ഖത്വരി ഉംറ തീര്‍ഥാടകനെ മക്കയില്‍ തടഞ്ഞതായി റിപ്പോര്‍ട്ട്

Posted on: June 11, 2017 6:52 pm | Last updated: June 11, 2017 at 6:52 pm

ദോഹ: മക്കയില്‍ ഉംറ നിര്‍വഹിക്കാനെത്തിയ ഖത്വരികള്‍ക്ക് ഹറം മസ്ജിദില്‍ പ്രവേശനം നിഷേധിച്ചതായി റിപ്പോര്‍ട്ട്. മസ്ജിദുല്‍ ഹറമില്‍ ഖത്വരി തീര്‍ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ചതായി ഖത്വര്‍ നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റിക്ക് (എന്‍ എച്ച് ആര്‍ സി) പരാതി ലഭിച്ചിട്ടുണ്ടെന്ന് അല്‍ ശര്‍ഖ് അറബി പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീര്‍ഥാടനത്തിനു വിലക്കുണ്ടാകില്ലെന്ന് സഊദി നേരത്തേ വ്യക്തമാക്കിയരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാനിടയാക്കുമെന്നാണ് നിരീക്ഷണങ്ങള്‍.
മനുഷ്യാവകാശ കണ്‍വന്‍ഷനുകള്‍ അനുവദിച്ച മതപരമായ അനുഷ്ഠാനങ്ങള്‍ ആചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇതെന്ന് എന്‍എച്ച്ആര്‍സി മേധാവി അലി ബിന്‍ സമൈക്ക് അല്‍മര്‍റി പറഞ്ഞു. എന്‍എച്ച്ആര്‍സി സംഭവത്തെ അപലപിച്ചതായും അല്‍ശര്‍ഖ് റിപോര്‍ട്ട് ചെയ്തു.
ഹറമിനകത്തു പ്രവേശിക്കുന്നവരെ സൗദി അധികൃതര്‍ സാധാരണയായി വംശത്തിന്റെയോ വിഭാഗങ്ങളുടെയോ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാറില്ല.
അതേ സമയം, തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഖത്തറുമായുള്ള ബന്ധം വിഛേദിക്കുന്നതായി പ്രഖ്യാപിച്ച സമയത്ത് സൗദി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, തീര്‍ഥാടകര്‍ക്കും തടസ്സം നേരിടുന്നതായാണ് പുതിയ സംഭവം തെളിയിക്കുന്നത്.