Connect with us

Editorial

ഫസല്‍ വധം പുനരന്വേഷിക്കണം

Published

|

Last Updated

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്ര സുബീഷ് എന്ന കുപ്പി സുബീഷിന്റെ പുതിയ വെളിപ്പെടുത്തലോടെ ഫസല്‍ വധക്കേസ് കുഴഞ്ഞുമറിയുകയാണ്. കേസ് അന്വേഷിച്ച സി ബി ഐ കുറ്റം സി പി എം പ്രവര്‍ത്തകരിലാണ് ആരോപിക്കുന്നത്. പാര്‍ട്ടി പ്രാദേശിക നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതികളാക്കി സി ബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുമുണ്ട്. എന്നാല്‍, ഫസലിനെ വധിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് പുതുതായി പുറത്തുവന്ന സുബീഷിന്റെ കുറ്റസമ്മത വീഡിയോയില്‍ പറയുന്നത്. ആര്‍ എസ് എസ് ശാഖയില്‍ നിന്നാണ് കൊലയുടെ ഗൂഢാലോചന നടന്നതെന്നും സുബീഷ് ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും വെളിപ്പെടുത്തലിലുണ്ട്. സി പി എം പ്രവര്‍ത്തകന്‍ പടുവിലായി മോഹനന്‍ വധക്കേസില്‍ കഴിഞ്ഞ നവംബറില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. മൊഴിയുടെ ശബ്ദരേഖയും വീഡിയോയും അടങ്ങുന്ന രേഖകള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കുകയും ഇതടിസ്ഥാനത്തില്‍ സംസ്ഥാന ഡി ജി പി ലോക്‌നാഥ് ബെഹ്‌റ സി ബി ഐ ഡയറക്ടര്‍ക്ക് പുനഃരന്വേഷണം ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തു. ഫസലിന്റെ സോഹദരന്‍ അബ്ദുസ്സത്താര്‍ സി ബി ഐ കോടതിയില്‍ തുടരന്വേഷണത്തിനായി ഹരജി സമര്‍പ്പിച്ചിട്ടുമുണ്ട്.

പോലീസ് ഭീഷണിപ്പെടുത്തി മൊഴിയെടുപ്പിച്ചതാണെന്നായിരുന്നു, സുധീഷ് കുറ്റം ഏറ്റുപറയുന്ന വീഡിയോ ചാനലുകള്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തപ്പോള്‍ ആര്‍ എസ് എസ് കേന്ദ്രങ്ങളുടെ പ്രതികരണം. കണ്ണൂരിലെ പത്രസമ്മേളനത്തില്‍ സുബീഷും ഇത് ആവര്‍ത്തിച്ചു. അതിനിടെ കൊല നടത്തിയത് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് സ്ഥിരീകരിക്കുന്ന തരത്തില്‍ സുബീഷും ഒരു ആര്‍ എസ് എസ് നേതാവും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. ഫസലിനെ എങ്ങനെയാണ് വെട്ടിയും കുത്തിയും കൊന്നതെന്ന വിവരണമാണ് ഫോണിലൂടെ നേതാവിന് സുബീഷ് നല്‍കുന്നത്. സുബീഷ് പോലീസിന് മൊഴി നല്‍കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഫസല്‍ വധം നടന്ന ഉടനെ നടന്നതാണ് ഈ സംഭാഷണം. അതേസമയം കൊല നടത്തിയത് സി പി എമ്മുകാരാണെന്ന് വാദിക്കുകയും സുബീഷിന്റെ കുറ്റസമ്മതം അപ്പാടെ തള്ളിക്കളയുകയുമാണ് സി ബി ഐ. കേസ് പുനഃരന്വേഷിക്കാനാകില്ലെന്നും സി ബി ഐ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയുമുണ്ടായി.

