Connect with us

Ramzan

നല്ല നോമ്പുകാരന്‍

Published

|

Last Updated

നിയ്യത്തോടുകൂടി ഒരു പകലില്‍ നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങള്‍ വര്‍ജിക്കുക- ഇതാണ് നോമ്പിന്റെ ഘടകങ്ങള്‍. അനുവദനീയമോ നിഷിദ്ധമോ ആയ ഭോജനവും പാനം ചെയ്യലും ലൈംഗിക വേഴ്ചയും നോമ്പ് മുറിക്കുന്ന കാര്യത്തില്‍ സമമാണ്. അനുവദനീയമായതുകൊണ്ടാണ് മുറിച്ചതെങ്കില്‍ നോമ്പ് നഷ്ടപ്പെടുകയും നഷ്ടപ്പെടുത്തിയതിന് കുറ്റക്കാരനാകുകയും ചെയ്യും. നിഷിദ്ധമായവകൊണ്ടാണ് നോമ്പ് നഷ്ടപ്പെടുത്തിയതെങ്കില്‍ നിഷിദ്ധപ്രവര്‍ത്തനം ചെയ്തതിന് അധിക ശിക്ഷയുണ്ടാകും. അത് റമസാനിലായതിതിന്റെ പേരില്‍ ഗുരുതരമാകുകയും ചെയ്യും.

നോമ്പിന്റെ കേവലമായ അവസ്ഥ സാധിക്കണമെങ്കില്‍ തന്നെ ഉപരികാര്യങ്ങള്‍ പാലിച്ചിരിക്കണം. നിയ്യത്ത് ചെയ്യാതെ നോമ്പില്‍ പ്രവേശിക്കാത്തവന് റമസാന്റെ മഹത്വത്തോടെയുള്ള നോമ്പ് നഷ്ടമാകും സംഭവിക്കുക. അകാരണമായും മനഃപൂര്‍വവും നോമ്പില്‍ പ്രവേശിക്കാതിരിക്കാനും തുടങ്ങിയ നോമ്പ് മുറിക്കാനും പാടില്ല. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ നോമ്പനുഷ്ഠിക്കല്‍ എന്ന ബാധ്യത നിറവേറാന്‍ രണ്ട് ഘടകങ്ങള്‍ പാലിച്ചിരിക്കണം.

മനസ്സും ശരീരവും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ കാര്യങ്ങളിലുള്ള താത്കാലിക നിയന്ത്രണമാണ് നോമ്പ്. എന്നാല്‍, നോമ്പിന്റെ ചൈതന്യം സുരക്ഷിതമാകാന്‍ മനസാ വാചാ കര്‍മണാ നിഷിദ്ധങ്ങള്‍ വര്‍ജിക്കേണ്ടത് പ്രധാനമാണ്. നബി(സ) പറഞ്ഞു: “മോശം വര്‍ത്തമാനവും പ്രവര്‍ത്തനവും ഉപേക്ഷിക്കാത്തവന്‍ അന്നപാനാദികള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന് ആവശ്യമില്ല (ബുഖാരി). ശരിയല്ലാത്തതെല്ലാം നോമ്പിനെ ചൈതന്യരഹിതമാക്കി “അന്നപാനാദികള്‍ ഉപേക്ഷിക്കലാക്കി” മാറ്റുമെന്നാണീ നബി വചനം പഠിപ്പിക്കുന്നത്.
മറ്റൊരു ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: നിങ്ങളിലാരെങ്കിലും നോമ്പുകാരനായാല്‍ അവന്‍ ലൈംഗിക വികാര വൃത്തികളിലേര്‍പ്പെടരുത്. അറിവില്ലായ്മ കാണിക്കരുത്. അവനെ ആരെങ്കിലും അസഭ്യം പറയുകയോ അവനോടാരെങ്കിലും കലഹത്തിന് വരികയോ ചെയ്താല്‍ “ഞാന്‍ നോമ്പുകാരനാണ്” എന്ന് പറയട്ടെ(മുസ്‌ലിം). നോമ്പിന്റെ ചൈതന്യം ഇല്ലാതാക്കാന്‍ സ്വേഷ്ട പ്രകാരമോ സാഹചര്യം നിര്‍ബന്ധിച്ചാലോ നോമ്പുകാരന്‍ മുതിരാന്‍ പാടില്ല. അത് നോമ്പിനെ സാരമായി ബാധിക്കുന്ന കാര്യമാണ്.

