ഖത്വർ പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്കയും റഷ്യയും

Posted on: June 11, 2017 10:41 pm | Last updated: June 11, 2017 at 10:41 pm

ദോഹ: ഖത്വറും മൂന്നു ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്കയും റഷ്യയും ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് യു എസ് സ്്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ടെലിഫോണില്‍ നടത്തി ചര്‍ച്ചക്കു ശേഷമാണ് പ്രസ്താവന നടത്തിയത്.
ഖത്വറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ഏഴു ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് തര്‍ക്ക പരിഹാരത്തിന് ചര്‍ച്ചകള്‍ നടത്താന്‍ റഷ്യയും അമേരിക്കയും ആവശ്യപ്പെട്ടത്. ചര്‍ച്ചകളിലൂടെ അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടതിന്റെ ആവശ്യകത രണ്ടു രാജ്യങ്ങളും ചൂണ്ടിക്കാട്ടിയതായും ഇത്തരം ശ്രമങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചതായും റഷ്യന്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. തങ്ങളുടെ ശക്തിക്കുള്ളില്‍ നിന്നുകൊണ്ട് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ റഷ്യ തയാറാണെന്ന് സെര്‍ജി ലാവ്‌റോവ് ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സംവാദത്തിലൂടെയും ചര്‍ച്ചകളിലൂടെയും അഭിപ്രായഭിന്നതകള്‍ പരിഹരിക്കുന്നതിനോടാണ് തങ്ങള്‍ക്ക് അനുകൂലനിലപാടെന്നും റഷ്യ വ്യക്തമാക്കുന്നു.