Connect with us

Ongoing News

ഇന്ത്യയെ കീഴടക്കി ലങ്ക

Published

|

Last Updated

ലണ്ടന്‍: ഇന്ത്യ അടിച്ച് കൂട്ടിയ റണ്‍മല ശ്രീലങ്ക ഓടിക്കയറി ! ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. തുടര്‍ വിജയവുമായിസെമി ഉറപ്പിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്.

സ്‌കോര്‍ : ഇന്ത്യ 321/6 (50 ഓവര്‍); ശ്രീലങ്ക 322/3 (48.4 ഓവര്‍).
ശിഖര്‍ ധവാന്റെ സെഞ്ച്വറി (125) മികവില്‍ മികച്ച അടിത്തറ നേടിയ ഇന്ത്യ രോഹിതിന്റെ (78)യും ധോണിയുടെ(63)യും അര്‍ധസെഞ്ച്വറി കൂടി ചേര്‍ന്നതോടെ ടോട്ടല്‍ മുന്നൂറ് കടത്തി. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ നാലാമത്തെ ഉയര്‍ന്ന ടോട്ടലാണ് ഇന്ത്യ നേടിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാമത്തെയും. എന്നാല്‍, ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും വിജയകരമായ ചേസിംഗ് നടത്തി ശ്രീലങ്ക ഞെട്ടിച്ചു. മൂന്ന് അര്‍ധസെഞ്ച്വറി പ്രകടനങ്ങളും അതിനോട് കിടപിടിക്കുന്ന രണ്ട് ഇന്നിംഗ്‌സുകളുമായതോടെ ശ്രീലങ്ക എട്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം കടന്നു. ഓപണര്‍ ഗുണതിലക (76), മെന്‍ഡിസ് (89), ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് (52 നോട്ടൗട്ട്), ഗുണരത്‌നെ (34 നോട്ടൗട്ട്) എന്നിവരാണ് ലങ്കന്‍ ഇന്നിംഗ്‌സ് വിജയകരമാക്കിയത്.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
ബൗളിംഗില്‍ ലങ്കക്കായി ലസിത് മലിംഗരണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാറിന് മാത്രമാണ് വിക്കറ്റ്. രണ്ട് പേര്‍ റണ്ണൗട്ടാവുകയായിരുന്നു ലങ്കന്‍ നിരയില്‍. ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

സ്ഥിരതയുള്ള ധവാന്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്ഥിരതയുള്ള ബാറ്റ്‌സ്മാനാണ് ശിഖര്‍ ധവാന്‍. ശ്രീലങ്കക്കെതിരെ സെഞ്ച്വറി പ്രകടനത്തോടെ ഓപണര്‍ അത് തെളിയിച്ചിരിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ മൂന്നാം സെഞ്ച്വറി സ്വന്തമാക്കിയ ധവാന്‍ ക്രിസ് ഗെയില്‍, ഹെര്‍ഷല്‍ ഗിബ്‌സ്, സൗരവ് ഗാംഗുലി എന്നിവരുടെ ചാമ്പ്യന്‍സ് ട്രോഫി സെഞ്ച്വറികളുടെ എണ്ണത്തിനൊപ്പമെത്തി. ഐ സി സി ടൂര്‍ണമെന്റുകളില്‍ ധവാന്റെ അഞ്ചാമത്തെ സെഞ്ച്വറിയാണിത്. 2015 ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു. ഏഴ് സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ഐ സി സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍.
ഏകദിന ക്രിക്കറ്റില്‍ 77 ഇന്നിംഗ്‌സുകളില്‍ നിന്ന് ശിഖര്‍ധവാന്‍ പത്ത് സെഞ്ച്വറികള്‍ നേടി. കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ പത്ത് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയും (57) ക്വുന്റന്‍ ഡി കോകു (55)മാണ്. 80 ഇന്നിംഗ്‌സുകളില്‍ നിന്നാണ് വിരാട് കോഹ്ലി പത്ത് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത്.

Latest