ഇമാം ബൈളാവി(റ)യെ ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) ഉദ്ധരിക്കുന്നു: നോമ്പ് നിയമമാക്കിയതിന്റെ ഉദ്ദേശ്യം വിശപ്പോ ദാഹമോ അല്ല. മറിച്ച്, അതിനെ തുടര്‍ന്ന് വികാരനിയന്ത്രണവും തിന്മക്ക് പ്രേരിപ്പിക്കുന്ന മാനസികാവസ്ഥയെ ശാന്തമായ മാനസികാവസ്ഥക്ക് വശപ്പെടുത്തുലും കൂടിയാണ്. അത് സാധ്യമല്ലെങ്കില്‍ സ്വീകാര്യതയുടെ നോട്ടം അല്ലാഹുവില്‍ നിന്നുണ്ടാകില്ല. അതിനാല്‍, അത് സ്വീകാര്യമല്ല എന്ന് തന്നെയാണ് ഹദീസിലെ “അല്ലാഹുവിനാവശ്യമില്ല” എന്ന വചനത്തിന്റെ അര്‍ഥം. (ഫത്ഹുല്‍ ബാരി). അനാവശ്യ പ്രവര്‍ത്തനങ്ങളുടെയും വാക്കുകളുടെയും നോമ്പാക്രമണത്തിന്റെ ഗൗരവത്തെയാണ് ഇത് കുറിക്കുന്നത്. ഇമാം തഖിയുദ്ദീനു സ്സുബുകി(റ)യും ഇതേ നിലപാടാണ് സ്വീകരിച്ചത്.

മറ്റു ഇബാദത്തുകളും അല്ലാഹുവിന് വേണ്ടി തന്നെയാണ് എന്നിരിക്കെ അല്ലാഹു അല്ലാഹു സ്വന്തത്തിലേക്ക് ചേര്‍ത്ത് പറഞ്ഞുവെന്നത് നോമ്പിന്റെ സവിശേഷതയാണ്. ഇങ്ങനെ അല്ലാഹു തന്നിലേക്കടുപ്പിച്ച് പറഞ്ഞ ഒരനുഷ്ഠാനത്തെ അലങ്കോലപ്പെടുത്തുമ്പോഴാണ് “അത് അല്ലാഹുവിന് ആവശ്യമില്ല” എന്ന് നബി(സ) പറഞ്ഞത്.
നോമ്പ് അല്ലാഹുവിനുള്ളതാണ് എന്ന് പറഞ്ഞതിന്റെ യാഥാര്‍ഥ്യമിതാണ്. “മനുഷ്യന്റെ പ്രവര്‍ത്തനത്തിലോ വാക്കിലോ നോമ്പ് പ്രത്യക്ഷമായി കാണില്ല. അത് അവന്റെ തീരുമാനമാണ്. അതടിസ്ഥാനത്തില്‍ അവന്‍ നിയന്ത്രിതനാവലുമാണ്. അല്ലാഹുവിന് മാത്രമാണ് അതിന്റെ നിജസ്ഥിതി അറിയുക. അത് നന്മതിന്മകള്‍ രേഖപ്പെടുത്തുന്നവര്‍ക്ക് വ്യക്തമാകാത്തതിനാല്‍, നിസ്‌കാരവും ദിക്‌റുകളും ദാനങ്ങളും മറ്റു പ്രത്യക്ഷമായ സദ്കര്‍മങ്ങളും രേഖപ്പെടുത്തുന്ന പോലെ അവരത് രേഖപ്പെടുത്തുകയില്ല. കാരണം, ശരീരത്തില്‍ നോമ്പ് എന്നാല്‍, തിന്നലും കുടിക്കലും വര്‍ജിക്കലല്ല. നിയ്യത്തും അതനുസരിച്ച ഉറച്ച വിശ്വാസവും പ്രവര്‍ത്തനവുമാണ്. അങ്ങനെയാണ് അവനില്‍ നിന്ന് അന്നപാനാദികളും ലൈംഗിക വൃത്തിയും ഉപേക്ഷിക്കലുണ്ടാവുന്നത്. എല്ലാം അല്ലാഹുവിന് വേണ്ടി മാത്രം. (അല്‍ ഇസ്തിദ്കാര്‍)

