എന്തുകൊണ്ട് നക്‌സലിസം ഇത്രമേല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു?

തകര്‍ന്നു പോയ പ്രസ്ഥാനമായിട്ടും ജീവിക്കുന്ന പ്രസ്ഥാനങ്ങളെക്കാള്‍ നക്‌സലിസം ഇപ്പോഴും എന്തുകൊണ്ട് ചര്‍ച്ചകളില്‍ ഇടം നേടുന്നു? തീര്‍ച്ചയായും പരിശോധനക്ക് വിധേയമാക്കേണ്ട ഒന്നാണിത്. കേരളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും സമാന്തര പ്രസിദ്ധീകരണങ്ങളും നക്‌സല്ബാരിയെ ചര്‍ച്ചക്കെടുത്തു കൊണ്ടാടിയ പോലെ മറ്റൊരു സംഭവത്തെയും ആഘോഷിച്ചിട്ടില്ല. മലയാളിയുടെ വായന വഴിമുട്ടിയെന്നു തോന്നുമ്പോള്‍ ഇപ്പോഴും നമ്മുടെ മുഖ്യധാരാ വാരികകളും മാഗസിനുകളും നക്‌സലിസത്തിന്റെ അന്‍പാതാണ്ടുകളായി വിശദമായി ചര്‍ച്ച ചെയ്യാന്‍ സ്‌പെഷ്യല്‍ ലക്കങ്ങളിറക്കുന്നു.
Posted on: June 7, 2017 7:53 am | Last updated: June 6, 2017 at 11:15 pm

എഴുപത് വര്‍ഷത്തോട് അടുക്കുകയാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രായം. ഈ പ്രായത്തിനിടയില്‍ ഏറ്റവുമധികം ചര്‍ച്ചക്ക് വിധേയമായ സംഭവം ഏതാണെന്നു ചോദിച്ചാല്‍ ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ ഉണ്ടായേക്കും. പക്ഷേ, അതില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് അറുപതുകളുടെ അവസാനത്തില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ നക്‌സല്‍ബാരി പ്രദേശത്തു നടന്ന കാര്‍ഷിക കലാപങ്ങള്‍. ഗ്രാമങ്ങളില്‍ തുടങ്ങി പതിയെപ്പതിയെ നഗരങ്ങളെ വളയുകയും കലാപത്തിന്റെ മൂര്‍ധന്യത്തില്‍ ഇന്ത്യയെ സായുധവിപ്ലവത്തിലൂടെ മോചിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാവോയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു വലിയ പുതുമയുള്ള മൂവ്‌മെന്റായിരുന്നു അത്. അത് പിന്നീട് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെതന്നെ മാറ്റിമറിച്ച ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന വിശേഷണം കിട്ടിയ ഒരു റെവല്യൂഷനറി മുന്നേറ്റമായി അറിയപ്പെടുകയും ചെയ്തു.

ഇന്ത്യയില്‍ എന്തു സംഭവിക്കുന്നു എന്ന് ഇന്ത്യക്കാര്‍ മാത്രമല്ല ലോകമൊട്ടാകെ സാകൂതം ഉറ്റുനോക്കിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇന്ത്യയില്‍ വിപ്ലവത്തിന്റെ മണിമുഴങ്ങി എന്ന് ഇന്ത്യക്കാര്‍ അറിയുന്നതിനു മുമ്പേ മാവോ സേതുങ്ങിന്റെ ചൈനയില്‍ നിന്നു റേഡിയോ പ്രക്ഷേപണം വരികകൂടി ചെയ്തപ്പോള്‍ ഇന്ത്യയില്‍ ഇതാ കമ്യൂണിസ്റ്റ് വിപ്ലവം സമാഗതമായി എന്ന് പലരും ധരിച്ചു. അത്രമാത്രം ഇന്ത്യന്‍ രാഷ്ട്രീയ ചക്രവാളത്തില്‍ പ്രകമ്പനം സൃഷ്ടിച്ച ഒന്നായിരുന്നു തൊള്ളായിരത്തി അറുപത്തി ഏഴില്‍ നടന്ന നക്‌സല്‍ബാരി കലാപം. 