ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് 19 റണ്‍സ് ജയം

Posted on: June 7, 2017 9:45 pm | Last updated: June 8, 2017 at 9:07 am

ബെര്‍മിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് 19 റണ്‍സ് ജയം. മഴ മുടക്കിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരമാണ് പാക്കിസ്ഥാന്‍ ജയിച്ചത്.

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 27 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 എടുത്തുനില്‍ക്കെ മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം വിജയലക്ഷ്യം 27 ഓവറില്‍ 101 റണ്‍സായി പുനക്രമീകരിച്ചു. ഇതോടെ പാക്കിസ്ഥാന്‍ 19 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ഫഖര്‍ സമാന്‍ (31), ബാബര്‍ അസം (31), മുഹമ്മദ് ഹഫീസ് (26) എന്നിവര്‍ പാക്കിസ്ഥാനായി ബാറ്റിംഗില്‍ തിളങ്ങി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.

പാക്കിസ്ഥാന്‍ ബൗളര്‍മാരുടെ കൃത്യതയായര്‍ന്ന ബൗളിംഗിന് മുമ്പില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ ചെറുത്തു നില്‍പ്പാതെ കീഴടങ്ങി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാസന്‍ അലിയും രണ്ട് വീതം വിക്കറ്റുകളെടുത്ത ജുനൈദ് ഖാനും ഇമാദ് വാസിമും പാക്കിസ്ഥാന്‍ ബൗളിംഗ് നിരയില്‍ തിളങ്ങി.

75 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 104 പന്തില്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും അടങ്ങുന്നതാണ് മില്ലറുടെ ഇന്നിംഗ്‌സ്. ക്വുന്റണ്‍ ഡികോക്ക് (33), മോറിസ് (28), റബാഡ (26), ഡുപ്ലെസിസ് (26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ആദ്യ പന്തില്‍ തന്നെ പുറത്തായി. ജെപി ഡുമിനി (എട്ട്), പാര്‍നെല്‍ (പൂജ്യം), മോണി മോര്‍ക്കല്‍ (പൂജ്യം) എന്നിവരും എളുപ്പത്തില്‍ കീഴടങ്ങി.