ഗര്‍ഭിണിയെ ചുട്ടുകൊന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍

Posted on: June 6, 2017 10:32 pm | Last updated: June 6, 2017 at 10:32 pm

ബെംഗളൂരു: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ കുടുംബാംഗങ്ങള്‍ ജീവനോടെ ചുട്ടുകൊന്ന കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരന്‍ അക്ബര്‍ മുഹമ്മദ് സാബ് (20), മാതാവ് റംസാന്‍ ബി (65), സഹോദരി ദവന്‍ ബി എന്ന സല്‍മ (35), സദോഹരീ ഭര്‍ത്താവ് ഗിലന്‍ ദാക്‌നി (40) എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവില്‍ നിന്ന് 483 കിലോമീറ്റര്‍ അകലെ ഉത്തര കര്‍ണാടകയിലെ ഗിണ്ടനകാല ഗ്രാമത്തിലാണ് സംഭവം നടന്നത്. ദളിത് യുവാവുമായുള്ള വിവാഹത്തെ യുവതിയുടെ കുടുംബം എതിര്‍ത്തതോടെ ഗോവയിലെത്തി ഇരുവരും വിവാഹം കഴിച്ചിരുന്നു. ദമ്പതികള്‍ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലൈംഗിക പീഡനത്തിന് യുവാവിനെതിരെ പരാതി നല്‍കാന്‍ യുവതിയെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി വഴങ്ങിയില്ല. പിന്നീട് യുവാവിനെ യുവതിയുടെ കുടുംബാംഗങ്ങള്‍ ആക്രമിച്ചു. സംഭവത്തില്‍ പരാതി നല്‍കിയ യുവാവ് പോലീസ് സംഘത്തോടൊപ്പം യുവതിയുടെ വീട്ടിലേക്ക് തിരിച്ചതിന് പിന്നാലെയാണ് ഗര്‍ഭിണിയായ യുവതിയെ ചുട്ടുകൊന്നത്.