കുട്ടികളുടെ വയസ്സ് നിര്‍ണയത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് മാത്രം

Posted on: June 16, 2017 9:15 am | Last updated: June 16, 2017 at 9:15 am

തിരുവനന്തപുരം: കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവരുടെ വയസ്സ് നിര്‍ണയിക്കുന്നതിന് 2014ലെ കേരള ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) നിയമത്തിലെ വ്യവസ്ഥകള്‍ മാത്രമേ പാലിക്കാവൂ എന്ന് വ്യക്തമാക്കി നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആവശ്യപ്പെട്ടു. സാമൂഹികനീതി വകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദേശം കുട്ടികളുടെ വയസ്സ് നിര്‍ണയിക്കുന്ന കാര്യത്തില്‍ പോലീസ് പാലിക്കണം. കുട്ടികളുടെ വയസ്സ് നിര്‍ണയിക്കുന്നതിന് ആധാര്‍, പാന്‍ കാര്‍ഡ് മുതലായ രേഖകള്‍ ആശ്രയിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ ഉത്തരവായി.

കുട്ടികളുടെ പ്രായം നിര്‍ണയിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ആണെന്ന് കേരള ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) നിയമം വ്യവസ്ഥ ചെയ്യുന്നു.
അത് ലഭ്യമല്ലെങ്കില്‍ മെട്രിക്കുലേഷന്‍ അഥവാ തത്തുല്യമായ സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കാം. ഈ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നില്ലെങ്കില്‍ കുട്ടി ആദ്യം പഠിച്ച സ്‌കൂളില്‍ നിന്നുളള (പ്ലേ സ്‌കൂള്‍ ഒഴികെ) ജനന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കണം. ഇവ മൂന്നും ലഭിക്കുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വിദഗ്‌ധോപദേശം തേടണമെന്നാണ് വ്യവസ്ഥ.