1968 ഏപ്രില്‍ 22നു ലെനിന്റെ ജന്മദിനത്തില്‍ അതൊരു രാഷ്ട്രീയ പാര്‍ട്ടിയായി രൂപപ്പെടുകയും ചെയ്തു. അതുവരെ ഇന്ത്യയിലെ മറ്റൊരു വിപ്ലവപ്രസ്ഥാനവും ഉയര്‍ത്താത്ത നവീന മുദ്രാവാക്യങ്ങളും പരിചയിച്ചിട്ടില്ലാത്ത പ്രവര്‍ത്തന ശൈലിയുംമൂലം നക്‌സല്‍ബാരി പ്രസ്ഥാനം ചര്‍ച്ചകളില്‍ സവിശേഷമായ ഇടം നേടി. വിപ്ലവം തോക്കിന്‍കുഴലിലൂടെ, വിപ്ലവം വിരുന്നുസത്കാരമല്ല, ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞുപിടിക്കുക, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക… തുടങ്ങി അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എല്ലാ അര്‍ഥത്തിലും പുതുമയുള്ളതായിരുന്നു. വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യുകയെന്ന ചാരുമജൂംദാര്‍ ലൈനും ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയെ തീര്‍ത്തും വ്യത്യസ്തമാക്കി. ഇന്ത്യയിലെ പാരമ്പര്യ കമ്യൂണിസ്റ്റു പാര്‍ട്ടികളെയെല്ലാം റിവിഷനിസ്റ്റുകളായി മുദ്രചാര്‍ത്തിക്കൊണ്ട് വര്‍ഗശത്രുക്കളോട് ഒരു അനുരഞ്ജനത്തിനും തയ്യാറാകാതെ ഭരണകൂടത്തെ നേരിട്ടാക്രമിക്കുകയെന്ന നയമാണവര്‍ സ്വീകരിച്ചത്.
അതുകൊണ്ട് തന്നെ പരസ്യപ്രവര്‍ത്തനം അസാധ്യമാകുകയും ഒളിപ്രവര്‍ത്തനവും സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുക്കലും നക്‌സലിസത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായി. സാഹസികമായ ഈ മുന്നേറ്റത്തിന് ബംഗാളില്‍ മാത്രമല്ല സ്വീകാര്യത ലഭിച്ചത്. ജന്മിത്വത്തിന്റെയും ഫ്യൂഡലിസത്തിന്റെയും കൊടിയ ചൂഷണങ്ങള്‍ നടക്കുന്ന ഇന്ത്യയുടെ പല ഭാഗത്തും അതിന്റെ അലയടികള്‍ രൂപപ്പെട്ടുതുടങ്ങി. ആന്ധ്രയും ബീഹാറും മഹാരാഷ്ട്രയും തമിഴ്‌നാടും കര്‍ണാടകയും കേരളവുമെല്ലാം നക്‌സലൈറ്റ് മൂവ്‌മെന്റുകള്‍ക്ക് സാക്ഷിയായി. ചാരുമജൂംദാര്‍ മാത്രമല്ല കനുസന്യാലും കൊണ്ടപ്പള്ളി സീതരാമയ്യയും ഇങ്ങ് കേരളത്തില്‍ കുന്നിക്കല്‍ നാരായണനും കിസാന്‍ തൊമ്മന്‍, വര്‍ഗീസ്, കെ അജിത തുടങ്ങി നിരവധി വിപ്ലവ നേതാക്കള്‍ ഉയര്‍ന്നു വന്നു. അതിസാഹസികതയുടെ അധ്യായങ്ങള്‍ ഇവരുടെയൊക്കെ പേരില്‍ കുറിക്കപ്പെട്ടു. ആന്ധ്രയിലെ ശ്രീകാകുളത്ത് ചന്ദ്രമ്മയും കേരളത്തിലെ വയനാടന്‍ മലകളില്‍ അജിതയുമെല്ലാം നടത്തിയ പ്രവര്‍ത്തനം വിപ്ലവമുന്നേറ്റത്തിലെ സാഹസിക ചരിത്രമായി ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ ന്യായമുണ്ടായിട്ടും സ്വീകരിച്ച മാര്‍ഗങ്ങളില്‍ അയുക്തികതയും ഭീകരതയുടെ അംശവും മുന്നിട്ടുനിന്നപ്പോള്‍ ഭരണകൂടത്തിന് അത് അടിച്ചമര്‍ത്താന്‍ എളുപ്പമാകുകയും അതിന്റെ തകര്‍ച്ച സംഭവിക്കുകയും ചെയ്തു.