അതീവരഹസ്യമായ ഒരു കര്‍മത്തിന്റെ മഹത്വം പൂര്‍ണമായി നേടിയെടുക്കാനാണ് വിശ്വാസി പരിശ്രമിക്കേണ്ടത്. അതിനായി അവന്‍ ഭക്ഷണവും മറ്റും വര്‍ജിക്കുന്നു. അതാകട്ടെ, അവന്റെ ശാരീരികമായ ആവശ്യത്തെ മാറ്റിവെക്കലാണ്. എന്നിരിക്കെ അതിനോടിണങ്ങാത്ത അരുതായ്മകളായ വാക്കുകളും പ്രവര്‍ത്തനങ്ങളും ചേര്‍ത്ത് വെക്കുന്നത് അപരാധമല്ലെങ്കില്‍ പിന്നെന്താണ് അപരാധമാകുക? അതൊരു കഠിനമായ കുറ്റമായിത്തീരുന്നതിനാല്‍ അതില്‍ നിന്നകന്ന് നില്‍ക്കാന്‍ നബി(സ) നമ്മെ ഓര്‍മപ്പെടുത്തുകയാണ്.

വിശ്വാസികള്‍ അല്ലാത്തവര്‍ക്കും സാധിക്കുന്നതാണ് പട്ടിണി കിടക്കലും ലൈംഗിക നിരാസവും. മറ്റു ഇബാദത്തുകളെ പോലെയല്ല, പ്രത്യക്ഷത്തില്‍ തന്നെ നോമ്പ്. നിയ്യത്തും അതിന്റെ താത്പര്യങ്ങളും മാറ്റിവെച്ചാല്‍ ഉപവാസത്തെ അനുഷ്ഠിക്കുന്ന പലരും നമുക്കിടയിലുണ്ട്. കൃത്യമായി നോമ്പുകാരെ പോലെ തന്നെ ഉപവസിക്കുന്നവര്‍ നോമ്പിന്റെ ശാരീരിക ഗുണം അനുഭവിക്കുന്നുമുണ്ട്. അതിനാല്‍ തന്നെ, കൃത്യമായും ഒരു യാഥാര്‍ഥ നോമ്പ് സാധിക്കണമെങ്കില്‍ മറ്റു ചേരുവകളും കൂടി വേണം. അതില്‍ പ്രധാനം മാറ്റ് കുറക്കുന്നവയുടെ തിരസ്‌കാരമാണ്. അപ്പോള്‍ നോമ്പിന്റെ യാഥാര്‍ഥ്യമെന്നത് നിയ്യത്തിന്റെ താത്പര്യത്തെ പൂര്‍ണമായി സാധൂകരിക്കലാണ്.

