Connect with us

Eranakulam

ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ഹൈക്കോടതി. കോടതി ഉത്തരവ് സര്‍ക്കാര്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും കോടതി പറഞ്ഞു. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ബാറുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയുടെ ചുമലില്‍ കയറി വെടിവെയ്‌ക്കേണ്ടെന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ തിരിച്ചും വെടിവെയ്ക്കാനറിയാമെന്ന് ഹൈക്കോടതി സര്‍ക്കാരിന് താക്കീത് നല്‍കി. മദ്യശാലകള്‍ തുറക്കണമെന്ന് ഉത്തരവിട്ടിട്ടില്ല. ദേശീയ പാതയോരമാണെങ്കില്‍ മദ്യശാലകള്‍ പൂട്ടണം. പിന്നെ എന്തിനാണ് കോടതിയുടെ ചുമലില്‍ ചാരി മദ്യശാലകള്‍ തുറന്നതെന്നും ഹൈക്കോടതി ചോദിച്ചു.

ദേശീയപാതയാണെന്ന് പൊതുമരാമത്ത് മന്ത്രിക്ക് അറിയാമായിരുന്നെങ്കില്‍ എന്തിന് മദ്യശാലകള്‍ തുറന്നെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. മന്ത്രിക്ക് അതറിയാമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് അതറിയില്ലേയെന്നും കോടതി ചോദിച്ചു. സര്‍ക്കാരിനും ദേശീയ പാതയെന്ന് ബോധ്യമുണ്ടായിരുന്നു. പിന്നെന്തിന് ബാര്‍ തുറന്നുവെന്നും കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഹൈക്കോടതി താക്കീത് നല്‍കി. ദേശീയ പാതയില്‍ അല്ലെങ്കില്‍ അപേക്ഷ പരിഗണിക്കാനാണ് കോടതി നിര്‍ദേശിച്ചതെന്നും അല്ലാതെ മദ്യശാലകള്‍ എല്ലാം തുറക്കാന്‍ പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഉത്തരവില്‍ സര്‍ക്കാരിന് വ്യക്തതയില്ലായിരുന്നെങ്കില്‍ കോടതിയെ സമീപിക്കണമായിരുന്നു അല്ലാതെ ബാറുകള്‍ക്ക് വേണ്ടി കോടതിയുടെ ചുമലില്‍ ചാരി വെടിവെയ്ക്കരുത്. മദ്യശാലകള്‍ തുറക്കുന്നതിനെതിരായി നല്‍കിയ ഹര്‍ജിയില്‍ വിധി പറയും വരെ ബാറുകള്‍ തുറക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.