Connect with us

Editorial

പിള്ളമാരെ സൃഷ്ടിക്കുന്നത്

Published

|

Last Updated

വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് എം കെ രാജേന്ദ്രന്‍ പിള്ള. നാഗാലാന്‍ഡ് മുന്‍ അഡീഷനല്‍ എസ് പിയും ശ്രീവത്സം ഗ്രൂപ്പ് ഉടമയുമായ പിള്ളയുടെ അനധികൃത സ്വത്ത് സമ്പാദനവും നികുതി വെട്ടിപ്പുമാണ് വിഷയം. പിള്ളയുടെ പന്തളത്തെ വീട്ടില്‍ ആദായ നികുതി വിഭാഗം നടത്തിയ പരിശോധനയില്‍ പ്രഥമദൃഷ്ട്യാ 450 കോടിയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. നാഗാലാന്‍ഡില്‍ ചെറിയ ശമ്പളക്കാരനായിരുന്ന പിള്ളയുടെ ഇപ്പോഴത്തെ സമ്പാദ്യം അമ്പരിപ്പിക്കുന്നതാണ്. ഡല്‍ഹിയില്‍ മൂന്ന് ഫഌറ്റുകള്‍, ബെംഗളൂരുവില്‍ രണ്ട് ഫഌറ്റുകളും വാണിജ്യസമുച്ചയങ്ങളും, മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. കേരളത്തില്‍ മാത്രം 200 കോടിയുടെ ആസ്തികള്‍ ഉണ്ടെന്നാണ് വിവരം. നാഗാലാന്‍ഡിലെ കൊഹിമ കേന്ദ്രമാക്കി 28 അക്കൗണ്ടുകളാണ് പിള്ളക്കുള്ളത്. കേരളത്തിലേക്ക് പണം എത്തിക്കാനായാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തിയിരുന്നത്.

എന്നാല്‍സ ഇത്തരം തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും നിമയവിരുദ്ധമായ സമ്പാദ്യങ്ങളുടെയും വാര്‍ത്തക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ത് പുതുമ? ഉദ്യോഗസ്ഥ പദവിയിലിരുന്നയാള്‍ അനധികൃത സ്വത്ത് സമ്പാദനം നടത്താതെ സത്യസന്ധത കാണിച്ചാലാണ് ഇന്ന് വാര്‍ത്ത. അത്രമാത്രം മലീമസവും ജീര്‍ണിതവുമായിരിക്കുന്നു രാജ്യത്തെ രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖല. അഡീഷനല്‍ ചീഫ് സെക്രട്ടറി ടോംജോസ്, കെ എം എബ്രഹാം, ഇന്റലിജന്‍സ് ഡി വൈ എസ് പിയായിരുന്ന ബിജു അലക്‌സാണ്ടര്‍, അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ തുടങ്ങി ഒട്ടേറെ ഉദ്യോഗസ്ഥ പ്രമുഖര്‍ അനധികൃത സ്വത്തു സമ്പാദനക്കേസുകളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍ സംസ്ഥാനത്ത്. ഉദ്യോഗസ്ഥ അഴിമതി തടയാന്‍ പലവിധ നിയമങ്ങളും ഇന്റലിജന്‍സ് പോലുള്ള സംവിധാനങ്ങളും ഉണ്ടെങ്കിലും ഉദ്യോഗസ്ഥ അഴിമതിക്ക് അശേഷവും കുറവില്ലെന്ന് മാത്രമല്ല തഴച്ചു വളരുകയുമാണ്. അഴിമതിയെയും അധോലോക പ്രവണതകളെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുടെയും ഐ എ എസ് ഉദ്യോഗസ്ഥരുടെയും ഇടപെടലുകളും. കേസുകള്‍ സത്യസന്ധമായി അന്വേഷിച്ചു കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരുന്നതിന് പകരം കേസ് ഒതുക്കാനും പരാതി നിര്‍വീര്യമാക്കാനും പരസ്പരം സഹായിക്കുകയാണ് ഐ എ എസ് ലോബി. സത്യസന്ധമായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ മറ്റുള്ളവര്‍ സംഘടിതമായി അക്രമിച്ചു നിശ്ശബ്ദരാക്കുകയും ചെയ്യുന്നു.

