കാര്‍ഷിക കടാശ്വാസത്തിന് സംസ്ഥാനം പണം കണ്ടെത്തണം:കേന്ദ്രം

Posted on: June 12, 2017 11:36 pm | Last updated: June 12, 2017 at 11:36 pm

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കുന്നതില്‍ കൈമലര്‍ത്തി കേന്ദ്രം. കാര്‍ഷിക കടം എഴുതിത്തള്ളുന്ന സംസ്ഥാനങ്ങള്‍ അതിനുള്ള പണം സ്വയം കണ്ടെത്തണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

കടം എഴുതിത്തള്ളുന്നതിന് താന്‍ എതിരല്ല. എന്നാല്‍, അതിനുള്ള ഫണ്ട് സ്വന്തം വിഭവസമാഹരണം വഴി സംസ്ഥാന സര്‍ക്കാറുകള്‍ കണ്ടെത്തിയിരിക്കണമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചതിനെ കുറിച്ച് മാധ്യമപ്രവവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കേന്ദ്ര ഫണ്ട് ഉണ്ടാകില്ലെന്ന് തന്നെയാണ് ജെയ്റ്റ്‌ലി വ്യക്തമാക്കിയിരിക്കുന്നത്.

യു പിയിലെ യോഗി ആദിത്യനാഥ് കഴിഞ്ഞ ഏപ്രിലില്‍ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചതിന് പിറകേ ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമെല്ലാം കര്‍ഷകര്‍ ശക്തമായ പ്രക്ഷോഭത്തിലാണ്. കടാശ്വാസ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ മഹാരാഷ്ട്രയില്‍ തത്കാലം സമരം നിര്‍ത്തിയിട്ടുണ്ട്.
കര്‍ഷക പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ച മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയ നിരാഹാര നാടകം കഴിഞ്ഞ ദിവ സം അവസാനിപ്പിച്ചിരുന്നു.

അതിനിടെ, പൊതുമേഖലാ ബേങ്കുകളുടെ കിട്ടാക്കടം വന്‍തോതില്‍ പെരുകുന്ന സാഹചര്യത്തില്‍, വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പ്രധാന കടക്കാരുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടികയുടെ പണിപ്പുരയിലാണ് റിസര്‍വ് ബേങ്ക്. ഇത് അന്തിമഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും പൊതുമേഖലാ ബേങ്കുകളുടെ തലവന്മാരുടെ യോഗത്തില്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

ബേങ്കുകളുടെ കിട്ടാക്കടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ നേരത്തെ അനുമതി നല്‍കിയിരുന്നു. ബേങ്കിംഗ് റഗുലേഷന്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനുള്ളതാണ് ഓര്‍ഡിനന്‍സ്. പൊതുമേഖലാ ബേങ്കുകള്‍ക്ക് ആറ് ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ഉണ്ടെന്നാണ് കണക്ക്. ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച ശേഷം വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് ജെയ്റ്റ്‌ലി നേരത്തെ അറിയിച്ചിരുന്നു.