Connect with us

Articles

സൈന്യത്തെ തൊട്ടാലുണ്ടല്ലോ....

Published

|

Last Updated

കല്ലേറ് നിയന്ത്രിക്കാനും ക്രമസമാധാനം പാലിക്കാനും സൈന്യത്തിന് എന്തും ചെയ്യാം. അതാണ് എല്ലാ രാജ്യങ്ങളിലെയും പതിവ്. അവിടെ വാഴ്‌വ് ഏകാധിപത്യമോ ഫാസിസമോ ജനാധിപത്യമോ കമ്മ്യൂണിസമോ ഏതായാലും. അതുകൊണ്ട് കല്ലേറ് തടയാന്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിവെച്ച് 28 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ തയ്യാറായ സൈനിക ഉദ്യോഗസ്ഥന്‍ രാജ്യസ്‌നേഹിയാണ്. ധീരനാണ്. അനുകരണീയമായ മാതൃക സൃഷ്ടിച്ചവനാണ്. മേജര്‍ നിതിന്‍ ലീതുല്‍ ഗോഗോയിയുടെ “ധീരപ്രവൃത്തി”യെ അഭിനന്ദിക്കുകയും മികവിന് അംഗീകാരം നല്‍കുകയും ചെയ്ത കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ സല്യൂട്ട് ചെയ്യണം. സൈന്യത്തിന്റെ നടപടിയെ മൗനം കൊണ്ട് സാധൂകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിക്കാതെ മാതൃകകാട്ടിയ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും രാജ്യസ്‌നേഹത്തിന്റെ കാര്യത്തില്‍ സൃഷ്ടിച്ചത് പുതിയ മാതൃകയാണ്.

സീനിയോറിറ്റി മറികടന്ന് ബിപിന്‍ റാവത്തിനെ കരസേനാ മേധാവി സ്ഥാനത്ത് നിയോഗിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയുണ്ടായിരുന്നു. അന്ന് എന്താണോ ഉദ്ദേശിച്ചത് അത് നടപ്പാക്കി, രാജ്യസ്‌നേഹികളുടെ പുതിയ ശൃംഖല സൃഷ്ടിക്കാനും അവരെ അംഗീകരിച്ചുകൊണ്ട് രാജ്യസ്‌നേഹികളെ രാജ്യം മുറതെറ്റാതെ അംഗീകരിക്കുമെന്ന സന്ദേശം നല്‍കാനും ജനറല്‍ ബിപിന്‍ റാവത്തിന് സാധിച്ചിരിക്കുന്നു. അത് കാണാതിരുന്നുകൂടാ. പ്രശ്‌നബാധിത പ്രദേശങ്ങളിലെല്ലാം കഴിയുമെങ്കില്‍ മറ്റിടങ്ങളിലും (എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത എല്ലായിപ്പോഴുമുണ്ടല്ലോ?) ഇതുപോലുള്ള സൈനിക പരേഡ് പ്രതിദിന ചടങ്ങാക്കണം. സൂര്യരശ്മികള്‍ക്ക് ചൂടേറും മുമ്പ് ഒരാളെപ്പിടിച്ച് സേനാ ജീപ്പിന് മുന്നില്‍ കുറുകെ കെട്ടുക. എന്നിട്ട് കഴിയാവുന്ന റോഡുകളിലൂടെയൊക്കെ റോന്ത് ചുറ്റുക. ജനത്തെ അച്ചടക്കം പഠിപ്പിക്കാനും ക്രമസമാധനം ലംഘിച്ചാലുണ്ടാകുന്ന ശിക്ഷ മനസ്സിലാക്കിക്കൊടുക്കാനും ഇതിലപ്പുറം നല്ലൊരു മാര്‍ഗം മറ്റെന്തുണ്ട്? ജീപ്പിന് മുന്നില്‍ കെട്ടപ്പെടാന്‍ സന്നദ്ധതയറിച്ചെത്തുന്നവര്‍ക്ക് പട്ടും വളയും പ്രത്യേകം നല്‍കാം. സന്നദ്ധരായെത്താന്‍ ആളുകള്‍ വരിയായെത്തും, വിധേയരുടെ സ്വര്‍ഗത്തില്‍ ഇതിനോ പഞ്ഞം.
ജമ്മുകശ്മീരിന് ശേഷം കണ്ണൂരില്‍ ഇതൊന്നു നടന്നുകാണണമെന്ന ആഗ്രഹമായിരുന്നു കേരളത്തിലെ ബി ജെ പി നേതാക്കള്‍ക്ക്. രാജ്യസ്‌നേഹത്തില്‍ അധിഷ്ടിതമായ ആഗ്രഹമായതിനാല്‍ ചോദ്യംചെയ്യാന്‍ പാടില്ല. ആരും ചോദ്യംചെയ്യുമെന്ന് കരുതിയതുമല്ല. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം കണ്ണൂരില്‍ നടപ്പാക്കുകയും അത് നടപ്പാക്കാനെത്തുന്ന സൈന്യം ആദ്യ ദിവസം തന്നെ ജീപ്പ് പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നത് അവര്‍ സ്വപ്‌നം കണ്ടു. രാജ്യസ്‌നേഹാതിരേകത്താല്‍ ദേഹം പുളകം കൊണ്ടു.

