Connect with us

National

സുഷമ സ്വരാജിന്റെ ഇടപെടല്‍: പാക്കിസ്ഥാനിലെ കുഞ്ഞ് ഹൃദയശസ്ത്രക്രിയക്കായി ഇന്ത്യയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് പാക്ക് പൗരന്‍ കെന്‍ സിദിന്റെ രണ്ടര മാസം പ്രായമുള്ള മകനെ ചികില്‍സയ്ക്കായി ഇന്ത്യയിലെത്തിച്ചു. കുഞ്ഞിന് നാലുമാസത്തേക്കു മെഡിക്കല്‍ വിസ അനുവദിക്കാന്‍ കാരണമായത് സുഷമയുടെ ഇടപെടലാണ്. ഹൃദയ ശസ്ത്രക്രിയയ്ക്കായി ഡല്‍ഹിയിലെ ജെയ്പീ ആശുപത്രിയിലാണ് കുട്ടിയെ എത്തിച്ചത്. കുഞ്ഞിന്റെ പിതാവ് ട്വിറ്ററിലൂടെ പ്രശ്‌നങ്ങള്‍ സുഷമയെ അറിയിച്ചതിനെ തുടര്‍ന്നാണ് കയ്യോടെ മെഡിക്കല്‍ വിസ അനുവദിച്ചത്.

പാക്കിസ്ഥാന്‍ പൗരനായ കെന്‍ സിദ് തന്റെ മകന്‍ രോഹനു പാക്കിസ്ഥാനില്‍ ചികില്‍സയ്ക്കു സൗകര്യമില്ലെന്നും ഇന്ത്യയിലെത്തി ഹൃദയ ശസ്ത്രക്രിയ നടത്താന്‍ വിസ പ്രശ്‌നമായിരിക്കുകയാണെന്നുമുള്ള വിവരം വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. മെഡിക്കല്‍ വിസ നല്‍കാമെന്നു വാഗ്ദാനം ചെയ്ത സുഷമ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനെ ബന്ധപ്പെടാനും നിര്‍ദേശിച്ചു. തുടര്‍ന്ന് മെഡിക്കല്‍ വിസ അനുവദിക്കുകയായിരുന്നു. വാഗ അതിര്‍ത്തിവഴിയാണ് രോഹന്‍ രക്ഷിതാക്കള്‍ക്കൊപ്പം ഇന്ത്യയില്‍ എത്തിയത്.

രോഹന്റെ ഹൃദയത്തിലുള്ള ദ്വാരം അടയ്ക്കുന്നതിനാണ് ശസ്ത്രക്രിയ. കുഞ്ഞ് ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

Latest