സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് യുവതി

Posted on: June 15, 2017 5:25 pm | Last updated: June 16, 2017 at 9:54 am

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് യുവതി. ഇക്കാര്യം വ്യക്തമാക്കി യുവതി എഴുതിയതെന്ന് കരുതുന്ന കത്ത് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. സംഭവത്തിന് പിന്നില്‍ പോലീസ് ആണെന്നും ഗൂഢാലോചനയുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു. ഗംഗേശാനന്ദ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ഹാജരാക്കിയ കത്ത് തന്റേത് തന്നെയെന്നും യുവതി പിന്നീട് പ്രതികരിച്ചു.

കത്തിൽ പറയുന്ന പ്രസക്ത ഭാഗങ്ങൾ : ഞാൻ ഗംഗേശാനന്ദ സ്വാമിക്ക് മകളെ പോലെയാണ്. 16ാം വയസ്സ് മുതല്‍ പീഡിപ്പിച്ചെന്ന ആരോപണം പോലീസ് കെട്ടിച്ചമച്ചതാണ്. അയ്യപ്പദാസ് എന്നയാളെ തനിക്കും കുടുംബത്തിനുമെന്ന പോലെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്. ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യപ്പാദാസാണ് തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍, അയ്യപ്പദാസും മനു എന്ന മനോജ് മുരളിയും അജി എന്ന അജിത് കുമാറും ചേര്‍ന്നുള്ള പദ്ധതിയാണെന്ന് പിന്നീടാണ് മനസിലായത്.

തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്ത് മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർ പിന്നീട് എന്റെ ഒപ്പു കൂടി ചേർത്തു. അതേ ദിവസം തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി തന്നെ കണ്ട് കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും ഗംഗേശാനന്ദയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടെന്നും കത്തില്‍ യുവതി പറയുന്നു. വീട്ടുകാരെ കാണാന്‍ അനുവദിച്ചതുമില്ല. മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും കഥ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചതായി യുവതി കത്തിൽ കൂട്ടിച്ചേർത്തു.