ഇഅ്തികാഫ് അന്യംനില്‍ക്കരുത്‌

Posted on: June 16, 2017 12:55 am | Last updated: June 15, 2017 at 10:57 pm

റമസാനിലെ അവസാന പത്തില്‍ ഇഅ്തികാഫില്‍ വ്യാപൃതരാകുന്നവര്‍ നമ്മുടെ പള്ളികളില്‍ സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അല്ലാഹുവിന്റെ സാമീപ്യം കൊതിച്ച് തിരക്ക് പിടിച്ച ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്ന് ഇലാഹീ സ്മരണയിലും ഇബാദത്തിലും മുഴുകി വിശ്വാസികള്‍ പള്ളിയില്‍ ധ്യാനിച്ചിരിക്കുന്ന സുവര്‍ണ കാലഘട്ടമായിരുന്നു അത്. ആത്മീയ വളര്‍ച്ചക്കും വ്യക്തിത്വ വികസനത്തിനും ആരാധനകള്‍ വര്‍ധിപ്പിക്കാനുമുള്ള അനര്‍ഘ അവസരം. അനിയന്ത്രിതമായി ജീവിതം തള്ളി നീക്കുന്ന ആധുനിക സമൂഹത്തെ ശുദ്ധികലശം വരുത്താനും സ്വത്വത്തെ തന്നെ പുതുക്കിപ്പണിയാനും സാധിക്കുന്ന ഒരു ആയോധന മുറയായി വേണം അതിനെ വിലയിരുത്താന്‍. ഭൗതിക ജീവിതത്തിന്റെ ജീര്‍ണതകളെയും പാപക്കറ പുരണ്ട മനസ്സുകളെയും ദൈവീക ഉപാസന കൊണ്ട് മറികടക്കാനുള്ള കഴിവും കരുത്തും ലഭിക്കുന്ന പുണ്യകര്‍മം കൂടിയാണ് ഇഅ്തികാഫ്.

തിരുനബി (സ) പറയുന്നത് കാണുക. ‘ഇഅ്തികാഫ് അനുഷ്ഠിക്കുന്നവന് തെറ്റുകുറ്റങ്ങള്‍ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുക തന്നെ ചെയ്യും. ഇഅ്തികാഫിലാകുമ്പോള്‍ മുഴുവന്‍ സല്‍കര്‍മങ്ങളും ചെയ്യുന്നവനെപ്പോലെ തന്റെ പേരില്‍ ധാരാളം സല്‍കര്‍മങ്ങള്‍ എഴുതപ്പെടാന്‍ അത് ഇടയാക്കുകയും ചെയ്യും (ഹദീസ് ഇബ്‌നു മാജ, 1781)
ദുഃഖകരമെന്ന് പറയട്ടെ, ഇഅ്തികാഫിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അതിശ്രേഷ്ടമായ അവസാന പത്തില്‍ പോലും അപ്രധാന്യത്തോടെയാണ് അതിനെ ആളുകള്‍ കാണുന്നത്. ആരാധനകളില്‍ നിന്ന് ഇഅ്തികാഫ് അന്യംനില്‍ക്കുമോ എന്ന് ആശങ്കപ്പെടേണ്ട അവസ്ഥയാണിന്ന്. പള്ളിയുടെ അകത്തളങ്ങളില്‍ ആകര്‍ഷകമായ ഇഅ്തികാഫിന്റെ ബോര്‍ഡുകള്‍ സ്ഥാപിച്ചുവെന്നല്ലാതെ ഇഅ്തികാഫിന് ആളുകളെ കാണാനില്ല.
തിരുനബി (സ)യും അനുചരന്മാരും റമസാനിലെ അവസാന പത്ത് ദിവസങ്ങളില്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. വഫാത്തിന്റെ വര്‍ഷം അവിടുന്ന് ഇരുപത് ദിവസത്തോളം ഇഅ്തികാഫിലായിരുന്നുവെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. റമസാനിലെ ഇഅ്തികാഫിന്റെ പ്രാധാന്യം വിവരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്. ‘ഒരാള്‍ റമസാനില്‍ പത്ത് ദിവസം ഇഅ്തികാഫ് അനുഷ്ഠിച്ചാല്‍ അതവന് രണ്ട് ഹജ്ജും ഉംറയും നിര്‍വഹിച്ചതിന് തുല്യമാണ്. ( ത്വബ്‌റാനി- കബീര്‍ 2888)
ഇഅ്തികാഫ് ഒരിക്കലും അപ്രത്യക്ഷമാകാന്‍ അനുവദിച്ചുകൂടാ. പള്ളി ഇമാമുമാരും കമ്മിറ്റി ഭാരവാഹികളും സംഘടനാ സാരഥികളും നേതൃത്വം നല്‍കി അത് പുനഃസ്ഥാപിച്ചേ പറ്റൂ. അതിനുള്ള അസുലഭാവസരമാണിത്.
‘നിസ്‌കാരത്തിലെ നിര്‍ബന്ധമായ അടക്കത്തേക്കാള്‍ കൂടുതല്‍ സമയം നിശ്ചിത നിയ്യത്തോടെ പള്ളിയില്‍ താമസിക്കുന്നതിനാണ് മതത്തിന്റെ സാങ്കേതിക ഭാഷയില്‍ ഇഅ്തികാഫ് എന്ന് പറയുന്നത്. ഇത് ഐഛിക പുണ്യ കര്‍മമാണ്. റമസാനില്‍ പ്രത്യേക സുന്നത്തും.