കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നു

Posted on: June 10, 2017 4:57 pm | Last updated: June 11, 2017 at 12:18 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കി 18 മാസം കഴിയുമ്പോഴാണ് അലവന്‍സുകള്‍ വര്‍ധിപ്പിക്കുന്നത്. ജൂലൈ മുതല്‍ പുതുക്കിയ ശമ്പളം രാജ്യത്തെ 49 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്രമന്ത്രിസഭ ഈ മാസം പരിഗണിക്കും. പ്രധാനമായും എച്ച്.ആര്‍. അലവന്‍സാണ് വര്‍ധിപ്പിക്കുന്നത്. 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ എച്ച്.ആര്‍. അലവന്‍സ് അടിസ്ഥാന ശമ്പളത്തിന്റെ 27% ആക്കും.

ഏഴാം ശമ്പള കമ്മിഷന്റെ 24% എന്ന നിര്‍ദേശത്തെ മറികടന്നാണ് ഈ വര്‍ധനവ്. എ.കെ. മാത്തൂറിന്റെ നേതൃത്വത്തിലുള്ള ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അലവന്‍സിന്റെ കാര്യം പുനഃപരിശോധിക്കാന്‍ അശോക് ലവാസ കമ്മിറ്റിയെയാണ് ഏല്‍പിച്ചിരുന്നത്. ഈ കമ്മറ്റിയാണ് 27% അലവന്‍സ് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ടു വെച്ചത്.നഗരങ്ങള്‍ക്കനുസരിച്ച് 24%, 16%, 8% എന്നിങ്ങനെയായിരുന്നു ഏഴാം ശമ്പള കമ്മീഷന്‍ ശപാര്‍ശ ചെയ്ത എച്ച്.ആര്‍. അലവന്‍സ്. ഡി.എ. 50 % കടന്നാല്‍ ഇത് 27, 18, 9 ആക്കി വര്‍ധിപ്പിക്കാമെന്നും പിന്നീട് ഡി.എ. 100% ആയാല്‍ 30,20,10 ആക്കി വീണ്ടും വര്‍ധിപ്പിക്കാമെന്നായിരുന്നു കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.