാല്‍ ഭാഗികമായി നനയുകയും ചെയ്യും. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാകട്ടെ ഉള്ളത് ചെറിയ മൂന്ന് മേല്‍ക്കൂരയും ഏതാനും ഇരിപ്പിടങ്ങളും മാത്രം. തിരുവനന്തപുരം ആര്‍ സി സിയിലേക്ക് പോവുന്നതും വരുന്നതുമായ രോഗികളടക്കം ഇവിടെയെത്തുന്ന ആയിരത്തോളം യാത്രക്കാരില്‍ രണ്ടാം പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നവര്‍ ട്രെയിന്‍ വരുന്നത് വരെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കാത്തിരിക്കുകയും ട്രെയിന്‍ വരുമ്പോള്‍ പാളം മുറിച്ച് കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലെത്തുകയുമാണ് പതിവ്.
മേല്‍ക്കൂരയും ഇരു പ്ലാറ്റ്‌ഫോമുകളെ കൂട്ടിച്ചേര്‍ക്കുന്ന ഫൂട്ട് ഓവര്‍ബ്രിഡ്ജും വേണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷനും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് മേല്‍ക്കൂര നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

 

---- facebook comment plugin here -----

Latest