ഖത്തര്‍: ക്രഡിറ്റ് ഏറ്റുപിടിച്ച് ട്രംപ്; തീവ്രവാദത്തെ തുടച്ചുനീക്കുന്നതിന്റെ തുടക്കം

Posted on: June 6, 2017 6:31 pm | Last updated: June 7, 2017 at 7:46 am

ന്യൂയോര്‍ക്ക്: ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന്റെ ക്രഡിറ്റ് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ഖത്തര്‍ വിഷയത്തില്‍ രണ്ട് ട്വീറ്റുകളാണ് ഇന്ന് ട്രംപ് നടത്തിയത്. രണ്ടും അമേരിക്കയാണ് അറബ് രാഷ്ട്രങ്ങളെ ഖത്തറിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എന്ന് വ്യക്തമാക്കുന്നവയാണ്.

അടുത്തിടെ താന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ഒരുനിലക്കും ഫണ്ട് നല്‍കരുതെന്ന് പ്രസ്താവിച്ചിരുന്നു. നേതാക്കള്‍ ഇപ്പോള്‍ ഖത്തറിനെതിരെ വിരല്‍ ചൂണ്ടിയിരിക്കുന്നു – ഇതാണ് ട്രംപിന്റെ ആദ്യ ട്വീറ്റ്.

തീവ്രവാദത്തെ തുടച്ചുനീക്കുന്നതിന്റെ തുടക്കമാണ് ഖത്തറിനെതിരായ നീക്കമെന്ന് രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നു.

ട്രംപിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അറബ് രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ കരുനീക്കം തുടങ്ങിയത്. അമേരിക്കയാണ് ഈ ഉപരോധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആരോപണം നേരത്തെ തന്നെ ഉയരുകയും ചെയ്തിരുന്നു.