ഖത്തർ പ്രശ്ന‌ം: തുർക്കിയും കുവെെത്തും മധ്യസ്ഥ ചർച്ചകൾ തുടങ്ങി

Posted on: June 6, 2017 11:26 am | Last updated: June 6, 2017 at 6:08 pm

ദോഹ: അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ഖത്തറിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും തുര്‍ക്കിയും ഇടപെടുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെയും കുവൈത്ത് അമീര്‍ സബാഹ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും നേതൃത്വത്തിലാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത്.

ഖത്തര്‍ അമീറുമായി കുവൈത്ത് അമീര്‍ ഇന്നലെ ബന്ധപ്പെട്ടിരുന്നു. പ്രകോപനപരമായ സമീപനങ്ങള്‍ ഒന്നും സ്വീകരിക്കരുതെന്ന് അദ്ദേഹം ഖത്തറിനോട് അഭ്യര്‍ഥിച്ചു. കുവൈത്തിലെ പാര്‍ലിമെന്റും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഖത്തറും മറ്റു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ ദുഃഖിതനാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മേവുളു കവുസോഗുളു പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗള്‍ഫ് സാധാരണ നിലയിലാകാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് തുര്‍ക്കി.