ഒരു ലക്ഷം സിറിയക്കാര്‍ക്ക് ഇഫ്താറുമായി ഖത്വർ ചാരിറ്റി

Posted on: June 12, 2017 9:16 pm | Last updated: June 12, 2017 at 11:25 pm

ദോഹ: സിറിയയില്‍ ദുരിതമനുഭവിക്കുന്ന ഒരു ലക്ഷത്തോളം ജനങ്ങള്‍ക്ക് ഇഫ്താര്‍ ഭക്ഷണങ്ങളെത്തിക്കുന്ന പദ്ധതി ഖത്വര്‍ ചാരിറ്റി നടപ്പിലാക്കി. അഞ്ചു ലക്ഷം റിയാല്‍ ചെലവിലാണ് പ്രത്യേക റമസാന്‍ ഭക്ഷണ പദ്ധതി നടപ്പിലാക്കിയത്. അനാഥകളും വീടും നാടും നഷ്ടപ്പെട്ടവരുമായ ജനങ്ങള്‍ക്കാണ് ഇഫ്താര്‍ വിഭവങ്ങളെത്തിക്കുന്നത്.
റമസാന്‍ ആരംഭിച്ചതു മുതല്‍ 15 ലക്ഷം റിയാലിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഖത്വര്‍ ചാരിറ്റി നേതൃത്വത്തില്‍ സിറിയയില്‍ നടത്തി വരുന്നുണ്ട്. 280,000 കുടിയിറക്കപ്പെട്ട പൗരന്‍മാര്‍ക്കാണ് സഹായം. നോമ്പു തുറക്കുന്നതിനായുള്ള ഡൈനിംഗ് ടേബിളുകളും ഭക്ഷ്യക്കുട്ടകളുമാണ് വിതരണം ചെയ്യുന്നത്. സിറിയന്‍ ജനതക്കായുള്ള റമസാന്‍ സേവനങ്ങള്‍ക്കായി 20 ലക്ഷം റിയാലാണ് ചെലവിടുന്നത്. ആകെ 374,000 പേര്‍ക്ക് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്വര്‍ ചാരിറ്റി വ്യക്തമാക്കി. സിറിയക്കകത്ത് വീടും നാടും നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് ഖത്വര്‍ ചാരിറ്റി ഓപറേഷന്‍സ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ര്‍ ഫൈസല്‍ അല്‍ ഫഹീദ പറഞ്ഞു.

അധിക സഹായം അനാഥകളുടെയും കുടുംബങ്ങളുടെയും ഇഫ്താറിനു വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഖത്വര്‍ ചാരിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായി സഹായം നല്‍കിക്കൊണ്ടിരിക്കുന്ന ഖത്വറിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. റമസാനില്‍ ഖത്വര്‍ ചാരിറ്റി നടപ്പിലാക്കുന്ന വ്യത്യസ്ത പദ്ധതികള്‍ക്കെല്ലാം ജനങ്ങളുടെ ഭാഗത്തു നിന്നും മകിച്ച സഹകരണം ലഭിച്ചു വരുന്നുണ്ട്. ഗിവ് ആന്‍ഡ് ഷൈന്‍ ത്രൂ കാംപയിനിലൂടെ തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി മറ്റൊരുപദ്ധതിയും നടപ്പാലാക്കി വരുന്നു. സിറിയയില്‍ ഇഫ്താര്‍ ഭക്ഷണങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ദുരിത ബാധിതര്‍ കഴിയുന്ന സ്ഥലങ്ങളില്‍ പത്തിലധികം ഫീല്‍ഡ് കിച്ചണുകള്‍ തയാറാക്കി. നോമ്പു തുറ വിഭവങ്ങള്‍ ഇവിടെ വെച്ചു തന്നെ പാചകം ചെയ്ത് വിതരണം ചെയ്യുന്നു. അരി, മാംസം, പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ നോമ്പുതുറ വിഭവങ്ങളാണ് നല്‍കുന്നത്. സിറിയയില്‍ മൂന്നു ലക്ഷത്തോളം പേരാണ് ഖത്വര്‍ ചാരിറ്റി സഹായത്തോടെ നോമ്പു തുറക്കുന്നത്.

സിറിയയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ റമസാന്‍ ബാസ്‌കറ്റുകള്‍ വിതരണം ചെയ്തു. മുവായിരം അംഗങ്ങളുള്ള 500 സിറിയന്‍ കുടുംബങ്ങള്‍ക്കാണ് റമസാന്‍ ബാസ്‌കറ്റിന്റെ പ്രയോജനം ലഭിച്ചത്. ഒരു മാസത്തെ ആവശ്യങ്ങള്‍ നിറവേറ്റാവുന്ന വിഭവങ്ങളാണ് ബാസ്‌ക്കറ്റില്‍ ഉള്‍പ്പെടുത്തിയത്.