പകലന്തിയോളം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മത്തിനിടയില്‍ അതിനിണങ്ങാത്ത കാര്യങ്ങളെ ഉള്‍പ്പെടുത്തുന്നത് പ്രഥമദൃഷ്ട്യാ തന്നെ ശരിയല്ലല്ലോ. അതിനാലാണ് നോമ്പുകാരനോട് കലഹിക്കാനും അവനെ അസഭ്യം പറയാനും വരുന്നവരോട് “ഞാന്‍ നോമ്പുകാരനാണ്” എന്ന് പറയാന്‍ നിര്‍ദേശിക്കപ്പെട്ടത്.
നോമ്പിന്റെ സമയദൈര്‍ഘ്യം മൂലം അതിനെക്കുറിച്ച വിചാരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. അത്തരം ഘട്ടത്തിലുണ്ടാകുന്ന കാര്യങ്ങള്‍ നോമ്പിനെ ബാധിക്കില്ല. പക്ഷേ, മനഃപൂര്‍വവും ബോധത്തോടെയും ആണെങ്കില്‍ അത് നോമ്പിന് ആഘാതമേല്‍പ്പിക്കുക തന്നെ ചെയ്യും. നോമ്പിന് നബി(സ)നല്‍കിയ ഒരു വിശേഷണം അത് “അമാനത്താ”ണ് എന്നത്രേ. വിശ്വസിച്ചേല്‍പ്പിച്ചതാണെന്നര്‍ഥം. തുടര്‍ന്ന് നബി(സ) പറയുന്നു, അതിനാല്‍ തന്റെ അടുത്തേല്‍പ്പിക്കപ്പെട്ട അമാനത്തിനെ അവന്‍ സൂക്ഷിച്ചുകൊള്ളട്ടെ. നോമ്പിനെ അല്ലാഹു നമ്മെ ഏല്‍പ്പിച്ചതാണ്. ജീവിതവും ആരോഗ്യവും സൗകര്യവും തന്ന് നിശ്ചിത സമയങ്ങളില്‍ നാമതനുഷ്ഠിച്ച് ബാധ്യത നിറവേറ്റണം. അല്ലാഹുവിന് വേണ്ടി മാത്രം നിര്‍വഹിക്കപ്പെടുന്ന നോമ്പിനെ ഒരു പോറലുമേല്‍പ്പിക്കാതെ നാം പൂര്‍ത്തീകരിച്ചാല്‍ ലഭിക്കുന്ന സൗഭാഗ്യങ്ങളും പ്രതിഫലവും മഹത്തായതാണ്. അവനെ കാണാനുള്ള ഉപാധിയും തിരുമുല്‍കാഴ്ചയുമാണത്. വലിയത് നേടാനുള്ള ഉപാധിയും അതിന് അനുയോജ്യമായിരിക്കണം. ന്യൂനമായത് ആകരുത്. ഈ നിലപാടാണ് വിശ്വാസിയുടെ നോമ്പിനെ കൂടുതല്‍ മാറ്റുള്ളതാക്കി നിലനിര്‍ത്താന്‍ പ്രചോദനമാകേണ്ടത്.

ഇഷ്ടമില്ലാത്ത വാക്കുകളോടും പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാനുള്ള പ്രകൃതിപരമായ മനുഷ്യന്റെ ആവേശത്തെ കടിഞ്ഞാണിടുന്നതില്‍ വിജയിക്കുന്നതിന് സ്വന്തത്തെ ഓര്‍മപ്പെടുത്തല്‍ ഉപകരിക്കാതിരിക്കില്ല. മറുത്തു പറയാന്‍ നാവുയര്‍ത്തുന്നതിന് പകരം, “നിനക്ക് പോകാം” എന്നെ നിനക്ക് വഴിതിരിക്കാനാകില്ല എന്ന സന്ദേശമാണാ വാചകത്തിനുള്ളത്. “ഞാനെന്റെ നാവിനെ അതന്റെ സംരക്ഷണാര്‍ഥം സൂക്ഷിച്ചു ഭദ്രമാക്കി വെച്ചിരിക്കുകയാണ്. നിന്നോട് മറുപടി പറയാന്‍ ഞാനെങ്ങനെയാണതിനെ സ്വതന്ത്രമാക്കുക” (ഇഹ്‌യാ ഉലൂമുദ്ദീന്‍)

നോമ്പിലും അല്ലാത്തപ്പോഴും വര്‍ജ്യമായതിനെ വര്‍ജിച്ചനുഷ്ഠിക്കേണ്ടതാണ് നോമ്പ്. അതിനാല്‍ തന്നെ “നോമ്പ്” (സൗമ്) എന്ന പദം വിളംബരപ്പെടുത്തുന്ന ആശയത്തെ അനുവര്‍ത്തിക്കുന്നവനാണ് യഥാര്‍ഥ നോമ്പുകാരന്‍. അനാവശ്യം പറയാത്ത, ചെയ്യാത്ത, നോമ്പിന്റെ മഹത്വത്തെ മാനിക്കുന്നവനാണ് നോമ്പിന്റെ നേട്ടങ്ങള്‍ സാധിക്കുന്ന ഭാഗ്യവാനായ മാതൃകാ നോമ്പുകാരന്‍. അതോടൊപ്പം നിര്‍ബന്ധകര്‍മങ്ങളെ കൂടാതെ ഐച്ഛിക കര്‍മങ്ങളും ശീലങ്ങളും അനുവര്‍ത്തിച്ച് അധിക പുണ്യം നേടുന്നവനും അവന്‍ തന്നെ.

Latest