ഹൃദയ സാന്നിധ്യമുള്ള നിസ്‌കാരമുണ്ടാകാന്‍

Posted on: June 6, 2017 11:28 pm | Last updated: June 6, 2017 at 11:28 pm

റഫീഖിന് പെട്ടെന്നാണ് ഒരു മങ്ങല്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. പിന്നീടവന്റെ കാഴ്ച കുറഞ്ഞുവന്നു. പലരും ചികിത്സിച്ചു. ഒരുപാട് പണം കത്തിച്ചു. ഒടുവില്‍ വിദഗ്ധനായ ഒരു ഡോക്ടറുടെ ട്രീറ്റ്‌മെന്റ് ഫലം കണ്ടു. ഒരോ വട്ടം ഡോക്ടറെ കാണാനും മുന്നൂറ് രൂപ വീതം ഫീസ് കൊടുത്തിരുന്നു. ഓപറേഷന് ഒരു ലക്ഷം ആദ്യം കെട്ടിവെക്കേണ്ടിവന്നിട്ടുമുണ്ട്. എന്നാലും സുഖപ്പെട്ടല്ലോ. റഫീഖിന് ആ ഡോക്ടറോട് വല്ലാത്ത നന്ദി തോന്നി.

അങ്ങനെയാണ് ഒരു രാത്രി പന്ത്രണ്ട് മണിക്ക് ഡോക്ടര്‍ റഫീഖിനെ വിളിച്ചു കൊണ്ട് ‘എന്നെയൊന്ന് ആശുപത്രിയില്‍ എത്തിക്കണം, ഡ്രൈവറില്ല’ എന്ന് പറയുന്നത്. എല്ലാ ക്ഷീണവും മറന്ന് റഫീഖ് ചാടിയെഴുന്നേറ്റ് ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചു. ഓര്‍മിക്കുക, ഈ നന്ദിബോധം റഫീഖിന്റെ സ്ഥാനത്ത് നാമായിരുന്നെങ്കില്‍ നമ്മളും പ്രകടിപ്പിക്കുകയില്ലേ? തീര്‍ച്ചയായും ഉണ്ടാവും.

എന്നാല്‍, ചിന്തിക്കുക. ഒരു ചില്ലിക്കാശ് ഫീസ് ഈടാക്കാതെ, വാടക ചോദിക്കാതെ രണ്ട് കണ്ണുകളും ഹാര്‍ട്ട്, കിഡ്‌നി, ചെവി, മസ്തിഷ്‌കം, ആമാശയം… എല്ലാം നമുക്ക് തന്ന അല്ലാഹു പാതിരക്കൊന്നും നമ്മെ വിളിച്ചിട്ടില്ല. പ്രഭാത സമയത്ത് വളരെ സൗമ്യമായി ‘നിസ്‌കാരമാണ് ഉറക്കിനെക്കാള്‍ ഉത്തമം’ എന്ന് വിളിച്ച് പറഞ്ഞിട്ടും പുതപ്പിനകത്തേക്ക് ചുരുണ്ടുകൂടുന്നവന്‍ നന്ദികെട്ടവനല്ലേ?
സൃഷ്ടിച്ച് അന്നം തന്ന് പരിപാലിക്കുന്ന അല്ലാഹുവിനോട്, അവന്റെ അടിമകള്‍ കാണിക്കുന്ന നന്ദിപ്രകടനമാണ് അഞ്ച് സമയങ്ങളിലെ നിസ്‌കാരം. നന്ദിബോധമുള്ളവര്‍ ഈ അവസരം കാത്തിരിക്കും.

നിസ്‌കാരം യജമാനനുമായുള്ള അഭിമുഖമാണ്. രാജാവ് പ്രജകളോട് നേരിട്ട് സംസാരിക്കാന്‍ സമയം അനുവദിച്ചാല്‍ സമയത്തിനു മുമ്പ് തന്നെ ഒരുങ്ങിപ്പുറപ്പെട്ട് രാജകൊട്ടാരത്തില്‍ കാത്തിരിക്കുകയില്ലേ? ഇതുപോലെയാണ് ദിവസവും തന്റെ അടിമകള്‍ക്ക് പറയാനുള്ളത് നേരിട്ട് പറയാനുള്ള ഈ അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ അവന്റെ വീട്ടിലെത്തി കാത്തുനില്‍ക്കുന്നത്.
മനസ്സിനെ അലട്ടുന്ന സങ്കടങ്ങളും നീറുന്ന പ്രശ്‌നങ്ങളുമെല്ലാം അവന്റെ മുന്നില്‍ നിരത്തുന്നതോടെ വലിയൊരു ഭാരം ഇറക്കിവെച്ച പ്രതീതിയാണ് വിശ്വാസിക്ക് ലഭിക്കുന്നത്. ഹുദൈഫ(റ) പറയുന്നു: നബി(സ)യെ വല്ല കാര്യവും അലട്ടുന്നുവെങ്കില്‍ വേഗം നിസ്‌കാരത്തിലേക്ക് പ്രവേശിക്കുമായിരുന്നു.(അഹ്മദ്)
ഭക്തിനിറഞ്ഞ നിസ്‌കാരം മനസ്സിന്റെ സമനില വീണ്ടെടുത്തുതരും. നിരാശാബോധം, വിഷാദരോഗം തുടങ്ങിയ മാനസിക സംഘര്‍ഷങ്ങളെ ഇല്ലാതെയാക്കും. ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും. ഭക്തിയുള്ള നിസ്‌കാരത്തിന് അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഒന്ന്: ബാങ്കും ഇഖാമത്തും കൊടുത്ത് നിസ്‌കരിക്കുക. മനസ്സില്‍ വികല ചിന്തകള്‍ നല്‍കി ശ്രദ്ധ മാറ്റുന്നത് പിശാചാണ്. അവനെ വിരട്ടാന്‍ ഇതിന് വലിയ ശക്തിയുണ്ട്.
രണ്ട്: നിസ്‌കരിക്കുമ്പോഴെല്ലാം ഇതെന്റെ ജീവിതത്തിലെ അവസാന നിസ്‌കാരമായിരിക്കാം എന്ന് ചിന്തിക്കുക.(ഇബ്‌നു മാജ) ഇത് ഓരോ നിസ്‌കാരത്തിലും ഭക്തിയുണ്ടാകാന്‍ കാരണമാകും.
മൂന്ന്: നിസ്‌കാരത്തിലെ ദിക്‌റ് ദുആകളുടെ അര്‍ഥം ചിന്തിച്ചുകൊണ്ട് നിസ്‌കരിക്കുക.
നാല്: എല്ലാ റകഅത്തുകളിലും ഫാതിഹക്ക് മുമ്പ് പിശാചിന്റെ ഉപദ്രവമകറ്റാന്‍ വേണ്ടി ‘അഊദു’ ചൊല്ലുക.
അഞ്ച്: തന്റെ രക്ഷിതാവ് മുന്നിലുണ്ടെന്ന ഭാവത്തോടെ നിസ്‌കരിക്കുക. ഒപ്പം നിസ്‌കാരത്തെക്കുറിച്ച് ശ്രദ്ധയില്ലാത്തവര്‍ക്ക് വരാന്‍ പോകുന്ന സര്‍വനാശത്തെക്കുറിച്ചും ആലോചിച്ചാല്‍ ഭക്തി തുളുമ്പുന്ന നിസ്‌കാരം നിര്‍വഹിക്കാനാകും. അറിയുക, ഹൃദയ സാന്നിധ്യമില്ലാത്ത നിസ്‌കാരം അല്ലാഹു സ്വീകരിക്കില്ല.