മതം പറഞ്ഞ് കീഴ്ജീവനക്കാരനെ അധിക്ഷേപിച്ചു; ബേങ്ക് മാനേജര്‍ അറസ്റ്റില്‍

Posted on: June 15, 2017 8:17 pm | Last updated: June 15, 2017 at 8:17 pm

ദുബൈ: കീഴ്ജീവനക്കാരന്റെ മതം അടിസ്ഥാനമാക്കി അധിക്ഷേപിച്ച ബേങ്ക് മാനേജര്‍ അറസ്റ്റില്‍.
ബെംഗളൂരു സ്വദേശിയുടെ പരാതിപ്രകാരം ഒരു ഗോവക്കാരനാണ് അറസ്റ്റിലായത്. ഉംറ നിര്‍വഹിക്കാന്‍ അവധി ചോദിച്ചതാണത്രെ മാനേജരെ ചൊടിപ്പിച്ചത്. കഅബയെ പ്രദക്ഷിണം ചെയ്യുന്നതിന് പകരം തന്റെ വില്ലയെ ചുറ്റിനടന്നാല്‍ മതിയെന്ന് മാനേജര്‍ പറഞ്ഞതായി ജീവനക്കാരന്‍ കുറ്റപ്പെടുത്തി. നിരവധി പേരുടെ മുമ്പില്‍ വെച്ചാണ് അധിക്ഷേപിച്ചത്.

മാത്രമല്ല, ലണ്ടനില്‍ ഭീകരാക്രമണം നടത്തിയത് മുസ്‌ലിംകള്‍ ആണെന്ന് പറഞ്ഞു പരിഹസിക്കുകയും ചെയ്തു. ബര്‍ ദുബൈ പൊലീസാണ് അറസ്റ്റു ചെയ്തത്. ഏത് മതത്തെ അധിക്ഷേപിച്ചാലും യു എ ഇ യില്‍ തടവും പിഴയും ലഭിക്കും.
വിവേചന വിരുദ്ധ നിയമപ്രകാരമാണ് ശിക്ഷ. ചുരുങ്ങിയത് ആറു മാസവും കൂടിയത് പത്തു വര്‍ഷവുമാണ് തടവ്. 50000 ദിര്‍ഹം മുതല്‍ ഇരുപത് ലക്ഷം വരെയാണ് പിഴ.