വൃക്കകള്‍ തകരാറിലായ സഫര്‍ കാരുണ്യം തേടുന്നു

Posted on: June 11, 2017 9:09 pm | Last updated: June 11, 2017 at 9:09 pm

ഫുജൈറ: വൃക്കകള്‍ തകരാറിലായ ആലപ്പുഴ സ്വദേശി സഫര്‍(31) ജീവന്‍ നിലനിര്‍ത്താനായി സുമനസുകളുടെ കാരുണ്യം തേടുന്നു. ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് തൈപറമ്പില്‍ കുന്നുപുറം പരേതന്‍ സത്താര്‍-ആരിഫ ദമ്പതികളുടെ മകനാണ് സഫര്‍. തുച്ചമായ വേതനത്തിന് ഗള്‍ഫില്‍ ജോലി ചെയ്ത സത്താര്‍ മൂന്ന് വര്‍ഷം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. തുടര്‍ന്ന് കുടംബം പുലര്‍ത്താന്‍ പ്ലസ് ടുവിന് ശേഷം ചെറിയ ജോലികള്‍ ചെയ്ത് സഫറും അനുജന്‍ സനഫ് ചെറിയ ജോലി തരപ്പെടുത്തി ഗള്‍ഫിലുമെത്തി.

ഇരുവരും കുടുംബം നോക്കുന്നതിനിടയിലാണ് മൂന്ന് മാസം മുമ്പ് നിനച്ചിരിക്കാതെ സഫര്‍ ഇരു വൃക്കകളും തകരാറിലായ വിവരമറിയുന്നത്. ഉപ്പയുടെ മരണവും സഹോദരന്റെ രോഗവും കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. കുടുംബത്തിന്റെ നിലനില്‍പ് വീണ്ടും ദയനീയമായി. കുന്നുംപുറത്ത് വാടക വീട്ടില്‍ ഉമ്മക്കും അനുജന്‍ സനഫിനോടൊപ്പമാണ് വൃക്കരോഗത്തില്‍ കഷ്ടപ്പെടുന്ന സഫര്‍ താമസിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ വൃക്കകള്‍ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ശസ്ത്രക്രിയക്ക് മാത്രം എട്ട് ലക്ഷം രൂപയും അനുയോജ്യമായ വൃക്കകള്‍ ലഭിക്കണമെങ്കില്‍ വേണ്ട ചിലവുകളുള്‍പെടെ 20 ലക്ഷം രൂപയുമാണ് കണക്കാക്കുന്നത്. ചികിത്സക്കും ശുശ്രൂഷക്കും മറ്റുമായി ശ്രദ്ധിക്കാന്‍ ആരുമില്ലാത്തതിനാല്‍ അനുജന്‍ സനഫിന് ഗള്‍ഫിലുണ്ടായിരുന്ന ജോലി ഉപേക്ഷിക്കേണ്ടിയും വന്നു.

സഫറിന്റെ ചികിത്സക്കായി മഹല്ല് മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ടി എ താജുദ്ദീന്റെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്ന് ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് 052-9620400.