ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; 31 പ്രതിഭകള്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മാറ്റുരച്ചു

Posted on: June 6, 2017 3:59 pm | Last updated: June 6, 2017 at 3:58 pm
അലി ഫൈളി

ദുബൈ: അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ ഇറാനിലെ പന്ത്രണ്ടുകാരനായ അലി ഫൈളി അഞ്ച് ജൂറികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കി ശ്രവണ സുന്ദരമായി പാരായണം ചെയ്തു ശ്രദ്ധയാകര്‍ഷിച്ചു. ഒരു തെറ്റു പോലുംസംഭവിക്കാതെ കഴിഞ്ഞ ദിവസം എട്ട് രാഷ്ട്രങ്ങളിലെ മത്സരാര്‍ഥികളില്‍ ഏറ്റവും മികവ് തെളിയിച്ച അലി ഇറാനില്‍ നടന്ന മത്‌സരങ്ങളില്‍ ഒന്നാമനായിരുന്നു. ദുബൈയിലും മുന്നിലെത്തുമെന്ന പ്രതീക്ഷയിലാണ്. ഇറാനിലെ തൂറജ്-സുമയ്യ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഏക ആണ്‍കുട്ടിയാണ്. സഹോദരി സഹ്‌റയും സൈനബയും അലിയെപ്പോലെ ഖുര്‍ആന്‍ മന:പ്പാഠമാക്കുന്നവരില്‍ മുന്നിലാണ്. സൈനബ 23 ജുസ്അ് ഇതിനകം മന:പ്പാഠമാക്കി അലിയോടൊപ്പം എത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അലിയോടൊപ്പം വന്ന പിതാവ് തൂറജും വളരെ ആവേശത്തോടെ മകന്റെ വിജയത്തിന് കാത്തിരിക്കുകയാണ്. പുണ്യമാസത്തില്‍ ദുബൈ ലോകത്തെ ശ്രദ്ധ പിടിച്ചു പറ്റി മാതൃകയാകുന്നതായി ഈ സംരംഭത്തെ കുറിച്ചു തൂറജ് ഓര്‍ത്തു.

ഇന്നലെ സെന്‍ട്രല്‍ ആഫ്രിക്ക, ഇറാഖ്, നെതര്‍ലാന്‍ഡ്, ഖത്വര്‍, തായ്‌ലാന്‍ഡ്, ഉഗാണ്ട, മ്യാന്‍മര്‍, ജിബൂത്തി എന്നീ രാജ്യങ്ങളിലുള്ളവര്‍ തമ്മിലായിരുന്നു മത്സരം. ഇന്ന് മൗറിത്താനിയ, തുര്‍ക്കി, സോമാലിയ, റഷ്യ, ബ്രൂണ, മാലദീപ്, ഗുനിയാ ബിസാഉ, കോട്ദിവോറിയ എന്നീരാജ്യങ്ങളിലെ എട്ട് പ്രതിഭകള്‍മാറ്റുരക്കും. കഴിഞ്ഞ വര്‍ഷങ്ങളെപ്പോലെ പരിപാടി ശ്രവിക്കാനെത്തുന്നവര്‍ക്ക് സമ്മാന കൂപ്പണുകള്‍ ഉണ്ട്.