എന്‍ ഡി എഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസല്‍ തലശ്ശേരി ജെടി റോഡില്‍ 2006 ഒക്ടോബര്‍ 22നു ചെറിയ പെരുന്നാളിന്റെ തലേദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെടുന്നത്. ശീകൃഷ്ണ ജയന്തിയുടെ ഭാഗമായി ആര്‍ എസ്എസുകാര്‍ തൂക്കിയ തോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു എന്‍ ഡി എഫുമായുണ്ടായ പ്രശ്‌നങ്ങളാണ് കൊലക്ക് പിന്നിലെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. ആര്‍ എസ് എസ് പ്രവര്‍ത്തകരും എന്‍ ഡി എഫുകാരും തമ്മില്‍ വാഗ്വാദവും പോര്‍വിളിയുമെല്ലാം നടന്നിരുന്നു. വധത്തില്‍ പ്രതിഷേധിച്ചു എന്‍ ഡി എഫ് തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തില്‍ ആര്‍ എസ് എസിനെതിരെയായിരുന്നത്രേ മുദ്രാവാക്യം മുഴക്കിയിരുന്നത്. പോലീസിന്റെ തുടരന്വേഷണത്തിലാണ് സി പി എമ്മുകാരിലേക്ക് സംശയത്തിന്റെ മുന നീളുന്നത്. സി ബി ഐയും അത് ശരിവെച്ചതോടെ ആ നിലയില്‍ തന്നെ വിശ്വസിക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു കേസ് അട്ടിമറിക്കാനായി പോലീസ് കെട്ടിച്ചമച്ചതാണ് ആര്‍ എസ് എസുകാരെ പ്രതിയാക്കിയുള്ള പുതിയ കുറ്റസമ്മതമെന്ന വാദം ഇപ്പോള്‍ ഉയര്‍ന്നുവന്നത് സ്വാഭാവികമാണ്.

തങ്ങളുടെ നിഗമനത്തിനെതിരായ ഒരു കുറ്റസമ്മതം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ പുറത്തുവിടുമ്പോള്‍, ഒരു പ്രാഥമികാന്വേഷണത്തിന് പോലും മുതിരാതെ അത് തള്ളിക്കളയുന്ന സി ബി ഐ നിലപാടില്‍ ദുരൂഹതയുണ്ട്. നേരത്തെ നടന്ന അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിരിക്കാമല്ലോ. വധത്തിന്റെ വിവരണങ്ങള്‍ ആര്‍ എസ് എസ് നേതാവുമായി പങ്കിടുന്ന സുധീഷിന്റെ ഫോണ്‍ സംഭാഷണം നടന്നത് പോലീസ് മൊഴിയെടുപ്പിന്റെ മുമ്പായിരുന്നുവെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. കൊലയും സ്‌ഫോടനങ്ങളും നടത്തി കുറ്റം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പിക്കുന്നത് സംഘ് പരിവാറിന്റെ രീതിയാണെന്ന് അന്വേഷണോദ്യോഗസ്ഥന്മാര്‍ കണ്ടെത്തിയതുമാണല്ലോ. ഇനി ബി ജെ പിയും ആര്‍ എസ് എസും ആരോപിക്കുന്ന പോലെ കേസ് അട്ടിമറിക്കാന്‍ പോലീസ് ആസൂത്രണം ചെയ്ത താണ് സുബീഷിന്റെ മൊഴിയെടുക്കലും അത് വീഡിയോയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നില്‍കലുമെങ്കില്‍ അതും വെളിച്ചത്തു കൊണ്ടു വരേണ്ടതല്ലേ? അങ്ങനെ നോക്കുമ്പോഴും, വിവാദങ്ങളും ജനങ്ങള്‍ക്കിടയില്‍ അത് സൃഷ്ടിച്ച ആശയക്കുഴപ്പവും പരിഹരിക്കാന്‍ സത്യസന്ധമായ ഒരു പുനഃരന്വേഷണം തന്നെയാണ് വഴി.