Connect with us

Kerala

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് 12ന്; ക്ലാസുകള്‍ ജൂണ്‍ 28ന് തുടങ്ങും

Published

|

Last Updated

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് മെറിറ്റ് ക്വാട്ടയിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ ട്രയല്‍ അലോട്ട്‌മെന്റ് ഈമാസം 12ന് പ്രസിദ്ധീകരിക്കും. 19ന് ആദ്യ അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങും. 27ഓടെ പ്രധാന അലോട്ട്‌മെന്റുകളെല്ലാം പൂര്‍ത്തീകരിച്ച് ഈ മാസം 28ന് തന്നെ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. ഈ അലോട്ട്‌മെന്റുകള്‍ക്ക് ശേഷവും സീറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ അടുത്ത മാസം ആറിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് എട്ടോടെ പ്രവേശന നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കാനും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള ആദ്യ അലോട്ട്‌മെന്റ് ഈമാസം 20നും രണ്ടാം അലോട്ട്‌മെന്റ് 23നും പ്രസിദ്ധീകരിക്കും. ഈ ക്വാട്ടയിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂലൈ 17നായിരിക്കും പ്രസിദ്ധീകരിക്കുക. സ്‌പോര്‍ട്‌സ് ക്വാട്ട വഴിയുള്ള പ്രവേശനത്തിനുള്ള അവസാന തീയതി ജൂലൈ 17 ആയിരിക്കും.

കമ്മ്യൂനിറ്റി ക്വാട്ടയിലേക്ക് ജൂണ്‍ 14ന് ഡാറ്റ എന്‍ട്രി ആരംഭിക്കുകയും 26ന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. 26ന് കമ്മ്യൂനിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശനം തുടങ്ങും. അടുത്ത മാസം 18നകം സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രവേശനം അവസാനിപ്പിക്കണം. മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് ഈമാസം 20ന് പ്രവേശനം ആരംഭിച്ച് 27നകം അവസാനിപ്പിക്കണം. മാനേജ്‌മെന്റ് ക്വാട്ടയില്‍ സീറ്റുകള്‍ ബാക്കിയായാല്‍ സപ്ലിമെന്ററി വഴി ജൂലൈ ആറ് മുതല്‍ 31 വരെ വീണ്ടും പ്രവേശനം നല്‍കാം.
മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള പ്രവേശനം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നല്‍കിയ ഈ സമയക്രമം അനുസരിച്ച് മാത്രമേ പാടുള്ളുവെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷാ ഫീസ് ഇനത്തില്‍ 25 രൂപയില്‍ കൂടുതല്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അപേക്ഷാ ഫീസിന്റെ പകുതി വിദ്യാഭ്യാസ വകുപ്പില്‍ നിന്നാണ് ഈടാക്കേണ്ടത്. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 28ന് ശേഷം മാത്രമേ ആരംഭിക്കാവൂ എന്നും ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പ് വരുത്തുകയും വേണം. നിര്‍ദേശം ലംഘിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് വ്യക്തമാക്കി.
5,17,409 വിദ്യാര്‍ഥികളാണ് ഇതുവരെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്. സ്‌പോര്‍ട്‌സ് ക്വാട്ട വഴി 7,171 വിദ്യാര്‍ഥികളും അപേക്ഷ നല്‍കിയിട്ടുണ്ട്. സി ബി എസ് ഇ പത്താം ക്ലാസ് ഫലം വൈകിയതാണ് പ്രവേശന നടപടികള്‍ നീളാന്‍ ഇടയാക്കിയത്.

---- facebook comment plugin here -----

Latest