Connect with us

Gulf

ഖത്വർ: ഗൾഫ് രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷല്‍

Published

|

Last Updated

ദോഹ: ഖത്വറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് ഗള്‍ഫ് കുടുംബങ്ങളില്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളിന്‍മേല്‍ സഊദി, യു എ ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തതയില്ലാത്തതും മതികാത്തതുമാണെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ അഭിപ്രായപ്പെട്ടു. ഖത്വര്‍ ദേശീയ മനുഷ്യാവകാശ സമതി അധ്യക്ഷന്‍ ഡോ. അലി ബിന്‍ സമൈക് അല്‍ മര്‍റിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ആംനസ്റ്റി സെക്രട്ടറി ജനറല്‍ സലീല്‍ ഷെട്ടി ലണ്ടനില്‍ പ്രസ്താവന നടത്തിയത്. ഉപരോധത്തെത്തുടര്‍ന്ന് ഗള്‍ഫ് പൗരന്‍മാര്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ രാജ്യാന്തര ഏജന്‍സികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡോ. അലി അല്‍ മര്‍റി പര്യടനം നടത്തുന്നത്. ഖത്വരികളുമായി വിവാഹബന്ധമുള്ള കുടുംബങ്ങള്‍ നേരിടുന്ന വേര്‍ പിരിയല്‍ ഭീഷണിയും വിദ്യാഭ്യാസം, വാണിജ്യം, ആസ്തി മേഖലകളില്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് ഖത്വര്‍ ചൂണ്ടിക്കാട്ടുന്നത്. ഖത്വരികളുമായി വിവാഹ ബന്ധമുള്ളവര്‍ക്ക് ഉപരോധമേര്‍പ്പെടുത്തില്ലെന്ന് ഉപരോധ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പര്യാപ്തമല്ലെന്നാണ് ആംനസ്റ്റിയുടെ അഭിപ്രായം.
മൂന്നു ഗള്‍ഫ് നാടുകള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘത്തനത്തെ ആംനസ്റ്റി ശക്തമായി അപലപിച്ചു. അടിയന്തരമായി ഇത് അവസാനിപ്പിക്കണം. മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആംനസ്റ്റി രാജ്യാന്തര തലത്തില്‍ തുടരും. എഴുന്നൂറോളം പരാതികള്‍ മനുഷ്യാവകാശ സമിതിക്ക് ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് ഡോ. അലി അല്‍ മര്‍റി പറഞ്ഞു.
ഖത്വര്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നം വിവിധ രാജ്യാന്തര ഏജന്‍സികള്‍ക്കു മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സുമായി നടത്തി കൂടിക്കാഴ്ചയില്‍ ഉപരോധ രാജ്യങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതായും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഖത്വറിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് അഭിപ്രായപ്രകടനം നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഉപരോധ രാജ്യങ്ങളുടെ നീക്കവും ഡോ. അലി പരാതിപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരെയും സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെയും പിടികൂടുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ്. ഉപരോധത്തെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കുറ്റവാളികളായാണ് ഈ രാജ്യങ്ങള്‍ കാണുന്നത്.
മാ്ധ്യമ, ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയില്‍ ഇന്റര്‍നാഷല്‍ ജേണലിസ്റ്റ്‌സ് ഫെഡറേഷന്‍ പ്രതിഷേധിച്ചു. ഇത്തരം നടപടികള്‍ അവസാനിപ്പിക്കുന്നതിനായി അടിയന്തരമായി ഇടപെടേണ്ടതുണ്ട്. സാറ്റലൈറ്റ് ചാനലുകളും വെബ്‌സൈറ്റുകളും വിലക്കിക്കൊണ്ടുള്ള നീക്കം ഗുരുതരമാണ്. രാജ്യത്തെ വ്യക്തികളെയും ചാരിറ്റി സംഘടനകളെയും ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രശ്‌നവും ഡോ. അലി അല്‍ മര്‍റി രാജ്യാന്തര ഏജന്‍സികളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു.

---- facebook comment plugin here -----

Latest