രോഗശമനത്തിന് പതിനെട്ടുകാരിയെ മര്‍ദിച്ച് ചാണകം തീറ്റിച്ചു; പിതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

Posted on: June 14, 2017 12:13 pm | Last updated: June 14, 2017 at 6:03 pm

മുംബൈ: രോഗശമനത്തിന് പതിനെട്ടുകാരിയെ മര്‍ദിച്ച് ചാണകം തീറ്റിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. പ്രഭാകര്‍ കേസലെ (35), ഗംഗാധര്‍ ഷിവാലെ (65), പണ്ഡിറ്റ് കോര്‍ (37), ദാഗഡു ഷിവാലെ (40) എന്നിവരാണ് അറസ്റ്റിലായത്.

കേസില്‍പ്രതിയായ മന്ത്രവാദിയെ തേടി പോലീസ് കര്‍ണാടകയിലെ ബിദറിലേക്ക് തിരിച്ചു. ലാത്തൂര്‍ ജില്ലയിലെ ചഖുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയെ ചാണകം തീറ്റിക്കുന്ന വീഡിയോ വൈറലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവടക്കം ആറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ വയറുവേദനക്ക് കാരണം കൂടോത്രമാണെന്ന് പറഞ്ഞ മന്ത്രവാദി പെണ്‍കുട്ടിയെ ചാണകം തീറ്റിക്കുകയായിരുന്നു. ബന്ധുക്കളുടെ സഹായത്തോടെയായിരുന്നു ഇത്.

ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് കേസെടുക്കുകയായിരുന്നു. പ്രതികളിലൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. മന്ത്രവാദ വിരുദ്ധ നിയമപ്രകാരമാണ് കേസ്.