രാജേന്ദ്രന്‍ പിള്ളക്ക് ഇത്രയേറെ അനധികൃത സ്വത്ത് സമ്പാദിക്കാനായത് നാഗാലാന്‍ഡിലെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നാണ് വിവരം. ആദായവകുപ്പിന്റെ പരിശോധനാ വേളയില്‍ പിള്ളയുടെ വീട്ടുമുറ്റത്ത് കണ്ട നാഗാലാന്‍ഡ് പോലീസിന്റെ ജീപ്പ് അവിടുത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പിള്ളയും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. കേരളത്തിലെ പിള്ളയുടെ സ്ഥാപനങ്ങളിലേക്ക് നാഗാലാന്‍ഡില്‍ നിന്ന് അനധികൃതമായി സാധനങ്ങള്‍ കടത്താനാണത്രെ ഈ ജീപ്പ് ഉപയോഗപ്പെടുത്തിയിരുന്നത്. കറന്‍സിയും സ്വര്‍ണവും ഉള്‍പ്പെടെ പോലീസ് അകമ്പടിയോടെ കോടികളുടെ സമ്പാദ്യം കടത്തിയതായാണ് ആദായ വകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്. കോണ്‍സ്റ്റബിളായി ചേര്‍ന്ന് അഡീഷനല്‍ എസ് പിയായി വിരമിച്ചെങ്കിലും നാഗാലാന്‍ഡ് പോലീസ് വകുപ്പില്‍ ഉപദേശകനായി തുടരുന്ന പിള്ള അവിടുത്ത ഉദ്യോഗസ്ഥ പ്രമുഖരുടെ ബിനാമിയാണെന്നും സംശയിക്കപ്പെടുന്നുണ്ട്.
അഴിമതിക്കെതിരെ ഘോരപ്രഖ്യാപനങ്ങള്‍ നടത്തുകയല്ലാതെ അത് തടയുന്നതില്‍ ഭരണകൂടങ്ങള്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാത്തതാണ് ഉദ്യോഗസ്ഥ അഴിമതിയുടെ വര്‍ധനവിന് വഴിവെക്കുന്നത്. അഴിമതിക്കാരെന്ന് കണ്ടെത്തിയവരെ വെച്ചു പൊറുപ്പിക്കരുത്. സര്‍വീസില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തണം. ഏത് സര്‍ക്കാറാണ് അത്തരം കര്‍ശന നിലപാട് സ്വീകരിക്കുന്നത്? കോടതിയുടെ ഇടപെടല്‍ മൂലമോ മറ്റോ അഴിമതിക്കാരെ പുറത്താക്കിയാല്‍ തന്നെ താമസിയാതെ വീണ്ടും നിയമനം നല്‍കുന്നതും സാര്‍വത്രികമാണ്. ടോംജോസിനെതിരെ ചീഫ് സെക്രട്ടറി എം വിജയാനന്ദ് നല്‍കിയ പരാതി പരിഗണിക്കവെ കളങ്കിതരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്.
ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരായി പ്രതിച്ഛായ നഷ്ടപ്പെട്ട ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ വകുപ്പുകളില്‍ ജനപ്രിയമെന്ന് തോന്നിപ്പിക്കുന്ന പരിഷ്‌കരണങ്ങളും പദ്ധതികളും നടപ്പാക്കി നല്ല പിള്ള ചമയാന്‍ ശ്രമിക്കാറുമുണ്ട്. ഇവന്റ് കമ്പനികളുടെ സഹായത്തോടെ ചാനലുകളില്‍ ചര്‍ച്ച സംഘടിപ്പിച്ച് വിവാദ വിഷയങ്ങളില്‍ മാധ്യമ പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുന്നു മറ്റു ചിലര്‍. അഴിമതി, ലഹരി, വ്യാജ സിഡി തുടങ്ങിയ കേസുകളില്‍ അകപ്പെട്ട ചില ഉദ്യോഗസ്ഥ പ്രമുഖര്‍ പില്‍ക്കാലത്ത് സമൂഹത്തിന് മുമ്പില്‍ തീവ്ര അഴിമതി വിരുദ്ധരാകാന്‍ ശ്രമിച്ച സംഭവങ്ങളും നമുക്കറിയാക്കുന്നതാണ്. ഇവരില്‍ പലരും ഇന്ന് സമൂഹത്തിന് മുമ്പില്‍ വിശുദ്ധരാണ്. ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അഴിമതിക്കാരോടുള്ള സമീപനം മാറാത്ത കാലത്തോളം “പിള്ളമാര്‍” പിറവിയെടുത്തു കൊണ്ടേയിരിക്കും. ജീര്‍ണിതമായ ഇപ്പോഴത്തെ ചുറ്റുപാടില്‍ നിയമങ്ങള്‍ കൊണ്ട് മാത്രം അഴിമതി തടയാനാകില്ല. സമൂഹത്തിന്റെ സഹകരണവും ഉറച്ച നിലപാടുകളും കൂടി അനിവാര്യമാണ്.

Latest