കാച്ചി: ജാതി വിവേചനത്തിന്റെ ഇരകളായി സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടിവന്ന മുതലമട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്ലിയ സമുദായക്കാര്‍ക്ക് തിരികെ വീടുകളിലെത്തി താമസിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതിയുടെ ഉത്തരവ്. മുതിര്‍ന്ന ജാതിക്കാരുടെ അക്രമത്തിനും വിവേചനത്തിനും വിധേയരാതിനെ തുടര്‍ന്ന് പുറന്തള്ളപ്പെട്ടവര്‍ക്ക് സുരക്ഷിതമായി തിരികെ വീടുകളിലെത്തി സാധാരണ ജീവിതം നയിക്കാന്‍ മതിയായ പൊലീസ് സംരക്ഷണം നല്‍കാനാണ് ഡി.ജി.പി, പാലക്കാട് എസ്.പി, ഡിവൈ.എസ്.പി എന്നിവര്‍ക്ക് സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കിയത്. പ്രദേശത്ത് ജാതി വിവേചനത്തിന്റെ ഭാഗമായ അയിത്താചരണവും അക്രമവും മറ്റും നടക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും മുതലമട പഞ്ചായത്തും അടക്കമുള്ള എതിര്‍കക്ഷികളോട് കോടതി വിശദീകരണവും തേടി.
ഗോവിന്ദാപുരത്തെ ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വീടുകളില്‍ സുരക്ഷിതമായി താമസിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് അംബേദ്കര്‍ കോളനിവാസികളും ചക്ലിയ സമുദായക്കാരനുമായ ശിവരാജ്, ശെന്തില്‍കുമാര്‍ എന്നിവരുള്‍െപ്പടെ നല്‍കിയ ഹരജികളിലാണ് കോടതിയുടെ ഇടപെടല്‍. സാമൂഹിക നീതി വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുള്ള ഫണ്ട് പട്ടിക ജാതിക്കാരായ തങ്ങളുടെ ഉന്നമത്തിനായി വിനിയോഗിക്കാരെ ദുരുപയോഗം ചെയ്യുന്നതായി ഹരജിയില്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ നടത്താതെ വീടുകള്‍ തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്. കൂലിപ്പണിക്കാരായ തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നില്ല. പട്ടിക ജാതിക്കാരല്ലാത്ത ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ വിവേചനപരമായാണ് പെരുമാറുന്നത്. പൊതു ജല വിതരണ സംവിധാനത്തില്‍ നിന്ന് എല്ലാവര്‍ക്കുമൊപ്പം വെള്ളമെടുക്കാന്‍ ചക്ലിയര്‍ക്ക് അവകാശമില്ല.
ക്ഷേത്രങ്ങളിലും പൊതു ശ്മശാനത്തിലും അയിത്തം കല്‍പ്പിച്ചിരിക്കുന്നു. ചായക്കടകളില്‍ പോലും പ്രത്യേക സ്ഥലവും ഗ്ലാസും പാത്രങ്ങളുമൊക്കെയാണ് ഉള്ളത്. അതിരൂക്ഷമായ വിവേചനവും അയിത്തവും നടമാടിയിട്ടും പരാതികളില്‍ ഒരു നടപടിയും മുതലമട പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമത്തിനെതിരെ കേസെടുക്കാന്‍ ബാധ്യസ്ഥരായ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് മാത്രമല്ല, ചക്ലിയരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുകയാണ്. ഗ്രാമത്തില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ഒരു ക്ഷേത്രത്തിലും പരിസരത്തുമായാണ് തങ്ങള്‍ കഴിഞ്ഞുവരുന്നതെന്ന് ഹരജിയില്‍ പറയുന്നു.
അതിനാല്‍, സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാനും താമസിക്കാനും പൊലീസ് സംരക്ഷണം നല്‍കണമെന്നായിരുന്നു ഹരജിയിലെ അടിയന്തിര ആവശ്യം. ഈ ആവശ്യമാണ് കോടതി അനുവദിച്ചത്.ജാതി വിവേചനം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണം, പട്ടിക ജാതിക്കാര്‍ക്കായി അനുവദിച്ച ഫണ്ടിനെയും വിനിയോഗത്തെയും സംബന്ധിച്ചും പരാതികളില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് തേടണം, വീടുകള്‍ അറ്റകുറ്റപണികള്‍ നടത്താന്‍ നിര്‍ദേശം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്