തകര്‍ന്നു പോയ പ്രസ്ഥാനമായിട്ടും ജീവിക്കുന്ന പ്രസ്ഥാനങ്ങളെക്കാള്‍ നക്‌സലിസം ഇപ്പോഴും എന്തുകൊണ്ട് ചര്‍ച്ചകളില്‍ ഇടം നേടുന്നു? തീര്‍ച്ചയായും പരിശോധനക്ക് വിധേയമാക്കേണ്ട ഒന്നാണിത്. കേരളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും സമാന്തര പ്രസിദ്ധീകരണങ്ങളും നക്‌സല്ബാരിയെ ചര്‍ച്ചക്കെടുത്തു കൊണ്ടാടിയ പോലെ മറ്റൊരു സംഭവത്തെയും ആഘോഷിച്ചിട്ടില്ല. മലയാളിയുടെ വായന വഴിമുട്ടിയെന്നു തോന്നുമ്പോള്‍ ഇപ്പോഴും നമ്മുടെ മുഖ്യധാരാ വാരികകളും മാഗസിനുകളും നക്‌സലിസത്തിന്റെ അന്‍പതാണ്ടുകളായി വിശദമായി ചര്‍ച്ച ചെയ്യാന്‍ സ്‌പെഷ്യല്‍ ലക്കങ്ങളിറക്കുന്നു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളില്‍ മൂല്യച്യുതി വല്ലാതെ പെരുകിവരുമ്പോള്‍ അതില്‍ മനം മടുത്ത് രാഷ്ട്രീയമായി പലരും നിഷ്‌ക്രിയരാവുന്നു. എന്നാല്‍ പൊരുതിനില്‍ക്കാനും അനീതിക്കെതിരെ കലാപത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാനും അക്കാദമിക്ക് ബുദ്ധിജീവികളടക്കം ഒന്നുകില്‍ നക്‌സലിസത്തിന്റെയോ അല്ലെങ്കില്‍ അതിന്റെ പുതിയ വകഭേദമായ മവോയിസത്തിന്റെയോ സഹയാത്രികരായി പ്രത്യക്ഷപ്പെടുന്നത് കാണാം. അതിനര്‍ഥം അപചയങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തമായ തിരുത്തും ജനങ്ങളില്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും ബാക്കിവെക്കാന്‍ ഈ തീവ്രവിപ്ലവപാതക്ക് കഴിഞ്ഞിരുന്നു എന്നത് കൂടിയാണ്. എന്നിട്ടും എന്തുകൊണ്ട് പലയിടത്തും അതിനു പിടിച്ചുനില്‍ക്കാനായില്ല എന്നത് പരിശോധന അര്‍ഹിക്കുന്നുണ്ട്.
അതിന്റെ സ്ഥാപക നേതാക്കളില്‍ പലരുടേയും അന്ത്യം തന്നെ അങ്ങേയറ്റം സഹതാപാര്‍ഹമായിരുന്നു. നിരവധി ഭീകര മര്‍ദനങ്ങളും ഭരണകൂടത്തിന്റെ ഒറ്റപ്പെടുത്തലുകളും അതിജീവിക്കാന്‍ കരുത്ത് കാട്ടിയ കനുസന്യാല്‍പോലും ഒരു മുഴം കയറില്‍ ജീവന്‍ ഒടുക്കി അനുയായികളെ മാത്രമല്ല എതിരാളികളെപ്പോലും ഞെട്ടിച്ചുകളയുകയാണുണ്ടായത്. അവസാനനാളുകളില്‍ സാക്ഷാല്‍ ചാരുമാജുംദാര്‍ പോലും അങ്ങേയറ്റം ക്ലേശകരമായ രീതിയിലുള്ള ഒരന്ത്യത്തെയാണ് വരിച്ചുകളഞ്ഞത്. 1972 ജൂലൈ 16നു ലാല്‍ബസാറിലെ ലോക്കപ്പില്‍ അടക്കപ്പെട്ട അദ്ദേഹം പന്ത്രണ്ടു ദിവസത്തിനു ശേഷം ജൂലായ് 28ന് കസ്റ്റഡിയില്‍ വെച്ചാണ് മരണപ്പെട്ടത്. വിക്രമന്‍ നായര്‍ എന്ന മലയാളി പത്രപ്രവര്‍ത്തകന്‍ നക്‌സല്‍ബാരിയില്‍ സന്ദര്‍ശനത്തിനെത്തിയ സമയത്ത് കണ്ട ഒരു ദയനീയ കാഴ്ചയെക്കുറിച്ച് എഴുതിയിട്ടുണ്ട്. നക്‌സല്‍ബാരിയുടെ ആദ്യത്തെ നോട്ടീസ് ഇറങ്ങിയത് ജങ്കല്‍ശാന്തലി എന്ന ഒരു നേതാവിന്റെ പേരിലായിരുന്നുവത്രേ. ആ മനുഷ്യനെ താന്‍ കാണുമ്പോള്‍ വഴിയോരത്ത് മദ്യപിച്ച് പിച്ചും പേയും പറഞ്ഞ് നടക്കുന്നത്കണ്ട് ശരിക്കും ഞെട്ടിപ്പോയി എന്നാണ് വിക്രമന്‍ നായര്‍ കുറിച്ചത്.

