International
ഉഭയകക്ഷി പ്രശ്‌നം ഉന്നയിക്കരുതെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും ചൈന

ബീജിംഗ്്: ഷാംഗ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ് സി ഒ) പുതുതായി അംഗത്വം ലഭിച്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായ ഭിന്നത സംഘടനയുടെ ഐക്യത്തെ ഉലച്ചേക്കുമെന്ന ആശങ്ക ചൈന തള്ളി. അതേസമയം, ഉഭയകക്ഷി വിഷയങ്ങള്‍ എസ് സി ഒയില്‍ ഉയര്‍ത്തിക്കൊണ്ടുവരരുതെന്ന കര്‍ശന നിര്‍ദേശം ഇന്ത്യക്കും പാക്കിസ്ഥാനും ചൈന നല്‍കുകയും ചെയ്തു. എസ് സി ഒയുടെ സ്ഥാപക അംഗം എന്ന നിലയില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും അതില്‍ അംഗമാക്കിയതില്‍ സന്തോഷമുണ്ടെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി കോംഗ് സുവാന്‍യു പറഞ്ഞു.
ഇന്ത്യയെയും പാക്കിസ്ഥാനെയും അംഗങ്ങളായി പ്രഖ്യാപിക്കുന്നതിന് എസ് സി ഒയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് ഗോഖലെ, പാക് അംബാസഡര്‍ മസൂദ് ഖാലിദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ കസാഖിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍ നടന്ന എസ് സി ഒ ഉച്ചകോടിയിലാണ് ഇന്ത്യയെയും പാക്കിസ്ഥാനെയും സംഘടനയില്‍ അംഗങ്ങളാക്കാന്‍ തീരുമാനമായത്. കസാഖിസ്ഥാന്‍, റഷ്യ, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ എന്നിവരാണ് ഇതില്‍ അംഗങ്ങളായ മറ്റ് രാജ്യങ്ങള്‍. അംഗ രാജ്യങ്ങള്‍ തമ്മില്‍ പങ്കിട്ടെടുക്കുന്ന അധ്യക്ഷ സ്ഥാനം ഇത്തവണ കസാഖിസ്ഥാനില്‍ നിന്ന് ചൈന ഏറ്റെടുക്കുകയായിരുന്നു.