രത്‌നക്കല്ലുകളുടെ വില്‍പനയില്‍ അബുദാബിക്ക് മുന്നേറ്റം

Posted on: June 6, 2017 5:02 pm | Last updated: June 6, 2017 at 5:02 pm

അബുദാബി: രത്‌നക്കല്ലുകളുടെയും മറ്റും വില്‍പനയില്‍ അബൂദബിക്ക്‌വന്‍മുന്നേറ്റം. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അബുദാബിയാണ് ഈ രംഗത്ത് റെക്കോര്‍ഡ് വില്‍പന കുറിച്ചിരിക്കുന്നത്. രത്‌നക്കല്ലുകള്‍, പവിഴം, അമൂല്യലോഹങ്ങള്‍ എന്നിവയില്‍ അബുദാബി ഈ വര്‍ഷം ആദ്യ പാദത്തില്‍ 470 കോടി ദിര്‍ഹത്തിന്റെ വ്യാപാരം നടത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 330 കോടി ദിര്‍ഹത്തിന്റെ വ്യാപാരമായിരുന്നു ഉണ്ടായിരുന്നത്. അബുദാബി സ്റ്റാറ്റിസ്റ്റിക്‌സാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. പവിഴം, രത്‌നം, അമൂല്യ ലോഹങ്ങള്‍ എന്നിവയുടെ വ്യാപാരത്തില്‍ സ്ഥിരതയുള്ള വര്‍ധനയുണ്ടായതായും ഇത്തരം വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി യു.എ.ഇ മാറുകയാണെന്നും വ്യാപാരികള്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ ഇവക്ക് ആവശ്യകത കൂടുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ഈ വര്‍ഷം ആദ്യ പാദത്തില്‍ അബുദാബിയിലെ വിവിധ തുറമുഖങ്ങളില്‍ നിന്ന് കയറ്റിയയച്ച രത്‌നങ്ങളും പവിഴങ്ങളും അമൂല്യ ലോഹങ്ങളും 210.3 കോടി ദിര്‍ഹത്തിന്റേതാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 71.9 കോടി ദിര്‍ഹത്തിന്റേത് മാത്രമായിരുന്നു. പ്രതിമാസ കണക്ക് നോക്കുകയാണെങ്കില്‍ 11 കോടി ദിര്‍ഹത്തില്‍നിന്ന് 49.1 കോടി ദിര്‍ഹത്തിലേക്കാണ് ഈ വര്‍ഷത്തെ കുതിച്ചുചാട്ടം. 2017 ആദ്യ പാദത്തിലെ ഇറക്കുമതി 238.7 കോടി ദിര്‍ഹത്തിന്റെ ഉല്‍പന്നങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്18.7 കോടി ദിര്‍ഹത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.