അപ്പോഴാണ് കശ്മീരില്‍ ജീപ്പിന് മുന്നില്‍ കെട്ടിവെക്കപ്പെട്ടവന്റെ അവകാശത്തെക്കുറിച്ച് വാദിച്ച് ചിലര്‍ വന്നത്. അതിലേറ്റം പ്രധാനം തൊഴിലാളി വര്‍ഗത്തിന്റെ അവകാശത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സി പി എമ്മും അതിന്റെ നേതാക്കളും. രാജ്യത്തെ ഭരണകൂടത്തിന്റെ നയങ്ങളോട് യോജിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നവരെ അടക്കിയിരുത്താന്‍ യത്‌നിക്കുന്ന സൈന്യത്തെ വിമര്‍ശിക്കുകയോ? അതിലപ്പുറം രാജ്യദ്രോഹം മറ്റെന്തുണ്ട്? അതിരു കാക്കാന്‍ നില്‍ക്കുന്ന ജവാന്‍മാരാണ് ഈ രാജ്യം നിലനിര്‍ത്തുന്നത്. അവരില്ലെങ്കില്‍ രാജ്യം കുട്ടിച്ചോറാകും. അവരെ വിമര്‍ശിക്കാന്‍ ഡല്‍ഹിയിലെ ശീതീകരിച്ച ഓഫീസ് മുറിയിലിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലപ്പുറം അധികാരത്തിലെത്താത്ത സി പി എമ്മിന് എന്ത് അവകാശം? ജവാന്‍മാര്‍ അധികാരം അല്‍പ്പം കൂടുതല്‍ പ്രയോഗിച്ചാല്‍ എന്താണ് തെറ്റ്? അവര്‍ ജവാന്മാരാണ്. അങ്ങനെ അധികാരം പ്രയോഗിച്ചതിന്റെ ഫലമായാണ് പതിനായിരത്തോളം യുവാക്കളെ കാണാനില്ലെന്ന് പറഞ്ഞ് ജമ്മു കശ്മീരില്‍ അമ്മമാര്‍ അലഞ്ഞുതിരിയുന്നത്. രാജ്യസ്‌നേഹമുള്ളവര്‍ ആരെങ്കിലും ആ അമ്മമാരുടെ കണ്ണീരിന് വിലകല്‍പ്പിക്കുന്നുണ്ടോ? പതിനായിരം യുവാക്കളുടെ ജീവനേക്കാള്‍ പ്രധാനമല്ലേ രാജ്യം? അതൊന്നും ഓര്‍ക്കാതെ സൈന്യത്തെ വിമര്‍ശിക്കുന്നത് ശത്രുക്കള്‍ക്ക് ആയുധം പണിയലാണ്, അതു ചെയ്യുന്നവരെ കൈയേറ്റം ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. അക്രമങ്ങളെ തള്ളിപ്പറയുക എന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയും ഉത്തരവാദിത്തമായതിനാല്‍ അത് ചെയ്യും. അതിനെ രാജ്യസ്‌നേഹത്തില്‍ വെള്ളം ചേര്‍ക്കലായി കാണേണ്ടതില്ല. ഇപ്പോള്‍ അപലപിച്ച അക്രമികളെ (രാജ്യസ്‌നേഹികളെന്നാണ് വിളിക്കേണ്ടത്) പിന്നീട് സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കും. പ്രശാന്ത് ഭൂഷണെ, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ രാജ്യദ്രോഹികളായ വിദ്യാര്‍ഥിനേതാക്കളെ ഒക്കെ കൈകാര്യം ചെയ്തവരെ പിന്നീട് പദവികള്‍ നല്‍കി ആദരിച്ചതാണ് ചരിത്രം. വംശഹത്യക്ക് അധ്യക്ഷം വഹിച്ചവര്‍ പരമാധികാരികളാവുന്ന രാജ്യത്ത് ഇതൊക്കെ ചെറിയ ചെറിയ കാര്യങ്ങളല്ലേ?
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കിയ ഇടങ്ങളിലൊക്കെ സൈന്യം അതിക്രമം കാട്ടിയിട്ടുണ്ടെന്നും പ്രസംഗിച്ചു സി പി എമ്മിന്റെ മറ്റൊരു നേതാവ്. ഇത്തരം അധികാരം കിട്ടിയ ഇടങ്ങളില്‍ സൈനികര്‍ ജനത്തെ പിടികൂടി വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചുവെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നുമൊക്കെ അന്വേഷണ റിപ്പോര്‍ട്ടുണ്ടെന്നായിരുന്നു പ്രസംഗം. സൈന്യത്തെ അവഹേളിക്കാന്‍ ഇതിലപ്പുറമെന്ത് വേണം? സൈന്യത്തിന് പ്രത്യേക അധികാരം നല്‍കിയത് എന്തിനാണെന്നതില്‍ ഈ നേതാവിന് എന്തെങ്കിലും ബോധ്യമുണ്ടോ? ഉണ്ടാകാന്‍ ഇടയില്ല. സംശയം തോന്നുന്ന ആരെയും കസ്റ്റഡിയിലെടുക്കാനും കരുതല്‍ തടങ്കലില്‍ വെക്കാനും അനുവാദം പ്രത്യേക അധികാരത്തിലുണ്ട്. അങ്ങനെ കസ്റ്റഡിയിലെടുത്ത് കരുതലില്‍ വെച്ചിട്ടും സംശയം തീരുന്നില്ലെങ്കില്‍ പിന്നെ സംശയം ഇല്ലാതാക്കാന്‍ എന്താ മാര്‍ഗം? സംശയം ജനിപ്പിക്കുന്നയാളെ തന്നെ ഇല്ലാതാക്കുക തന്നെ. അത് ഒരു ഏറ്റുമുട്ടലിലൂടെയാകുമ്പോള്‍ അതേക്കുറിച്ച് കേള്‍ക്കുന്ന രാജ്യവാസികള്‍ക്കൊക്കെയൊരു രോമാഞ്ചമുണ്ടാകും. ജനത്തിന്റെ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ ഇതുമൊരു മാര്‍ഗമാണ്. അതിനെ വ്യാജ ഏറ്റുമുട്ടലെന്ന് വിശേഷിപ്പിക്കാനും രണ്ടായിരത്തിലധികം ജീവനുകളെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ടെന്നു പറയാനും ആളുകളുണ്ടാകും. കമ്മീഷനുകളുണ്ടാകും. രാജ്യ സുരക്ഷക്ക് ജീവന്‍ പണയംവെച്ച ജവാന്‍മാര്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ ആരോപണവിധേയരായാല്‍ അതിനെ ആമോദത്തോടെ സ്വീകരിക്കുന്നതാണ് രാജ്യസ്‌നേഹിക്ക് ചിതം. പിന്നെ ബലാത്സംഗം. രാജ്യാതിര്‍ത്തി കാക്കാന്‍ വ്രതമെടുത്തവരില്‍ ചിലര്‍ക്ക് ഇതൊരു വിനോദോപാധിയായാല്‍ അതിനെ വിമര്‍ശിക്കാമോ? അത് അവരുടെ മനോവീര്യത്തെ തകര്‍ക്കില്ലേ? ഇങ്ങനെയൊരു ബലാത്സംഗത്തിന്റെ “കഥ” പറഞ്ഞാണ് വ്യാഴവട്ടത്തിലേറെക്കാലം ഇറോം ശര്‍മിള ഉണ്ണാവ്രതം അനുഷ്ഠിച്ചത്? അതവസാനിപ്പിച്ച് തിരഞ്ഞെടുപ്പിന് നിന്നപ്പോള്‍ നൂറ് വോട്ട് തികച്ച് കിട്ടിയോ? അവിടുത്തെ ജനങ്ങളൊക്കെ രാജ്യസ്‌നേഹികളാണ്, പട്ടാളക്കാരുടെ അവകാശങ്ങളെ അറിഞ്ഞ് അനുവദിക്കാന്‍ മനസ്സുള്ളവരാണ്. അതൊക്കെ മനസ്സിലാക്കി വേണം ജവാന്‍മാരെക്കുറിച്ച് സംസാരിക്കാന്‍. കൊലയും ബലാത്സംഗവും ആരോപിക്കും മുമ്പ് അവര്‍ അതിര്‍ത്തി കാക്കുന്നതുകൊണ്ടാണ് ആരോപണങ്ങളുന്നയിക്കാനുള്ള സ്വാതന്ത്രവും അവകാശവും നമുക്കുള്ളതെന്ന് ഓര്‍ക്കണം. അതൊക്കെ ഓര്‍ക്കണമെങ്കില്‍ രാജ്യസ്‌നേഹിയാകണം. നിലവില്‍ ഈ അളവിലുള്ള രാജ്യസ്‌നേഹമുള്ളത് സംഘ്പരിവാര്‍ സംഘടനകളില്‍ അംഗങ്ങളായവര്‍ക്കും അവരോട് അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്കും മാത്രമാണ്. അല്ലാത്തവരൊക്കെ ദ്രോഹികള്‍, രാജ്യ ദ്രോഹികള്‍,

