മനുഷ്യ ശരീരത്തിലെ ജലാംശം നിര്‍ണയിക്കുന്നതിന് ആപ്

Posted on: June 9, 2017 9:46 pm | Last updated: June 9, 2017 at 10:09 pm

ദുബൈ: മനുഷ്യ ശരീരത്തിലെ ജലാംശത്തിന്റെ തോത് അളക്കുന്നതിന് സ്മാര്‍ട് ആപ് പുറത്തിറക്കി.
സാധാരണക്കാര്‍ക്ക് കായിക അധ്വാനത്തില്‍ ഏര്‍പെടുമ്പോള്‍ നിര്‍ജലീകരണം തടയുന്നതിനും ഒ ആര്‍ എസ് ലായിനി ഉപയോഗിക്കുമ്പോള്‍ അളവ് നിശ്ചയിക്കുന്നതിനുമായിട്ടാണ് ആപ് പുറത്തിറക്കിയത്. ഏര്‍പെടുന്ന കായിക പ്രവര്‍ത്തി, സമയ ദൈര്‍ഘ്യം, കായിക പ്രവര്‍ത്തിയുടെ തീക്ഷണത, ശരീര ഭാരം, അന്തരീക്ഷോഷ്മാവ് എന്നിവ അടിസ്ഥാനമാക്കിയാണ് ശരീരത്തിന് ആവശ്യമായ ഒ ആര്‍ എസ് ലായിനിയുടെ അളവ് ആപ് നിശ്ചയിക്കുക. വിവിധ പഠനങ്ങള്‍ക്കും ഗവേഷങ്ങള്‍ക്കു ശേഷവും കായിക രംഗത്തെ അന്താരാഷ്ട്ര വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചുമാണ് ആപിന് വേണ്ട ആന്തരിക സ്രോതസ്സ് തയ്യാറാക്കിയത്.

കാലാവസ്ഥയുടെയും കായികാധ്വാനത്തിന്റെ തീവ്രതയുടെയും അടിസ്ഥാനത്തില്‍ ശരീരത്തില്‍ ജലത്തിന്റെ അളവ് കാത്തു സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കഠിനമായ മത്സരങ്ങളില്‍ ഏര്‍പെടുന്നതിന് മുമ്പ് ഉപ്പിന്റെ തോത് ക്രമപ്പെടുത്തി ജലാംശം ശരീരത്തില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.
ജലത്തിന്റെ അളവ് നിശ്ചയിക്കുന്നതിനാണ് ആപ് പ്രധാനമായും സഹായിക്കുക, ആപിന്റെ നിര്‍മാതാക്കളായ ക്ലിനോവ ഗ്രൂപ്പിന്റെ റിസര്‍ച്ച് ഡവലപ്‌മെന്റ് ഡയറക്ടര്‍ ആര്‍സലന്‍ കരിം വ്യക്തമാക്കി. 39 കായിക വിനോദോപാധികളില്‍ ഏര്‍പ്പെടുമ്പോള്‍ അന്തരീക്ഷോഷ്മാവ് കണക്കാക്കി ശരീരത്തില്‍ ആവശ്യമായ ജലത്തിന്റെ അളവ് നിജപ്പെടുത്തുന്നതിന് ആപില്‍ സൗകര്യമുണ്ട്.

ഇതിനായി ജിപിഎസ് സഹായത്തോടെ അന്തരീക്ഷ വ്യതിയാനങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനം ആപിലുണ്ട്. ആന്‍ഡ്രോയ്ഡ് ഐ ഓ എസ് ഓപ്പറേറ്റിംഗ് സംവിധാനത്തിലുള്ള മൊബൈല്‍ ഫോണുകളില്‍ ആപ് ഡൗ ണ്‍ലോഡ് ചെയ്‌തെടുക്കാം. ആപിന്റെ സുഗമമായ ഉപയോഗത്തെ കുറിച്ച് വിശദമായ വീഡിയോയും ആപിലൊരുക്കിയിട്ടുണ്ട്.