Eranakulam
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടി

കൊച്ചി: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിച്ചതായി മന്ത്രി കെ കെ ശൈലജ. ഡങ്കിപ്പനി മൂലം ഇതുവരെ സംസ്ഥാനത്ത് 10 പേര്‍ മരിച്ചു. എച്ച് വണ്‍ എന്‍ വണ്‍ മൂലം മരിച്ചവരുടെ എണ്ണം 30 ആണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം വരെ 10 ലക്ഷം ആളുകളാണ് പനിക്ക് ചികിത്സ തേടിയെത്തിയത്. ഈ വര്‍ഷമത് 11 ലക്ഷത്തിലെത്തിയിട്ടുണ്ട്.
പടര്‍ന്നുപിടിക്കുന്നുണ്ടെങ്കിലും പനി നിയന്ത്രണവിധേയണമാണന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് പനിബാധിതരുടെ എണ്ണം കൂടുതല്‍. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഈ വര്‍ഷം പനിബാധിതരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരുവരാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തില്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ട്. മൂന്ന് കൊല്ലം കൂടുമ്പോള്‍ കൊതുകുകള്‍ വര്‍ധിക്കുന്നതാണിതിന് കാരണം. ഇത് മുന്നില്‍ കണ്ട് ആരോഗ്യവകുപ്പ് കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തദേശസ്ഥാപനങ്ങള്‍ പുലര്‍ത്തിയ അലംഭാവമാണ് പനി പടരുവാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജനുവരി മുതല്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം പൂര്‍ണമായും പാലിക്കാത്ത പഞ്ചായത്തുകളിലും നഗരസഭകളിലുമാണ് പനി പടര്‍ന്ന് പിടിച്ചിരിക്കുന്നത്. രോഗം പടര്‍ന്ന് പിടിക്കുമ്പോള്‍ ആരോഗ്യ വകുപ്പ് കാര്യമായ ഇടപെടലുകള്‍ നടത്തിയില്ലെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെണ്. പനി ബാധിതര്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഡെങ്കി, എച്ച് വണ്‍ എന്‍ വണ്‍ മൂലമുണ്ടാകുന്ന മരണ നിരക്ക് നിയന്ത്രിക്കുവാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടുണ്ട്. പനി പകരുവാന്‍ സാധ്യത മുന്നില്‍ കണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ ആരംഭിച്ചതുേപാലെ ജില്ലാ ആശുപത്രികളിലും പനി വാര്‍ഡുകള്‍ ആരംഭിക്കും. തിരുവനന്തപുരം എസ് ഐ ടി മാത്രകയില്‍ ഒ പി നവീകരണം, എല്ലാ ആശുപത്രികളിലേക്കും നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു.
ആരോഗ്യവകുപ്പ് രോഗികള്‍ക്ക് നല്‍കുന്ന പ്ലേറ്റ്ലറ്റുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു. നോമ്പ് കാലമായതിനാല്‍ രക്തം ദാനം ചെയ്യുന്നവരുടെ എണ്ണത്തില്‍ ചെറിയതോതില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ തരണം ചെയ്യുവാനുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്രമീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി രഹിത കേരളമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്സിനുകള്‍ എടുക്കന്നതില്‍ ഒരുവിഭാഗം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രവൃത്തികളെ മതമേലധ്യക്ഷന്മാരുടെ സഹകരണത്തോടെ നേരിടുമെന്നും മന്ത്രി പറഞ്ഞു.