പിന്നെ ചിലരുണ്ട്, ഇല്ലാത്ത അവകാശങ്ങളൊക്കെ ഉണ്ടെന്ന വിശ്വാസത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അധികാരത്തെ കുറ്റപ്പെടുത്താനും മടിയില്ലാത്തവര്‍. അവരില്‍ വലിയൊരു വിഭാഗം ഇതിനകം ചേരിമാറി, വിനീത വിധേയരായിക്കഴിഞ്ഞു. ശേഷിക്കുന്നവരെ മാറ്റിയെടുക്കാന്‍ ശ്രമം നടക്കുകയാണ്. അതിലൊന്നാണ് ന്യൂ ഡല്‍ഹി ടെലിവിഷനെന്ന (എന്‍ ഡി ടി വി) വാര്‍ത്താ ചാനലിന് നേര്‍ക്കുണ്ടായ പ്രയോഗം. ഐ സി ഐ സി ഐ ബാങ്കിന് പലിശയിനത്തില്‍ 48 കോടി രൂപ നഷ്ടം വരുത്തുകയെന്നാല്‍, 130 കോടി ജനങ്ങള്‍ക്കും മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും അവകാശപ്പെട്ട വിഹിതം നഷ്ടപ്പെടുകയെന്നാണ് അര്‍ഥം. ഉത്തരവാദികളെ കണ്ടെത്തി വിധിയാംവണ്ണം ശിക്ഷിക്കുക തന്നെ വേണം. അതിനുള്ള നടപടികള്‍ക്കിടയില്‍ എന്‍ ഡി ടി വി പൂട്ടിപ്പോയാല്‍ അത്രയും നന്ന്. രാജ്യസ്‌നേഹികളായ ആര്‍ക്കെങ്കിലും ഓഹരി വിറ്റൊഴിഞ്ഞാല്‍ അതും നന്ന്.