കേരളത്തിലാണെങ്കില്‍ എണ്‍പതുകളുടെ അവസാനത്തോടെ നക്‌സല്‍ പ്രസ്ഥാനം അമ്പേ തകര്‍ന്നടിഞ്ഞു എന്നു വേണം കരുതാന്‍. കേരളത്തിന്റെര ചാരുമജുംദാര്‍ ആയി വിശേഷിപ്പിക്കപ്പെട്ടിരുന്ന കെ വേണുവൊക്കെ നിര്‍ജീവമാകുക മാത്രമല്ല ചെയ്തത്. നേരെ എതിര്‍ദിശയില്‍ സഞ്ചരിക്കുകയും മുതലാളിത്തമാണ് ശരിയെന്നുവരെ വ്യാഖ്യാനിക്കുന്ന തലത്തില്‍ എത്തി. ഫിലിപ്പ് എം പ്രസാദ് എന്ന നേതാവ് സുവിശേഷ പ്രാസംഗികനും സായിഭക്തനുമൊക്കെയായി മാറി. മുന്‍ നക്‌സലൈറ്റ് എന്നത് ഇപ്പോള്‍ വില്‍പനച്ചരക്ക് മാത്രമാണെന്നും താനായിട്ട് എന്തിന് ആ സാധ്യത ഉപേക്ഷിക്കണം എന്നുവരെ ഫിലിപ്പ് ഇയിടെ പറഞ്ഞുവെച്ചു. കെ അജിത പഴയനക്‌സലൈറ്റ് പരിവേഷത്തിലേറെ സ്ത്രീ പ്രശ്‌നങ്ങളില്‍ ഊന്നിനില്‍ക്കുന്ന ‘അന്വേഷി’ എന്ന സംഘടനയുടെ ബാനറില്‍ അറിയപ്പെടാനാകും ഇപ്പോള്‍ താത്പര്യപ്പെടുക. കെ ടി കുഞ്ഞിക്കണ്ണനും ഭാസുരേന്ദ്ര ബാബുവുമൊക്കെ സി പി എം ലൈനില്‍ എത്തിക്കഴിഞ്ഞു. ഒരുപക്ഷേ മുണ്ടൂര്‍ രാവുണ്ണിയെന്ന നേതാവ് മാത്രമായിരിക്കും പഴയ സാഹസിക പാതയെ നൂറുശതമാനവും ഇപ്പോഴും പിന്തുണക്കുന്ന ഒരേയൊരാള്‍.
സാഹിത്യ രംഗത്ത് നവഭാവുകത്വത്തിന്റെ കൊടിയടയാളമായ ‘സാംസ്‌കാരിക വേദി’ എന്ന സംഘടനയിലൂടെ സര്‍ഗ പ്രതിഭകളുടെ വലിയ പിന്തുണ ആ കാലത്ത് ലഭിച്ച പ്രസ്ഥാനമാണ് കേരളത്തിലെ സി പി ഐ എം എല്‍. കേരളത്തിലെ തലയെടുപ്പുള്ള പല കവികളും, സച്ചിദാനന്ദനും കെ ജി എസ്സും ആറ്റൂരും കടമ്മനിട്ടയുമടക്കം ഈ സംഘത്തിനു വേണ്ടി തെരുവോരങ്ങളില്‍ കവിത ആലപിച്ചു നടന്നവരാണ്. സിവിക് ചന്ദ്രന്‍ കവിത കൊണ്ടും നാടകം കൊണ്ടും പ്രസ്ഥാനത്തിന് അക്കാലത്ത് ഊര്‍ജം പകര്‍ന്നിരുന്നു. വിരോധാഭാസമെന്നു പറയട്ടെ ഭൂതകാലത്തെ അപ്പാടെ തള്ളിപ്പറയുന്ന കൂട്ടത്തിലും ഈ സിവിക് ചന്ദ്രനെയൊക്കെയാണ് മുന്‍പന്തിയില്‍ കാണപ്പെട്ടതും. ഇങ്ങനെ ഏറ്റുപിടിച്ചവരൊക്കെ കൈയൊഴിഞ്ഞിട്ടും ആര്‍ക്കു വേണ്ടിയായിരുന്നോ ഇവര്‍ പോരാടിയത് അവരൊന്നും തിരിച്ചൊരു നന്ദി വാക്കുപോലും നല്‍കാതെ അവഗണിച്ചിട്ടും കേരളത്തില്‍ മാധ്യമങ്ങള്‍ക്കിപ്പോഴും രാഷ്ട്രീയ ചാകര പഴയ നക്‌സല്‍ ബാരിയെ കൊയ്‌തെടുക്കല്‍ തന്നെയാകുന്നു. എന്തായിരിക്കും ഇതിന്റെ പിന്നിലെ ചേതോവികാരം?

