Connect with us

Articles

പരദൂഷണമെന്ന പാപ ഭാരം

Published

|

Last Updated

ഇസ്‌ലാം ഗൗരവപൂര്‍വം വിലക്കിയ മഹാപാപങ്ങളിലൊന്നാണ് പരദൂഷണം. വ്യഭിചാരത്തേക്കാളും കഠിനമാണത്. ഒരു മനുഷ്യനെ വധിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണത്. മനുഷ്യ മാംസം തിന്നുന്നതിനോടാണതിനെ ഖുര്‍ആന്‍ ഉപമിച്ചത്.
തിരുനബി (സ)പറയുന്നു: ഐഹിക ലോകത്ത് വെച്ച് തന്റെ സഹോദരനെ കുറിച്ച് പരദൂഷണം പറയുകയും അവന്റെ മാംസം തിന്ന് ജീവിക്കുകയും ചെയ്തവന്റെ മുന്നില്‍ അന്ത്യനാളില്‍ ആ ശരീരം ഹാജറാക്കപ്പെടും. ഇതാ ഈ മൃതശരീരം ഭക്ഷിച്ചോളൂ എന്ന് അവനോട് പറയപ്പെടും. മുമ്പ് ജീവനോടെ നീ ഇത് തിന്നിരുന്നതാണല്ലോ. അങ്ങനെ അയാള്‍ അത് ഭക്ഷിക്കാന്‍ നിര്‍ബന്ധിതനാകും. അസഹ്യത നിമിത്തം അയാള്‍ മുഖം ചുളിക്കുകയും അട്ടഹസിക്കുകയും ചെയ്തുകൊണ്ടിരിക്കും. (ഫത്ഹുല്‍ബാരി- 10/486)
സ്വന്തം ന്യൂനതകളെ കുറിച്ചും ദൗര്‍ബല്യങ്ങളെ കുറിച്ചും ആലോചിച്ചുകൊണ്ടിരിക്കുകയാണ് പരദൂഷണ സ്വഭാവത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി. തന്റെ ന്യൂനതകള്‍ തിരിച്ചറിയുന്ന വ്യക്തി അപരന്റെ ന്യൂനതകള്‍ തേടി നടക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ല. മറ്റുള്ളവരുടെ ന്യൂനതകള്‍ പറയണമെന്ന് തോന്നുമ്പോള്‍ സ്വന്തം പോരായ്മകളെ ഓര്‍ക്കുക.

പരദൂഷണം പറയരുത്. കേള്‍ക്കരുത്. പ്രോത്സാഹിപ്പിക്കുകയുമരുത്. എല്ലാം കുറ്റകരമാണ്. നിഷിദ്ധമാണ്. നിരുത്സാഹപ്പെടുത്തേണ്ടതും കഴിയുംവിധം തടയേണ്ടതുമാണ്. കേള്‍ക്കുന്നവനും പിന്തുണക്കുന്നവനും പറയുന്നവന്റെ പങ്കാളിയാണ്. കഴിവുണ്ടായിട്ടും തടയാത്തവന്‍ ഇരുലോകത്തും അതിന്റെ പാപം അനുഭവിക്കേണ്ടിവരും. (ശറഹുസ്സുന്ന 13/107).
അന്യരുടെ തെറ്റുകുറ്റങ്ങള്‍ പറഞ്ഞുപ്രചരിപ്പിക്കുന്നവര്‍ക്ക് ചെവി കൊടുക്കാതിരിക്കുക എന്നതാണ് അത്തരം തെറ്റുകള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. പലപ്പോഴും പരദൂഷണം പോലുള്ള ദുശ്ശീലങ്ങളില്‍ മുഴുകാന്‍ ആളുകള്‍ക്ക് പ്രചോദനമാകുന്നത് അവ കേള്‍ക്കാനായി ചിലരുണ്ട് എന്നതാണ്. അത്തരം അഭിശപ്ത കാതുകള്‍ ഇല്ലാതാകുന്നതോടെ അത് പറഞ്ഞുനടക്കാനും സമൂഹത്തില്‍ ആളില്ലാതാകും. മറ്റുള്ളവരുടെ ന്യൂനതകള്‍ തന്റെ മുമ്പില്‍ അവതരിപ്പിക്കരുതെന്ന് തിരുനബി(സ)കര്‍ശനമായി വിലക്കിയതിന്റെ കാരണം ഇതാണത്രെ.
പരദൂഷണത്തിലൂടെയും മറ്റും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചെടുക്കുന്ന അനാവശ്യ മുന്‍ധാരണകള്‍ വ്യക്തിബന്ധങ്ങള്‍ തകരാന്‍ കാരണമാകും. കുറ്റങ്ങളും കുറവുകളും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് വ്യക്തിബന്ധങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടുപോകുക. എന്നാല്‍ ഒരാളുടെ ന്യൂനതകളെ പര്‍വതീകരിച്ച് കാണുകയും മറ്റൊരാളുടെ ചെവിയിലെത്തിക്കുകയും ചെയ്യുമ്പോള്‍ സാമൂഹിക ജീവിതത്തില്‍ അനിവാര്യമായും ഉണ്ടാകേണ്ട പരസ്പര വിശ്വാസവും ആദരവുമാണ് ഹൃദയങ്ങളില്‍ നിന്ന് ഇല്ലാതായിപ്പോകുന്നത്. അതോടെ വ്യക്തികള്‍ തമ്മില്‍ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങുകയും നിസ്സാര പിഴവുകള്‍ പോലും വന്‍ തെറ്റുകളായി അനുഭവപ്പെടുകയും ചെയ്യും. വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ച ബന്ധം തകര്‍ന്നുതരിപ്പണമാകാന്‍ ഇത് കാരണമായിത്തീരുന്നു. സ്വന്തം ന്യൂനതകളെ കുറിച്ചോര്‍ക്കണമെന്നും മറ്റുള്ളവരുടെ കുറവുകള്‍ ചികഞ്ഞന്വേഷിക്കരുതെന്നും അത് മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും കര്‍ശനമായി വിലക്കിയത് അത് കൊണ്ടാണ്.
നബി(സ)പറഞ്ഞു: എന്റെ അനുചരന്മാരില്‍ ഒരാളും ഒരാളെ കുറിച്ചും യാതൊന്നും എന്റെ മുമ്പില്‍ അവതരിപ്പിക്കരുത്. നിശ്ചയം നിങ്ങളിലേക്ക് ഹൃദയ വിശുദ്ധിയോടെ കടന്നുവരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്(അബൂദാവൂദ്- 4860).

Latest