പള്ളികളുടെ മുന്നില്‍ അനധികൃത പാര്‍കിംഗ്; 700 ദിര്‍ഹം വരെ പിഴ

Posted on: June 6, 2017 4:20 pm | Last updated: June 6, 2017 at 4:02 pm

ഷാര്‍ജ: പള്ളികളുടെ മുന്നില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക് ചെയ്താല്‍ 700 ദിര്‍ഹം പിഴചുമത്തുമെന്ന് ഷാര്‍ജ പോലീസ്. പാര്‍കിംഗ് ഫീസ് ഒഴിവാക്കുന്നതിന് പള്ളികളുടെ മുന്നില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് പിടികൂടിയാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ഏര്‍പ്പെടുത്തുമെന്ന് ഷാര്‍ജ പോലീസ് ട്രാഫിക് അവെയര്‍നെസ്സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്‍ റഹ്മാന്‍ ഖാതര്‍ പറഞ്ഞു. ട്രാഫിക് നിയമം ആര്‍ടിക്കിള്‍ 41 അനുസരിച്ചാണ് പിഴ ഈടാക്കുക. വാഹന പാര്‍കിംഗ് ഫീസ് ഒഴിവാക്കുന്നതിനു തറാവീഹ് നമസ്‌കാര സമയത്തു പള്ളികളുടെ സമീപ വശങ്ങളില്‍ അനധികൃതമായി പാര്‍കിംഗ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഗതാഗത സ്തംഭനം ഉണ്ടാക്കുന്നതിന് അധികമായി 200 ദിര്‍ഹം പിഴ ഏര്‍പ്പെടുത്തും, ഗതാഗത സ്തംഭനം ഉണ്ടക്കുകയെന്നതിനു പുറമെ ആംബുലന്‍സ് മറ്റ് രക്ഷാ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ എന്നിവ കടന്നു വരുന്നതിനു തടസ്സമാകും വിധത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താലാണ് 200 ദിര്‍ഹം അധികമായി പിഴ ചുമത്തുക. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളികളുടെ സമീപ വശമുള്ള നമസ്‌കാര സമയത്തെ അനധികൃത പാര്‍കിംഗിനെതിരെ ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
ഗതാഗത നിയമങ്ങള്‍ പാലിച്ചു നിര്‍ദിഷ്ട മേഖലകളില്‍ മാത്രം പാര്‍കിംഗ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ചിത്രങ്ങള്‍ ഷാര്‍ജ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.