പൊതു മേഖലാ ബേങ്കുകളില്‍ ലക്ഷക്കണക്കിന് കോടി രൂപ കിട്ടാക്കടമായുണ്ട്. അദാനി മുതല്‍ അംബാനി വരെയും വിജയ് മല്യ മുതല്‍ ജിന്‍ഡാല്‍ വരെയുമുള്ള വ്യവസായികള്‍, ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തതുകൊണ്ട് വരുത്തിവെച്ച ബാധ്യത. അതുപോലെയാണോ പലിശയിനത്തില്‍ വരുത്തിയ 48 കോടിയുടെ നഷ്ടം. രാജ്യസ്‌നേഹികളായ, രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വിഷമിക്കുന്ന വ്യവസായികളെപ്പോലെയാണോ മാധ്യമലോകം അടക്കിഭരിക്കുന്നുവെന്ന് വിശ്വസിക്കുന്ന എന്‍ ഡി ടി വിയും അതിന്റെ മുതലാളിമാരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും. അവിടെ നിന്നിറങ്ങി രാജ്യസ്‌നേഹത്തിന്റെ വെളിച്ചപ്പാടായ ഗോസാമിമാരുണ്ട്. അവരെ മാതൃകയാക്കാമായിരുന്നല്ലോ ഇവര്‍ക്ക്? ഏതാണ്ടെല്ലാവരും ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും ചേരിയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ ഒഴുക്കില്‍ ഇളകിപ്പോയ ചെറുചെടികളെക്കുറിച്ച് ഓര്‍ക്കേണ്ട കാര്യമുണ്ടോ റോയിമാര്‍ക്ക്? രാജ്യസ്‌നേഹത്തിന്റെ വന്‍മരം വളരുന്തോറും അതിന്റെ ചുവട്ടിലുള്ള തകരകള്‍ വെള്ളവും വെളിച്ചവുമില്ലാതെ നശിക്കുക സ്വാഭാവികം. അത് രാജ്യസ്‌നേഹത്തിന്റെ കുറ്റമായി കണ്ടാല്‍, ശിക്ഷിക്കാതെ തരമില്ലല്ലോ! അത് തത്ക്കാലമൊരു സി ബി ഐ കേസും റെയ്ഡുമായി തുടങ്ങിയിരിക്കുന്നു. ഇവിടെ വഴങ്ങിയാല്‍ കൂടുതല്‍ പ്രയാസങ്ങളുണ്ടാകില്ല. അല്ലെങ്കില്‍ കേസുകള്‍ കൂടും, നേരിട്ടുള്ള ആക്രമണങ്ങളുണ്ടാകും. എല്ലാറ്റിനെയും ന്യായീകരിക്കാന്‍ രാജ്യസ്‌നേഹമുണ്ടാകും.

