Connect with us

Gulf

ഖത്വർ ഉപരോധം വധശിക്ഷക്കു തുല്യമെന്ന് ഉര്‍ദുഗാന്‍

Published

|

Last Updated

ദോഹ: ഖത്വറിനെ ഒറ്റപ്പെടുത്തി ഉപരോധമേര്‍പ്പെടുത്തുന്ന നടപടി വധശിക്ഷക്ക് സമാനമായ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണെന്ന് തുര്‍ക്കി പ്രസിഡന്റും ജസ്റ്റീസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (എ കെ പാര്‍ട്ടി) ചെയര്‍മാനുമായ റജബ് തയ്യിബ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. അങ്കാറയില്‍ ഗ്രാന്‍ഡ് നാഷനല്‍ അസംബ്ലിയില്‍ എ കെ പാര്‍ട്ടി ഗ്രൂപ്പ് യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇതര ഗള്‍ഫ് നാടുകളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്.
ഒരു രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് എതിരായ നടപടിയാണ്. ഖത്വറിനെതിരെ സ്വീകരിക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ല. വധശിക്ഷയ്ക്ക് തുല്യമാണത്. ഖത്വറില്‍ ഒരു വലിയ തെറ്റാണ് നടക്കുന്നത്. എല്ലാ മേഖലകളിലും ഒരു രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് മനുഷ്യത്വരഹിതവും ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധിയുടെ തുടക്കം മുതല്‍ ഖത്വറിന് അനുകൂലമായ നിലപാടാണ് തുര്‍ക്കി സ്വീകരിക്കുന്നത്.
ഖത്വറിനെതിരായ സഊദി ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ഉപരോധം അവസാനിപ്പിക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും തുര്‍ക്കിയും ഉര്‍ദുഗാനും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. തുര്‍ക്കിക്കൊപ്പം ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദപ്രസ്ഥാനത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടാണ് ഖത്വര്‍ സ്വീകരിക്കുന്നതെന്ന് ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. തെറ്റായ പ്രചാരണങ്ങളിലൂടെ ഖത്വറിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെയും ഉര്‍ദുഗാന്‍ വിമര്‍ശിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എന്നിവരുമായി ഉര്‍ദുഗാന്‍ ഇന്നലെ കോണ്‍ഫറന്‍സ് കോളില്‍ ആശയവിനിമയം നടത്തി. ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു.
ഗള്‍ഫ് മേഖലയിലെ മുതിര്‍ന്ന ഭരണാധികാരിയായ സഊദി രാജാവ് പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കണമെന്നും തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗള്‍ഫ് പ്രതിസന്ധിയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ഉര്‍ദുഗാന്‍ വരുംദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്ന് തുര്‍ക്കിഷ് വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. റമസാന് മുമ്പ് പ്രശ്‌നം പരിഹരിക്കണമെന്നും ഉര്‍ദുഗാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ പ്രശ്‌നപരിഹാര ശ്രമങ്ങളുടെ ഭാഗമായി തുര്‍ക്കിഷ് വിദേശകാര്യമന്ത്രി മെവ്‌ലുത് കവുസോഗ്ലു ഗള്‍ഫ് അംബാസഡര്‍മാരുമായി സംയുക്ത ചര്‍ച്ച നടത്തി. തുര്‍ക്കിയിലെ സഊദി അംബാസഡര്‍ വലീദ് എ അല്‍ഖീറജി, ഇമാറാത്തി അംബാസഡര്‍ ഖലീഫ ഷഹീന്‍ അല്‍മറര്‍, ബഹ്‌റൈന്‍ ആക്ടിംഘ് അംബാസഡര്‍ കൊമെയ്ല്‍ അഹമ്മദ് എന്നിവരുമായി അങ്കാറയിലാണ് ചര്‍ച്ചകള്‍ നടന്നത്. ഗള്‍ഫ് പ്രതിസന്ധി പരിഹാരമാകാതെ തുടരുന്ന സാഹചര്യത്തിലായിരുന്നു സംയുക്ത ചര്‍ച്ചയെന്ന് തുര്‍ക്കിഷ് നയതന്ത്രവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഗള്‍ഫ് പ്രതിസന്ധിയില്‍ തുര്‍ക്കിയുടെ ആശങ്കയും രാജ്യാന്തര സമൂഹത്തിന്റെ പ്രതീക്ഷകളും കവുസോഗ്ലു അവതരിപ്പിച്ചു.

Latest