ചരിത്രമെഴുതി നദാല്‍; ഫ്രഞ്ച് ഓപ്പണില്‍ പത്താം കിരീടം

Posted on: June 11, 2017 10:12 pm | Last updated: June 11, 2017 at 10:12 pm

പാരീസ്: ടെന്നിസില്‍ പുതുചരിത്രമെഴുതി സ്പാനിഷ് താരം റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപണില്‍ പത്താം കിരീടം നേടിയ നദാല്‍ ഒരു ഗ്ലാന്‍ഡ് സ്ലാം ഏറ്റവും കൂടുതല്‍ തവണ നേടുന്ന താരമെന്ന നേട്ടത്തിനരികിലെത്തി. പുരുഷ സിംഗിള്‍സ് ഫൈനല്‍ പോരാട്ടത്തില്‍ സ്റ്റാന്‍ വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നദാല്‍ ചരിത്രം കുറിച്ചത്. സ്‌കോര്‍: 6-2, 6-3, 6-1.

കടുത്ത പോരാട്ടം നടക്കുമെന്ന പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ഏകപക്ഷീയ ജയത്തോടെയാണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് മണിക്കൂറും അഞ്ച് മുനുട്ടും നീണ്ടുനിന്ന പോരാട്ടത്തില്‍ എതിരാളിയെ പൊരുതാന്‍ പോലും അനുവദിക്കാതെ നദാല്‍ കീഴടക്കുകയായിരുന്നു.

2005, 2006, 2007,2008, 2010, 2011, 2012, 2013, 2014 വര്‍ഷങ്ങളിലാണ് നദാല്‍ ഇതിന് മുമ്പ് ഫ്രഞ്ച് ഓഫമില്‍ മുത്തമിട്ടത്. ഇതോടെ, കരിയറിലെ ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം പതിനഞ്ചായി. യു എസ് ടെന്നീസ് ഇതിഹാസം പീറ്റ് സാംപ്രാസിനെയാണ് നദാല്‍ മറികടന്നത്. പതിനെട്ട് ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കിയ റോജര്‍ ഫെഡററാണ് ഒന്നാം സ്ഥാനത്തുള്ളത്.