സ്വാതന്ത്ര്യാനന്തരം എഴുപതു വര്‍ഷം പിന്നിട്ടിട്ടും തങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ച വ്യവസ്ഥാപിത പ്രസ്ഥാനങ്ങള്‍ ഒന്നും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല എന്ന ബോധം ഓരോ ശരാശരി രാഷ്ട്രീയക്കാരനേയും ശരിക്കും അലട്ടുന്നുണ്ടെന്ന സത്യം മറ്റാരേക്കാളും തിരിച്ചറിഞ്ഞവരാണ് ഇന്ത്യന്‍ മീഡിയകള്‍. അതുകൊണ്ടുതന്നെ ഇന്ത്യപോലെ സായുധസജ്ജമായ ഒരു ഭരണകൂടത്തിനുമേല്‍ ഒരിക്കലും വിപ്ലവം നടത്തി വിജയിച്ചുകയറാന്‍ നക്‌സലൈറ്റുകള്‍ക്കും പുതിയ മാവോയിസ്റ്റുകള്‍ക്കും കഴിയില്ല എന്നും അവര്‍ക്കറിയാം. ഒരിക്കലും ആ തരത്തിലുള്ള ഒരു സായുധ വിപ്ലവം ഇന്ത്യയില്‍ നടക്കരുത് എന്ന നയം തന്നെയാണ് തകര്‍ന്നു പോയ ആ പ്രസ്ഥാനത്തെ വീണ്ടും വീണ്ടും ചര്‍ച്ചക്ക് എടുക്കുമ്പോഴും മാധ്യമ മുതലാളിമരുടെ ഉള്ളിലിരുപ്പ് എന്നുറപ്പാണ്. അതുകൊണ്ടായിരുന്നു ഈ മൂവ്‌മെന്റ് ശക്തിപ്പെടുന്നു എന്നു തോന്നിപ്പിച്ച ആദ്യകാലത്തൊന്നും ഒരു പിന്തുണയും ഇവര്‍ നല്‍കാതെപോയത്. പിന്തുണച്ചില്ല എന്നു മാത്രമല്ല വയനാടന്‍ കാടുകളില്‍ സമരം നയിച്ച വര്‍ഗീസിനെ കൊള്ളക്കാരനായും കെ അജിതയെയൊക്കെ മോശക്കാരിയുമായി ചിത്രീകരിച്ച് ഭരണകൂടത്തിനും ഫ്യൂഡല്‍ മാടമ്പിമാര്‍ക്കും വേണ്ടി അച്ചുനിരത്തുന്നതിലായിരുന്നു അന്ന് വന്‍കിട മാധ്യമങ്ങള്‍ക്ക് താത്പമര്യം.

ഇപ്പോഴും ഇവരെയൊക്കെ നയിക്കുന്ന വികാരം ആന്റിനക്‌സലിസവും ആന്റിമാവോയിസവുമൊക്കെത്തന്നെയാണ്. ഈ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളുടെ കളംമാറ്റി ചവിട്ടലുകള്‍ സ്‌പെഷ്യല്‍ ലക്കങ്ങള്‍ ഇറക്കി നക്‌സലിസം ചര്‍ച്ചകയാക്കുമ്പോള്‍ ഇവരുടെ താത്പര്യ സംരക്ഷണത്തിന് സഹായകരമാകുന്നുണ്ട്. സത്യത്തില്‍ ഇതിത്രവേഗം തകര്‍ന്നടിയേണ്ടിയിരുന്ന ഒന്നായിരുന്നോ ഇവരുയര്‍ത്തുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍? അതിപ്പാഴും പരിഹരിക്കപ്പെടാതെ കിടക്കുകയല്ലേ? ആ തലത്തിലാവേണ്ടിയിരിക്കുന്നു അടിക്കടിയുണ്ടാവുന്ന തകര്‍ന്നുപോയ തീവ്ര വിപ്ലവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നത്. അല്ലാതെ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂന്നിയ നക്‌സലൈറ്റ് പോസ്റ്റ്‌മോര്‍ട്ടം അടിക്കടി ആവര്‍ത്തിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല.