ഇന്ത്യയിലെ പിടികിട്ടാപ്പുള്ളി വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനൊപ്പം

Posted on: June 6, 2017 2:42 pm | Last updated: June 6, 2017 at 5:17 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോടൊപ്പം ഒളിവില്‍ പോയ വിവാദ വ്യവസായി വിജയ് മല്ല്യയുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. മനുഷ്യകടത്തിനെതിരെ ലണ്ടനില്‍ കോഹ്‌ലി നടത്തുന്ന ജസ്റ്റിസ് ആന്‍ഡ് കെയര്‍ ഓര്‍ഗനയിസേഷന്റെ ഫണ്ട് ശേഖരാണ ചടങ്ങിനാണ് വിജയ് മല്ല്യയും പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡിയോയില്‍ കാറില്‍ നിന്നിറങ്ങുന്ന വിജയ് മല്ല്യയുടെ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും.

ഇന്ത്യ-പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി കാണാനെത്തിയ വിജയ് മല്യ.

ഇന്ത്യ-പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി മത്സരം കാണാനും വിജയ് മല്ല്യ എത്തിയിരുന്നു. ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലിരുന്ന് വിജയ് മല്ല്യ മത്സരം കാണുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് കോഹ്‌ലിയുടെ സന്നദ്ധ സേവന സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിജയ് മല്ല്യ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ വിജയ് മല്ല്യയെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറിനൊപ്പം വിജയ് മല്ല്യ നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നേരത്തെ ഐ.പി.എല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഉടമയായിരുന്ന മല്ല്യ സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് മേധാവിസ്ഥാനം ഒഴിഞ്ഞത്.