മദ്യത്തിനെതിരെ സംസാരിക്കുന്നവര്‍ മദ്യം കഴിക്കുന്നവരാകരുത്: മന്ത്രി

Posted on: June 9, 2017 11:30 pm | Last updated: June 9, 2017 at 11:30 pm

തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ ഡി എഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ബാറുകള്‍ അടച്ചുപൂട്ടി മദ്യനിരോധനം വന്നിട്ടും കേരളത്തില്‍ ലഹരി ഉപയോഗം കുറഞ്ഞില്ല. മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധനയുണ്ടായി. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും. മദ്യം ഒഴിക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മദ്യനയത്തോട് സര്‍ക്കാറിന് തുറന്ന സമീപനമാണ്. പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീകോടതി വിധിയെ മാനിക്കുന്നതായും മന്ത്രി പറഞ്ഞു.

ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നാലും യു ഡി എഫ് കാലത്തെ അത്രയും വരില്ല. നിലവില്‍ 30 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് ബാറുണ്ടായിരുന്നത്. അതില്‍ ഏഴെണ്ണം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടി. 23 എണ്ണം മാത്രമാണ് ഈ ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഏഴെണ്ണം കൂടി തുറക്കും. പാതയോര മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് മൂലം സംസ്ഥാനത്തിന് പ്രതിവര്‍ഷം 2000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാവും. 815 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ ഉള്ളതില്‍ 474 എണ്ണം അടഞ്ഞുകിടക്കുകയാണ്. 922 കള്ളുഷാപ്പുകള്‍ തുറക്കാന്‍ ബാക്കിയാണ്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഒരു ബാറിനും പുതുതായി ലൈസന്‍സ് അനുവദിച്ചിട്ടില്ല.

അടച്ചുപൂട്ടിയ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക മാത്രമാണ് ചെയ്തത്. ടൂറിസം വികസനത്തിന് കൂടി വേണ്ടിയിട്ടാണ് ഈ നയം സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടുണ്ടായ തിരിച്ചടി മറികടക്കാന്‍ രണ്ട്‌വര്‍ഷം കൂടിയെടുക്കും. മന്ത്രി പറഞ്ഞു.