മുജാഹിദ് ഐക്യം പൊളിയുന്നു ; അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍ രാജിവെച്ചു

Posted on: June 15, 2017 11:50 am | Last updated: June 15, 2017 at 11:50 am

മലപ്പുറം : സിഹ്‌റ് (മാരണം) ഫലിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഐക്യമുജാഹിദിനുള്ളില്‍ വിഭിന്ന സ്വരം. ഈ വിഷയത്തില്‍ മുജാഹിദ് പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഐക്യമുജാഹിജ് വിഭാഗം സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍ സ്ഥാനം രാജിവെച്ചു. സിഹ്ര്‍ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ പണ്ഡിത സഭ തീരുമാനമെടുക്കുന്നത് വരെ ആരും ചര്‍ച്ച നടത്തരുതെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ മെയ് 23ന് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ യോഗത്തില്‍ എടുത്ത തീരുമാനം വ്യക്തതയില്ലാത്തതും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ആരോപിച്ച് ഇതില്‍ പങ്കെടുത്ത ഇദ്ദേഹവും അലി മദനി മൊറയൂരും മിനുട്‌സില്‍ ഒപ്പ് വെച്ചിരുന്നില്ല.

തുടര്‍ന്ന് ഇക്കഴിഞ്ഞ പതിനൊന്നിന് ചേര്‍ന്ന കെ എന്‍ എം യോഗത്തിന് ശേഷം പ്രസിഡന്റ് അബ്ദുല്ലക്കോയ മദനിക്ക് അബ്ദുലത്വീഫ് കരുമ്പിലാക്കല്‍ രാജിക്കത്ത് നല്‍കുകയായിരുന്നു.
നേരത്തെ മടവൂര്‍ വിഭാഗക്കാരനായിരുന്ന കരുമ്പിലാക്കല്‍ ഔദ്യോഗിക വിഭാഗത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. മുജാഹിദ് ഐക്യശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അഞ്ച് അംഗ സമിതിയില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍ രണ്ട് പേരും. സിഹ്‌റ് മഹാപാപമാണെന്നും അത് ചെയ്യുന്നതും ചെയ്യിക്കുന്നതും ഹറാമാണെന്നായിരുന്നു അന്നെടുത്ത പ്രധാന തീരുമാനം. ഇത് സംബന്ധിച്ച് കെ എന്‍ എം ഔദ്യോഗിക സര്‍ക്കുലര്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പുറത്തിറക്കിയിരുന്നു.

സിഹ്‌റ് ഒരു വസ്തുതയാണെന്നും ഇതിന് പ്രതിഫലനം ഉണ്ടാകാമെന്ന വിശ്വാസം ശിര്‍ക്കാണ് എന്നും പറയുന്ന സര്‍ക്കുലറില്‍ അവ്യക്തമായ വിധത്തിലുള്ള പ്രതിഫലനമുണ്ടാകാമെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കല്ല എന്നും പറയുന്നുണ്ട്. എന്നാല്‍, ഇതൊരു പ്രബോധന വിഷയമാക്കാന്‍ പാടില്ല. സിഹ്‌റിന്റെ കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ സാധാരണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുന്ന തരത്തിലോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രബോധകര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെ ഇതിനെ എതിര്‍ത്ത് വലിയൊരു വഭാഗം രംഗത്ത് വന്നിട്ടുണ്ട്.