രാജ്യമാണ് പ്രധാനം. രാജ്യമെന്നാല്‍ ഭരണകൂടമാണ്. ഭരണകൂടമെന്നാല്‍ ഇപ്പോള്‍ സംഘ്്പരിവാരമാണ്. അതുകൊണ്ട് സംഘപരിവാരമാണ് രാജ്യമെന്ന് ഗണിതശാസ്ത്ര സിദ്ധാന്തം. ജനമുണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യമുണ്ടാകും ഭരണകൂടവുമുണ്ടാകും. ജനമില്ലെങ്കിലും രാജ്യസ്‌നേഹമുണ്ടാകും. അതുകൊണ്ട് ജനത്തേക്കാള്‍ പ്രധാനമാണ് രാജ്യവും അതിനോടുള്ള സ്‌നേഹവുമെന്ന് ഗണിത ശാസ്ത്ര സിദ്ധാന്തം. ഇത് അംഗീകരിക്കാത്തവര്‍ക്ക് സ്ഥാനം ജീപ്പിന് മുന്നിലാണ്. കെട്ടിയുറപ്പിക്കാനുള്ള കയറിന്റെ പിരിമുറുക്കാന്‍ സംഘടനകള്‍ ഏറെയുണ്ട്. പല പേരുകളെങ്കിലും മൂലം ഒന്നായവ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്